കൊച്ചി∙ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവരെ അംഗങ്ങളാക്കി വൻ അംഗത്വ ക്യാമ്പെയിൻ ആരംഭിക്കാൻ ബി.ജെ.പി സംസ്ഥാന ഘടകം ഒരുങ്ങുന്നു. ഇക്കാര്യത്തിൽ സംസ്ഥാന കോർ കമ്മിറ്റി യോഗം തീരുമാനമെടുത്തതായി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള അറിയിച്ചു. അടുത്ത മാസം ആറുമുതൽ 2020 ജനുവരി 31 വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ ബി.ജെ.പി അംഗസംഖ്യ 60 ലക്ഷമാക്കുകയാണു ലക്ഷ്യം.
പാർട്ടിക്ക് ദേശീയ തലത്തിലുണ്ടായ വളർച്ചയ്ക്കനുസരിച്ച് കേരളത്തിലും വളർച്ച കൈവരിച്ചു മുന്നോട്ടു പോകുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചതായും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതിനു പാർട്ടി കോർകമ്മിറ്റിയിലെ ആറ് അംഗങ്ങളെ യോഗം ചുമതലപ്പെടുത്തി.
വട്ടിയൂർക്കാവിൽ പാർട്ടി ജനറൽ സെക്രട്ടറി എം.ടി. രമേശിനും കോന്നി മണ്ഡലത്തിൽ ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, അരൂരിൽ കെ. സുരേന്ദ്രൻ, പാലായിൽ ശോഭാ സുരേന്ദ്രൻ, എറണാകുളം മണ്ഡലത്തിൽ മുൻ അദ്ധ്യക്ഷൻ സി.കെ. പത്മനാഭൻ, മഞ്ചേശ്വരത്ത് പി.കെ. കൃഷ്ണദാസ് എന്നിവർക്കായിരിക്കും ചുമതല.
കേരളത്തിൽ യഥാർഥ വളർച്ച ബി.ജെ.പിക്കാണെന്ന് സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നതു പാർട്ടിക്കു ലഭിച്ച അംഗീകാരമാണെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ശബരിമല വിഷയത്തിൽ വിശ്വാസികളെ സഹായിക്കുന്ന നിലപാടു തുടരും. വിശ്വാസത്തെ തൊട്ടുകളിച്ചതാണ് ബി.ജെ.പിക്ക് തിരിച്ചടിയായതെന്ന എൻ.എസ്.എസ് നിലപാടിനോടു പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജയും യോഗത്തിൽ പങ്കെടുത്തു.