കോഴിക്കോട് : കലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ ഇന്നലെ തുടങ്ങിയ സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ പുരുഷവിഭാഗം ലോംഗ് ജമ്പിൽ തിരുവനന്തപുരത്തിന്റെ മുഹമ്മദ് അനീസ് റെക്കാഡോടെ സ്വർണം നേടി. 7.74 മീറ്ററാണ് അനസ് ചാടിയത്. പുരുഷ ഡിസ്കസ് ത്രോയിൽ പത്തനംതിട്ടയുടെ അർജുൻ എം. 44.65 മീറ്റർ എറിഞ്ഞ് റെക്കാഡിട്ടു. വനിതകളുടെ പോൾവാട്ടിൽ കൃഷ്ണ രചൻ 4 മീറ്റർ ചാടി റെക്കാഡിട്ടു. സിഞ്ചുപ്രകാശ്, നിവ്യ ആന്റണി, രേഷ്മ രവീന്ദ്രൻ, ദിവ്യമോഹൻ ആർഷ ബാബു എന്നിവർ നിലവിലെ റെക്കാഡ് മെച്ചപ്പെടുത്തി.
ആദ്യദിവസത്തെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ അഞ്ച് സ്വർണമുൾപ്പെടെ 104 പോയിന്റുമായി കോട്ടയം ജില്ലയാണ് മുന്നിൽ. നാല് സ്വർണമുൾപ്പെടെ 70 പോയിന്റുമായി എറണാകുളം രണ്ടാംസ്ഥാനത്തുണ്ട്.
ഇന്ത്യയ്ക്ക് ഇന്ന് ഫൈനൽ
ഭുവനേശ്വർ : എഫ്.ഐ.എച്ച്. സിരീസ് ഹോക്കി ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യൻ പുരുഷ ടീം ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. സെമിയിൽ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാരായ ജപ്പാനെ 7-2 നാണ് ഇന്ത്യ തകർത്തിരുന്നത്. അതേസമയം ഹിരോഷിമയിൽ തുടങ്ങിയ എഫ്.ഐ.എച്ച്.സിരീസ് വനിതാ ഹോക്കിയിലെ ആദ്യമത്സരത്തിൽ ഇന്ത്യ 4-1ന് ഉറുഗ്വെയെ കീഴടക്കി.