air-india-

ന്യൂഡൽഹി: എയർ ഇന്ത്യ ന്യൂഡൽഹിയിൽ നിന്ന് കെനിയൻ തലസ്ഥാനമായ നെയ്‌റോബി, ഇൻഡോനേഷ്യയിലെ ബാലി, കാനഡയിലെ ടൊറന്റോ എന്നിവിടങ്ങളിലേക്ക് നോൺ-സ്‌റ്റോപ്പ് സർവീസുകൾ തുടങ്ങുന്നു. ശീതകാല ഷെഡ്യൂളിൽ ഈ സർവീസുകൾ ഉൾപ്പെടുത്തും. നിലവിൽ ഡൽഹിയിൽ നിന്ന് ബാലിക്കും നെയ്‌റോബിക്കും നേരിട്ടുള്ള സർവീസുകളില്ല. കനേഡിയൻ വ്യോമയാന കമ്പനിയായ എയർ കാനഡ, ഡൽഹിയിൽ നിന്ന് ടൊറന്റോയിലേക്ക് പ്രതിദിന സർവീസ് നടത്തുന്നുണ്ട്.

ഒക്‌ടോബറിൽ നിലത്തിറക്കിയ 17ഓളം വിമാനങ്ങളെ വീണ്ടും സജീവമാക്കുകയും പുതിയ സർവീസുകളിലൂടെ എയർ ഇന്ത്യ ലക്ഷ്യമിടുന്നു. എയർ ഇന്ത്യ ഡൽഹി-ടൊറന്റോ സർവീസ് സെപ്‌തംബർ 27ന് തുടങ്ങുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്‌തു. ആഴ്‌ചയിൽ മൂന്നു ദിവസമായിരിക്കും സർവീസ്. ബാലി, നെയ്‌റോബി സർവീസുകളുടെ തീയതി പിന്നീടറിയിക്കും. മുംബയിൽ നിന്ന് ഹോങ്കോംഗിലേക്ക് നേരിട്ടുള്ള സർവീസും എയർ ഇന്ത്യ ആലോചിക്കുന്നുണ്ട്. പുതിയ സർവീസുകളിലൂടെ വിപണി വിഹിതം ഉയർത്താനും എയർ ഇന്ത്യ ലക്ഷ്യമിടുന്നു.

പൊതുമേഖലയിലെ ഏക വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ വിപണി വിഹിതം 2017-18ലെ കണക്കനുസരിച്ച് 10.4 ശതമാനമാണ്. വൻ കടബാദ്ധ്യതയുള്ള എയർ ഇന്ത്യ, കേന്ദ്രസർക്കാരിന്റെ രക്ഷാപാക്കേജിന്റെ പിൻബലത്തിലാണ് പ്രവർത്തിക്കുന്നത്. ഇന്ധനവില വർദ്ധന, ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്‌താന്റെ വ്യോമമേഖലയിലുള്ള വിലക്ക് എന്നിവമൂലം ഇപ്പോൾ പ്രതിദിനം ആറുകോടി രൂപയുടെ നഷ്‌ടം കമ്പനി നേരിടുന്നുണ്ട്. പാകിസ്‌താന് മുകളിലൂടെ പറക്കാനാവാത്തതിനാൽ അമേരിക്ക, യൂറോപ്പ് കേന്ദ്രീകരിച്ചുള്ള സർവീസുകളുടെ പറക്കൽ സമയം കൂടിയതാണ് തിരിച്ചടിയാകുന്നത്.