pinarayi-vijayan

ന്യൂഡൽഹി : ആസൂത്രണ കമ്മിഷന് പകരം 2014ൽ വന്ന നീതി ആയോഗിന്റെ പ്രവർത്തനങ്ങൾ നിരാശാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ രാഷ്ട്രപതിഭവനിൽ ചേർന്ന നീതി ആയോഗ് ഭരണസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നീതി ആയോഗിന്റെ ഇന്നത്തെ നിലയിലുള്ള പ്രവർത്തനങ്ങൾ അപര്യാപ്തമാണെന്നും ആസൂത്രണ കമ്മിഷന് പകരമാകാൻ ഇതിന് കഴിഞ്ഞിട്ടില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ആസൂത്രണ കമ്മിഷനിൽ നിന്ന് നീതി ആയോഗിലേക്കുള്ള മാറ്റം കേരളത്തിന് പഞ്ചവത്സര പദ്ധതികളിൽ ലഭിച്ചിരുന്ന സാമ്പത്തിക സ്രോതസ് ഇല്ലാതാക്കി. പ്രളയ സമയത്ത് വിദേശ സഹായം തേടുന്നതിൽ കേന്ദ്രസർക്കാരിന്റെ കർക്കശമായ സാമ്പത്തിക നിയന്ത്രണങ്ങൾ തടസമായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

15-ാം ധനകാര്യ കമ്മീഷന്റെ പരിശോധനാ വിഷയങ്ങളിൽ കേരളം പങ്കുവച്ചിട്ടുള്ള ആശങ്കകൾ പരിഹരിക്കണം. കേന്ദ്രതലത്തിൽ പഞ്ചവത്സര പദ്ധതികൾഒഴിവാക്കിയതിന് ശേഷമുള്ള കേന്ദ്രപദ്ധതികളിൽ സംസ്ഥാന സർക്കാരുകൾക്ക് കൂടുതല്‍ വിഹിതം വഹിക്കേണ്ടി വരുന്നത് സംസ്ഥാന ഗവൺമെന്റ്കളുടെ ധനകാര്യ ശേഷി കുറയുന്നതിന് കാരണമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമിതിയുടെ അഞ്ചാമത്തെ യോഗമാണ് ഇന്ന് രാഷ്ട്രപതി ഭവനിൽ ചേര്‍ന്നത്. പശ്ചിമ ബംഗാൾ, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുത്തില്ല.