ഒമ്പതുവർഷം മുമ്പുള്ള ഡിസംബറിലെഒരു തണുത്ത പ്രഭാതം. ക്ഷണിക്കപ്പെട്ട അതിഥികൾ വീട്ടുമുറ്റത്തെ മരത്തണലിൽ ഒത്തുകൂടി. കുറച്ചുസമയത്തെ കാത്തിരിപ്പിനൊടുവിൽ പട്ടുസാരിക്കുപകരം മുണ്ടും നേര്യതും ഉടുത്ത് നവവധു എത്തി. മെയ്യിലെവിടെയും ഒരു തരി പൊന്നില്ല, പകരം കാതിലും കഴുത്തിലും മൺനിർമ്മിത ആഭരണങ്ങൾ, അതും പേരിനു മാത്രം. പരമ്പരാഗതമായ വിവാഹ ചടങ്ങുകളോ നാട്ടാചാരങ്ങളോ ഒന്നുമുണ്ടായില്ല. താലികെട്ടില്ലെങ്കിൽ പോട്ടെ, ഒരു തുളസിമാലയെങ്കിലും വധൂവരന്മാർ പരസ്പരം അണിയിക്കണമെന്ന് വധുവിന്റെ അമ്മ തങ്കമണി ടീച്ചർ ശാഠ്യം പിടിച്ചെങ്കിലും അതും വ്യർത്ഥമായി. പകരം ഒരു വൃക്ഷത്തൈ നട്ടുകൊണ്ട് ആലപ്പുഴ ഹരിപ്പാട് ദേശക്കാരി വാണിയും കണ്ണൂർ കണ്ണപുരം ദേശക്കാരൻ വിജിത്തും ജീവിത പങ്കാളികളായി.
നവദമ്പതിമാരുടെ മനസറിയുന്ന സുഹൃത്തുക്കൾ അവർക്ക് ഉപഹാരമായി നൽകിയതാകട്ടെ വൃക്ഷത്തൈകളും. അനന്തരം മംഗള കർമ്മത്തിൽ പങ്കെടുത്ത അറുനൂറോളം പേർക്ക് വിഭവസമൃദ്ധമായ സദ്യ. അതിനുമുണ്ട് പ്രത്യേകത. വിവാഹത്തിന് നാലുമാസം മുൻപ് വാണിയും വിജിത്തും സുഹൃത്തുക്കളും ചേർന്ന് വാണിയുടെ വീടിനടുത്തെ പാടത്ത് വിത്ത് വിതച്ച് കൊയ്തെടുത്ത നല്ല ഒന്നാന്തരം കുത്തരിച്ചോറായിരുന്നു സദ്യയിൽ നിറഞ്ഞു നിന്നത്. പിന്നെ അവർ തന്നെ വിളയിച്ചെടുത്ത പച്ചക്കറികളും.
ഇട്ടുമൂടാൻ പൊന്നു വേണമെന്ന് ശാഠ്യം പിടിക്കുന്ന മലയാളി പെൺകിടാങ്ങൾക്കും ആർഭാടത്തിന് പുതിയ ഭാഷ്യം ചമയ്ക്കുന്ന രക്ഷിതാക്കൾക്കും വാണിയുടെയും വിജിത്തിന്റെയും വിവാഹം തീർത്തും അത്ഭുതമാണ്. എന്നിരുന്നാലും, ചടങ്ങിന് നേതൃത്വം നൽകിയ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശിവപ്രസാദ് മാഷിനാകാട്ടെ മനം കുളിർക്കാൻ ഇതിൽപ്പരം മറ്റൊന്നില്ല. അച്ഛന്റെ സിനിമാ കൊട്ടകയോ നഗരമദ്ധ്യത്തിലെ കടമുറികളോ അവിടെയുള്ള ഒരേക്കർ ഭൂമിയോ ഒന്നും വാണി ആഗ്രഹിച്ചിട്ടില്ല. കാരണം മറ്റൊന്നല്ല, അവിടെ കൃഷിയിറക്കാൻ കഴിയില്ലല്ലോ എന്നതുതന്നെ. അല്ലെങ്കിൽ തന്നെ സ്വത്തിന്റെ നൂലാമാലകളെക്കുറിച്ച് ചിന്തിച്ച് സമയം കളയുവാൻ വാണിക്കും 'വിത്ത്" എന്ന് വിളിപ്പേരുള്ള വിജിത്തിനും സമയം എവിടെ? ഇവർക്ക് അന്നും ഇന്നും ഒരു ലഹരിയേയുള്ളൂ, അത് കൃഷിയാണ്.
