ഖാർത്തും: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ സമരക്കാർക്കുനേരെ വ്യാപകലൈംഗിക അതിക്രമം നടന്നെന്ന് റിപ്പോർട്ട്. ജനകീയ സർക്കാരിനു വേണ്ടി പ്രതിഷേധം തുടരുന്ന പ്രക്ഷോഭകരിൽപ്പെട്ട എഴുപതിലേറെ വനിതകളെ ഉൾപ്പെടെയാണ് പാരാമിലിട്ടറി അംഗങ്ങൾ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ യു.എൻ മനുഷ്യാവകാശ കൗൺസിൽ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടു.
സുഡാൻ തലസ്ഥാനമായ ഖാർത്തുമിലെ സൈനിക കേന്ദ്രത്തിനു മുന്നിൽ പ്രക്ഷോഭം തുടരുന്നതിനിടെ പ്രതിഷേധക്കാർക്കു നേരെ ഈ മാസം മൂന്നിന് സൈന്യം അക്രമം അഴിച്ചുവിടുകയായിരുന്നു. തുടർന്നു നടന്ന അക്രമത്തിൽ 100ലേറെ പേർ കൊല്ലപ്പെട്ടതായും 700ലേറെ പേർക്കു പരുക്കേറ്റതായും മരിച്ചവരിൽ 19 പേർ കുട്ടികളാണെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, പ്രക്ഷോഭം അടിച്ചമർത്താൻ നടത്തിയ ചിലകാര്യങ്ങളിൽ തെറ്റ് പറ്റിയെന്ന് സൈന്യം സമ്മതിച്ചു. സൈനിക കേന്ദ്രത്തിനു നേരെ നടന്ന അതിക്രമം തടയാനെന്ന പേരിൽ നടത്തിയ തിരച്ചിലുകൾക്കിടെയായിരുന്നു ബലാത്സംഗങ്ങൾ. മനുഷ്യാവകാശ പ്രവർത്തകരായ വനിതകളും പീഡനത്തിനിരയായെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം, സുഡാനിൽ ആഭ്യന്തരകലാപം രൂക്ഷമാവുകയാണ്. ഡാർഫുർ മേഖലയിലേക്കും കലാപം പടർന്നിട്ടുണ്ട്. ഇവിടെ 17 പേർ കൊല്ലപ്പെട്ടതായി യു.എൻ സ്ഥിരീകരിച്ചു. ദെലെയ്ജ് ഗ്രാമത്തിൽ നൂറിലേറെ വീടുകൾക്കും തീയിട്ടു.