പത്തനാപുരം: കൊല്ലത്തു നിന്ന് കോന്നിയിലേക്ക് ആറു ബൈക്കുകളിലായി ഉല്ലാസ യാത്ര പോയ, വാട്സ് ആപ്പ് കൂട്ടായ്മിൽ അംഗങ്ങളായ പന്ത്രണ്ടംഗ സംഘത്തിലെ രണ്ടു യുവാക്കൾ പത്തനാപുരത്തിന് സമീപം സ്വകാര്യ ബസിടിച്ച് മരിച്ചു. സംഘത്തിലുണ്ടായിരുന്ന രണ്ടു പേർക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് പരിക്കേറ്റു.
കല്ലുവാതുക്കൽ പാറയിൽ സനു ഭവനിൽ സാബു-റോസമ്മ ദമ്പതികളുടെ മകൻ സജു സാബു (20), കൊല്ലം ആദിച്ചനല്ലൂർ കുമ്മല്ലൂർ അശ്വതി ഭവനിൽ സുരേഷ് കുമാർ-ലത ദമ്പതികളുടെ മകൻ അരുൺ സുരേഷ് (20) എന്നിവരാണ് മരിച്ചത്. മൈലക്കാട് പ്ലാവിള വീട്ടിൽ ഹുസൈൻ (20), ചാത്തന്നൂർ അൽ അമീൻ മൻസിലിൽ അർഷാദ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ മകനായ അരുൺ കൊല്ലത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. അഞ്ജലിയാണ് സഹോദരി. കല്ലമ്പലത്തുളള മാരുതി ഷോറൂമിലെ ജീവനക്കാരനായിരുന്നു സജു സാബു. സനുവാണ് സഹോദരൻ.
പത്താം ക്ളാസുവരെ ഒന്നിച്ചു പഠിച്ചവരുടെ വാട്സ് ആപ്പ് കൂട്ടായ്മിൽ അംഗങ്ങളായ ഇവർ സുഹൃത്ബന്ധം ആഘോഷിക്കാൻ കോന്നിയിലെ അടവിയിലേക്ക് പോവുകയായിരുന്നു. പുനലൂർ കായംകുളം പാതയിൽ പത്തനാപുരം പുതുവലിലാണ് അപകടം നടന്നത്.
വഴിതെറ്റി തിരികെ വരുമ്പോൾ
പത്തനാപുരം കല്ലുംകടവിൽ വച്ച് വഴി തെറ്റിയ ഇവർ കോന്നി ഭാഗത്തേക്ക് പോകുന്നതിന് പകരം അടൂരിലേക്ക് പോവുകയായിരുന്നു. കുറേ ദൂരം സഞ്ചരിച്ച് വഴിതെറ്റിയെന്ന് മനസിലാക്കി തിരികെ വരുമ്പോഴാണ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. പത്തനാപുരത്ത് നിന്നു അടൂരിലേക്ക് പോകുകയായിരുന്നു ബസ്. ഇരുചക്രവാഹനം ബസിനടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു.
ഏറെ പ്രയാസപ്പെട്ടാണ് അരുണിനെ പുറത്തെടുത്തത്. ബൈക്കിന്റെ പിന്നിലിരുന്ന സജു സാബു തെറിച്ച് ദൂരെ തലയിടിച്ച് വീണ് തൽക്ഷണം മരിച്ചു. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അരുണിന്റെ അന്ത്യം. പത്തനാപുരത്ത് നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് ബസിനടിയിൽ നിന്ന് വാഹനം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.