ഒരു ഫ്ലാഷ്ബാക്ക് കഥ
കോടീശ്വരനായ അച്ഛൻ മകളെ ഒരു ഡോക്ടറാക്കാൻ ആഗ്രഹിച്ചു. എന്നാൽ മകളുടെ വഴി വേറിട്ടതായിരുന്നു. നല്ലൊരു കൃഷിക്കാരിയാകുവാൻ ആഗ്രഹിച്ച അവൾ പഠിക്കാൻ തിരഞ്ഞെടുത്ത തട്ടകം മണ്ണുത്തി കാർഷിക സർവ്വകലാശാലയായിരുന്നു. അവിടെ നിന്ന് കൃഷി ശാസ്ത്രത്തിൽ ബിരുദവുമായി ഉപരിപഠനത്തിന് നേരെ പോയത് പോണ്ടിച്ചേരിയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിലേക്ക്. തലശ്ശേരിയിലെ എൻജിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം സമ്പാദിച്ച മറ്റൊരു യുവാവും ഇതേസമയം പരിസ്ഥിതി ശാസ്ത്രം പഠിക്കാൻ പോണ്ടിച്ചേരിയിലെത്തി. പരസ്പരം അറിഞ്ഞതോടെ സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി. ആ നാളുകളെക്കുറിച്ച് വാണി സംസാരിച്ചു.
''പരിസ്ഥിതി സൗഹാർദ്ദമായ ഒരന്തരീക്ഷമായിരുന്നു കോളേജിൽ നിലനിന്നിരുന്നത്. തണൽ വൃക്ഷങ്ങളുടെ നിഴൽ വീണു കിടക്കുന്ന ശാന്തമായ കോളേജ് കാമ്പസ്. മിക്ക അദ്ധ്യാപകരും വിദ്യാർത്ഥികളും സൈക്കിളിലാണ് കോളേജിൽ എത്തുന്നത്. ചില പരിസ്ഥിതി കൂട്ടായ്മകളിലൊക്കെ പങ്കെടുക്കുമ്പോൾ 'വിത്തി"ന്റെ നിലപാടുകളോട് എനിക്ക് ആദരവു തോന്നിയിരുന്നു. പക്ഷേ അന്നൊന്നും അത് പ്രണയമായി മൊട്ടിട്ടിരുന്നില്ല. ഒരിക്കൽ വിത്തിനോട് ഞാനൊരു ഞാവൽ മരത്തിന്റെ തൈ ചോദിച്ചു. ഒന്നിനു പകരം നൂറ് ഞാവൽ മരത്തിന്റെ തൈകൾ വിത്ത് എനിക്കു വെച്ചു നീട്ടി. ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നതുപോലെ...""
അച്ഛൻ അസുഖ ബാധിതനായതോടെ പോണ്ടിച്ചേരിയിലെ പഠനം ഉപേക്ഷിക്കേണ്ടി വന്നു വാണിക്ക്. ഇതിനിടയിൽ വിജിത്തിന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ജോലി കിട്ടിയിരുന്നു. വാണിക്കാകട്ടെ കാസർഗോഡ് ചേരിപ്പാടിയിൽ വിദർഭപാക്കേജിലുള്ള നീർമറി പ്രോജക്ടിലാണ് ജോലി കിട്ടിയത്. പക്ഷേ ഇരുവരും തങ്ങളുടെ ജോലിയിൽ അധികം തുടർന്നില്ല. ഉർവ്വിയെ പുഷ്പിക്കുന്ന കലപോൽ നിർവൃതികരമായ എന്ത് സർഗവ്യാപാരമാണ് മന്നിലുള്ളതെന്നാണ് ഇവർ ചിന്തിച്ചത്. അതിന്റെ ഉത്തരമാണ് അഞ്ചര ഏക്കർ മണ്ണിൽ ഇവർ തീർത്ത ജൈവ വൈവിദ്ധ്യ സമ്പത്ത്.
