mamata

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ സമരം നടത്തുന്ന ‌ഡോക്ടർമാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതായും തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ സമരം സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്ന് കേന്ദ്രസർക്കാർ ബംഗാളിനോട് ആവശ്യപ്പെട്ടിരുന്നു. ഡോക്ടറെ മർദ്ദിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ മമതാ ബാനർജിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ നടപടി.

എല്ലാ ഡോക്ടർമാരും ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. ആയിരകണക്കിന് പേർ ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുകയാണ്.. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നു. മന്ത്രിമാരേയും പ്രിൻസിപ്പൽ സെക്രട്ടറിമാരേയും ചർച്ചയ്ക്ക് അയക്കാം. ഇന്നലെ അവർ അഞ്ച് മണിക്കൂറോളം കാത്തിരുന്നു. എന്നാൽ ഡോക്ടർമാർ ചർച്ചയ്ക്ക് എത്തിയില്ല. ഭരണഘടനാ സംവിധാനങ്ങളോട് ബഹുമാനം വേണമെന്നും മമത പറഞ്ഞു.

രോഗിയുടെ ബന്ധുക്കൾ ഒരു ജൂനിയർ ഡോക്ടറെ മർദ്ദിച്ചതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമായി ഡോക്ടർമാർ പ്രതിഷേധ സമരം ആരംഭിച്ചത്. പ്രതിഷേധം രാജ്യമൊട്ടാകെ വ്യാപിക്കുകയും ചെയ്തിരുന്നു. മർദ്ദനമേറ്റ ഡോക്ടറെ സന്ദർശിക്കാനും അവിടെ വെച്ച് ചർച്ച നടത്താനും സമരക്കാർ മമതയോട് ആവശ്യപ്പെട്ടിരുന്നു.