niti

ന്യൂഡൽഹി: കാർഷികമേഖലയിലെ സമഗ്രപരിഷ്കരണത്തിന് ഉന്നതതലസമിതി രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന അഞ്ചാമത് നീതി ആയോഗ് ഗവേണിംഗ് കൗൺസിലിൽ തീരുമാനം. ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സമിതിയിലെ അംഗങ്ങളാകും.

കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും സമഗ്രമായ പഠനവും വികസനവുമാണ് ഉന്നതതല സമിതി ലക്ഷ്യം വയ്ക്കുക.

കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിനൊപ്പം കൈകോർക്കണമെന്നും ഇന്ത്യയെ 2024ൽ 5 ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാക്കാനുള്ള ലക്ഷ്യം വെല്ലുവിളിയാണെങ്കിലും നടപ്പാക്കാൻ കഴിയുന്ന ഒന്നാണെന്നും നീതി ആയോഗ് ഗവേണിംഗ് കൗൺസിലിൽ നരേന്ദ്രമോദി പറഞ്ഞു. സബ് കാ സാഥ് സബ് കാ വികാസ്, സബ് കാ വിശ്വാസ് എന്ന കേന്ദ്രസർക്കാരിന്റെ വികസന മുദ്രാവാക്യം നടപ്പാക്കുന്നതിൽ നീതി ആയോഗിന് നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങൾ തങ്ങളുടെ കാര്യപ്രാപ്‌തി തിരിച്ചറിഞ്ഞ് ജി.ഡി.പി ലക്ഷ്യം ഉയർത്താനുള്ള പ്രവർത്തനങ്ങൾ ജില്ലാ തലം മുതൽ നടപ്പാക്കണം. കയറ്റുമതി വർദ്ധിപ്പിക്കാനുള്ള യത്നത്തിൽ കേന്ദ്രസർക്കാരിനൊപ്പം സംസ്ഥാന സർക്കാരും കൈകോർക്കണം. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ എല്ലാവരും ഒന്നിച്ച് ദാരിദ്ര്യം, തൊഴിലില്ലായ്മ, വരൾച്ച, പ്രളയം, മലിനീകരണം, അഴിമതി, അക്രമം എന്നിവയ്‌ക്കെതിരെ പോരാടണം. 2022ൽ പുതിയ ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പൊതുലക്ഷ്യത്തോടെ എല്ലാവരും ഒന്നിക്കണം. മഹാത്മാ ഗാന്ധിയുടെ 150-ാം വാർഷികവും 2022ൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ലക്ഷ്യമിട്ടുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ ഇപ്പോഴേ ജോലി തുടങ്ങണം. ലഭ്യമായ ജലസ്രോതസുകളുടെ നിയന്ത്രണം പ്രധാനമാണ്. 2024ഒാടെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കാനാണ് ലക്ഷ്യം. പ്രധാനമന്ത്രി പറഞ്ഞു.

ആയുഷ്‌മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതിയിൽ ചേരാത്ത സംസ്ഥാനങ്ങൾ ഉടൻ മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സംസ്ഥാന മുഖ്യമന്ത്രിമാരും ലഫ്‌റ്റന്റ് ഗവർണർമാരും അമിത് ഷാ, രാജ്നാഥ് തുടങ്ങി എല്ലാ കേന്ദ്ര മന്ത്രിമാരും രാഷ്‌ട്രപതി ഭവനിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് എന്നിവർ വിട്ടു നിന്നു.

 നിരാശപ്പെടുത്തിയെന്ന് കേരളം

ആസൂത്രണ കമ്മിഷന് പകരം 2014ൽ വന്ന നീതി ആയോഗിന്റെ പ്രവർത്തനങ്ങൾ നിരാശാജനകമാണെന്ന് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ന‌ടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ആസൂത്രണ കമ്മിഷനിൽ നിന്ന് നീതി ആയോഗിലേക്കുള്ള മാറ്റം കേരളത്തിന് പഞ്ചവത്സര പദ്ധതികളിൽ ലഭിച്ചിരുന്ന സാമ്പത്തിക സ്രോതസ് ഇല്ലാതാക്കി.

പ്രളയ സമയത്ത് വിദേശ സഹായം തേടുന്നതിൽ കേന്ദ്രസർക്കാരിന്റെ കർക്കശമായ സാമ്പത്തിക നിയന്ത്രണങ്ങൾ തടസമായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.