കായും പൂവും മരങ്ങളും പിന്നെ മൃഗങ്ങളും
തങ്ങളുടെ കൈവശമുള്ള ഭൂമിയിൽ തരിശിടാതെ, എന്തിന് സൂചികുത്താൻ പോലും ഇടമില്ലാതെ ഓരോയിഞ്ചു സ്ഥലവും ഉപയോഗപ്പെടുത്തിയിരിക്കുകയാണിവർ. തൊടിയിൽ 1500 നു മേൽ വാഴ തഴച്ചു വളരുന്നു. അതിൽ കൂമ്പില്ലാകണ്ണൻ, കുന്നൻ, നേന്ത്രൻ, ഞാലിപൂവൻ, സുന്ദരി, പടറ്റി, കണ്ണൻ, ചാരക്കാളി, റോബസ്റ്റ എന്നു വേണ്ട കിട്ടാവുന്ന എല്ലാത്തരം വാഴകളുമുണ്ട്. വാണിയെയും വിജിത്തിനെയും കാണാനെത്തുന്നവർ ജൈവ രീതിയിൽ കൃഷി ചെയ്ത വാഴപ്പഴം കഴിക്കാൻ നിർബന്ധിതരാണ്. സവാള പോലുള്ള ചില പച്ചക്കറികൾ മാത്രമേ ഇവർ പുറത്തു നിന്ന് വാങ്ങാറുള്ളു. അതും കൃഷിപ്പണിക്ക് സഹായത്തിനായി ഒറീസയിൽ നിന്നെത്തി പാലക്കുളങ്ങര മഠത്തിന്റെ ഔട്ട് ഹൗസിൽ താമസിക്കുന്ന മൂന്നംഗ കുടുംബത്തിനു വേണ്ടി. ഇഞ്ചി, മഞ്ഞൾ, പച്ചമുളക്, ചേന, വെള്ളരി, മത്തൻ, കുമ്പളം, വഴുതന, തക്കാളി, ചുരക്ക, അടതാപ് തുടങ്ങി എത്രയോ പച്ചക്കറികൾ ഇവിടെ കൃഷി ചെയ്യുന്നു.
അന്യം നിന്നു പോകുന്ന നാട്ടുമാവുകളെക്കുറിച്ച് വേവലാതി വേണ്ട, തേന്മാവ്, പുളിമാവ്, ചപ്പിക്കുടിയൻ, തൊലികൈയ്പ്പൻ, മൂവാണ്ടൻ, പാണ്ടി, ചുനമാവ്, കുരുടി, കണ്ണപുരം മാവ്, ചകിരി തുടങ്ങി 20 ഇനം നാട്ടുമാവുകളെങ്കിലും ഇവിടെ സംരക്ഷിപ്പെട്ടിരിക്കുന്നു. അപൂർവ്വ ഇനത്തിൽ പെട്ട ഒട്ടേറെ വൃക്ഷങ്ങളും ഇവിടെയുണ്ട്. കരിഞൊട്ട, കരിമരുത്, തമ്പകം, കുളമാവ്, പേരാൽ, വാതം കൊല്ലി, കൂവളം,ആര്യവേപ്പ്, നാഗലിംഗം, പ്ലാശ്, ചെറുപുന്ന, ചെന്തുരുണി, അമ്പഴം, ഇലഞ്ഞി, അശോകം, നെല്ലി, അഗത്തി, അങ്കോലം, ദന്തപ്പാല, വെള്ളകിൽ, ഈറയും ലാത്തിയും, കല്ലൻമുളയും, ആനമുളയും, മുള്ളുമുളയുമടക്കം 18 ഇനം മുളവർഗങ്ങൾ മൂന്നു കുളങ്ങൾക്കു ചുറ്റും മണ്ണടരുകളെ വേരുകളിൽ പൊതിഞ്ഞ് വളരുന്നു. കൊക്കിക്കൊക്കിയും കൊത്തിപ്പെറുക്കിയും അൻപതിൽ കുറയാതെ നാടൻ കോഴികൾ, ടർക്കി കോഴികൾ രണ്ടു ഡസനോളം വേറെ, കുളക്കരയിൽ വിശ്രമിക്കുന്ന താറാകൂട്ടം, പലപ്രായത്തിലുള്ള ആട്ടിൻകൂട്ടം, എരിത്തിലിൽ മൂന്ന് കാസർഗോഡ് കുള്ളൻ പശുക്കൾ, ഇണയായി അത്രതന്നെ കാളകളും. ഈയിടെ ഒരു കാളക്കുട്ടിയെ കഴുത്തിൽ ആഴത്തിലേറ്റ മുറിവുമായി ഹരിപ്പാട് സമഭാവന സാംസ്കാരിക സമിതിയുടെ ചെയർമാൻ രാധാകൃഷ്ണൻ നായർ വാണിയെ ഏല്പിച്ചു. വാണി അതിന്റെ കഴുത്തിൽ മഞ്ഞളുവെച്ചു കെട്ടി മുറിവു കരിച്ചു. അവൻ ഇപ്പോൾ ഉഷാറായി തീറ്റയെടുക്കുന്നു.
