പാക്കിസ്ഥാനിൽ മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നത് ഫേസ്ബുക്കിൽ ലൈവായി നൽകുന്നതിനിടെ സംഭവിച്ച അബദ്ധം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യ മന്ത്രിസഭാ തീരുമാനങ്ങൾ വിവരിക്കുന്നതിനിടെയാണ് പേജ് അഡ‌്മിന് അബദ്ധം പിണഞ്ഞത്.
ഫേസബുക്ക് ലൈവ് നൽകുന്നതിനിടെ ഉദ്യോഗസ്ഥന്റെ കൈ അറിയാതെ കാറ്റ് ഫിൽറ്ററിൽ തട്ടുകയായിരുന്നു. ഇതോടെ വീഡിയോയിൽ മന്ത്രിമാരുടെ മുഖത്ത് പൂച്ചയുടെ ചെവിയും മീശയും പ്രത്യക്ഷപ്പെട്ടു.
സ്നാപ്ചാറ്റിൽ അവതരിപ്പിച്ച കാറ്റ് ഫിൽട്ടർ മനുഷ്യമുഖം താനെ തിരിച്ചറിഞ്ഞ് മേക്കപ്പ് ചെയ്യുന്ന ആപ്ലിക്കേഷനാണ്. ഈ ഫിൽട്ടറിൽ പൂച്ചയുടെ മീശയും ചെവിയും മൂക്കും താനെ മുഖത്ത് ചേർക്കപ്പെടും. ദൃശ്യത്തിലെ ആളിന്റെ ചലനങ്ങൾക്കനുസരിച്ച് ചെവിയും മീശയും താനെ നീങ്ങും.
അബദ്ധം സംഭവിച്ചപ്പോൾ ഷൗക്കത്ത് യൂസുഫ്സായ് ആണ് സംസാരിച്ചുകൊണ്ടിരുന്നത്. ലൈവ് കണ്ടുകൊണ്ടിരുന്നവർ ഇക്കാര്യം ശ്രദ്ധിച്ചതോടെ അഡ്മിന് സന്ദേശം അയച്ച് അമളി ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നം പരിഹരിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ ഓൺലൈനിൽ പ്രചരിക്കുകയാണ്. സംഭവത്തിൽ ഫേസ്ബുക്ക് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
You can't beat this! Khyber Pakhtunkhwa govt's live presser on Facebook with cat filters.. 😹 pic.twitter.com/xPRBC2CH6y
— Naila Inayat नायला इनायत (@nailainayat) June 14, 2019