സെക്രട്ടറിയേറ്റ് പടിക്കലെ ആദിവാസികളുടെ നിൽപ്പ് സമരത്തിന് തങ്ങളുടെ വിഭവങ്ങൾ ഉപയോഗിച്ച് സ്വയം പാകപ്പെടുത്തിയ ആഹാരം സ്വന്തം വാഹനത്തിൽ ഹരിപ്പാട്ടു നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി നൽകിയിട്ടുണ്ട് ഇവർ. അതുപോലെ, ഭൂമിക എന്ന പേരിൽ നങ്ങ്യാർകുളങ്ങര ടി.കെ. എം.എം. കോളേജിൽ പരസ്ഥിതി പ്രവർത്തകരും കോളേജ് വിദ്യാർത്ഥികളും ഒത്തു ചേർന്നപ്പോൾ സമഭാവന സാംസ്കാരിക സമിതി പ്രവർത്തകരുടെ സഹായത്തോടെ 300 പേർക്കുള്ള ഭക്ഷണമാണ് പാലക്കുളങ്ങര മഠത്തിൽ നിന്നും അവർക്കെത്തിയത്.
പഴമയൊന്നും പോയിട്ടില്ല
ദിനം പ്രതി വർദ്ധിച്ച് വരുന്ന സാധനങ്ങളുടെ വിലയൊന്നും ഇവർക്ക് പ്രശ്നമേയല്ല. ഗ്യാസ് സിലിണ്ടറോ വൈദ്യുത ചാർജ്ജോ ഒന്നും ഇവരെ ബാധിക്കാറില്ല. മൂന്ന് വലിയ ബയോഗ്യാസ് പ്ലാന്റുകൾ ഇവിടെയുണ്ട്. രണ്ടെണ്ണത്തിൽ ചാണകവും മറ്റതിൽ മനുഷ്യവിസർജ്ജ്യവും ഉപയോഗിക്കുന്നു. സോളാർ പാനലുള്ളതുകൊണ്ട് കറന്റ് ബില്ല് 50 രൂപയിൽ താഴെയാണ്. ജൈവവൈവിധ്യ ബോർഡിൽ ഉദ്യോഗസ്ഥനായ വിജിത്തിന്റ സഹോദരി അഷിതയെ വിവാഹം കഴിച്ച ലെനീഷിന്റെ യോഗ്യതയായി കുടുംബാംഗങ്ങൾ കണ്ടത് അയാൾ വയനാട്ടിൽ 200ൽപ്പരം നാടൻ നെൽ വിത്തിനങ്ങൾ കൃഷി ചെയ്യുന്ന കർഷകൻ എന്നതാണ്. ഇതിലും അഭിമാനമുള്ള ജോലി വേറെ എന്തുണ്ട്? സ്കൂൾ മാഷായ വിജിത്തിന്റെ അച്ഛനും കുടുംബാംഗങ്ങളും കാർഷിക വൃത്തിയെ ഇഷ്ടപ്പെടുന്നവരാണ്. കണ്ണൂരിലെ കണ്ണപുരത്ത് ഒന്നര ഏക്കർ വയൽ പാട്ടത്തിനെടുത്ത് ഇവർ നെൽകൃഷി ചെയ്യുന്നുണ്ട്. കൊയ്ത്തും മെതിയുമൊന്നും കൂലി കൊടുത്തല്ല നടത്തുന്നത്, പകരം ദേശാടന പക്ഷികളെപ്പോലെ സുഹൃത്തുക്കൾ പറന്നെത്തുകയാണ്. പിന്നെ നാടൻ പാട്ടുകളും ആർപ്പുവിളികളും പായരങ്ങളുമായി ഒരു കൊയ്ത്തുസീസൺ. വിജിത്തിന്റെയും വാണിയുടെയും ഇടയ്ക്കിടെയുള്ള കണ്ണൂർ യാത്ര തന്നെ ഒരു കാഴ്ചയാണ്. നിറയെ പച്ചക്കറികളും വാഴക്കുലകളും ചേനയും കാച്ചിലുമെല്ലാമായി ഒരു നാടൻ യാത്ര. അരിയും കരിമ്പും തേനും മറ്റു വിഭവങ്ങളുമായി തിരികെ ഇങ്ങോട്ടും.
ഇനിയൊരു പഴത്തോട്ടം
പ്രകൃതിയെ സ്നേഹിച്ച്, തലോടി ഈ ദമ്പതികൾ തങ്ങളുടെ പ്രണയം തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഒപ്പം ഒട്ടേറെ പുതുമയുള്ള ആശയങ്ങളും ഇവർ പങ്കുവയ്ക്കുന്നു. സ്വന്തം കൃഷിയിടത്തിൽ കൃഷിചെയ്യുന്ന പച്ചക്കറികളും മറ്റ് ജൈവ ഉത്പന്നങ്ങളും വിൽക്കാനായി വീടിനോട് ചേർന്ന് കെട്ടിലും മട്ടിലും ഒട്ടേറെ പുതുമകളുമായി ' ജൈവ കലവറ" എന്ന പേരിൽ ഒരു വില്പനശാലയും വാണിയും വിജിത്തും തുടങ്ങിയിട്ടുണ്ട്. തവിട് കളയാത്ത അരി മുതൽ ചാമ, വരഗ്, കൂവരഗ്, റാഗി തുടങ്ങി ചെറുധാന്യങ്ങളും ചേന, ചേമ്പ്, കാച്ചിൽ തുടങ്ങി ഒട്ടേറെ കിഴങ്ങ് വർഗങ്ങളും ജൈവകലവറയിൽ നിന്ന് ലഭിക്കും. കൃഷിയിടത്തിലിറങ്ങി പച്ചക്കറികൾ ആവശ്യാനുസരണം സ്വയം പറിച്ചെടുത്ത് തൂക്കം നോക്കി എടുക്കാനുള്ള സൗകര്യമാണ് മറ്റൊരു പുതുമ. ഒരു മാസം രണ്ടര ലക്ഷം രൂപയുടെ വില്പന നടക്കാറുണ്ടെന്ന് വിജിത്ത് പറയുന്നു. കൂടാതെ ഫലവൃക്ഷങ്ങൾ, വനവൃക്ഷങ്ങൾ, ഔഷധച്ചെടികൾ, അലങ്കാരച്ചെടികൾ എന്നിവയുടെ ഒരു നഴ്സറിയുമുണ്ട്. ജലസമൃദ്ധിക്കായി പത്തോളം കുളങ്ങൾ വീടിനെ ചുറ്റിയുള്ള കൃഷി സ്ഥലത്തായി ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളുടെ ലോകത്ത് മരം കൊണ്ടും പ്രകൃതിവിഭവങ്ങൾ കൊണ്ടും ഇവർ തീർക്കുന്ന ജൈവ കളിപ്പാട്ടങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും. ഈ മൺസൂൺ കാലത്ത് ഒരു ഫ്രൂട്ട് ഫോറസ്റ്റ് ( പഴത്തോട്ടം ) നിർമ്മിക്കണമെന്നതാണ് ഇരുവരുടെയും പുതിയ സ്വപ്നം.
ജോലിക്കു വേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ ഇടയിൽ കിട്ടിയ ഉദ്യോഗം വലിച്ചെറിഞ്ഞ് പച്ചമണ്ണിനെ കെട്ടിപ്പുണരാൻ ധൈര്യം കാട്ടിയ ഈ ദമ്പതിമാർ നമുക്കൊരു പാഠം തന്നെയാണ്. ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണമെന്ന ജീവിതവും സംസ്കാരവും എന്നുമുതലാണ് നമുക്ക് അന്യമായി പോയതെന്ന് ഇവർ നമ്മെ ചിന്തിപ്പിക്കുക തന്നെ ചെയ്യും.
v