ആത്മവിശ്വാസത്തോടെ, തലയുയർത്തി നിന്ന് നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ പോലും പലർക്കും ബാലികേറാമലയാണ് ഇംഗ്ളീഷ് വർത്തമാനം. ഇംഗ്ളീഷ് വായിച്ചും പറഞ്ഞും ശീലിച്ചാണ് പഠിക്കേണ്ടതെന്നാണ് നാളിതുവരെയുള്ള എല്ലാ പരിശീലകരുടെയും ഉപദേശം. പക്ഷേ നിലവിലുള്ള മാർഗങ്ങളെല്ലാം തെറ്റാണെന്നും അടിസ്ഥാനപ്രശ്നം വേറെയാണെന്നും പറയുകയാണ് പത്തനംതിട്ട വെട്ടിപ്രം സ്വദേശി പവനൻ. അദ്ദേഹം വെറുതെ പറയുന്നതല്ല. ദീർഘനാളത്തെ ഗവേഷണത്തിലൂടെ കണ്ടെത്തിയ സത്യമാണത്. ബുദ്ധിശക്തിയിൽ മുന്നിൽ നിൽക്കുന്ന മലയാളി ഇംഗ്ളീഷിൽ പിന്നാക്കം പോകുന്നതിന്റെ കാരണങ്ങളെ കുറിച്ച് പവനൻ പറയുന്നത് ശ്രദ്ധിക്കൂ.
ഇംഗ്ളീഷ് വായിച്ചും പറഞ്ഞും ശീലിച്ചാൽ സംസാരിക്കാനാവില്ല. ബോധം രൂപപ്പെടുന്നതിന് മുമ്പ് തുടങ്ങുന്നതാണ് ശീലം. അഞ്ചു വയസിന് മുമ്പ് ശീലങ്ങൾ തുടങ്ങും. ആ പ്രായത്തിൽ ഇംഗ്ളീഷ് സംസാരിക്കാനോ കേൾക്കാനോ ഉള്ള ചുറ്റുപാടല്ല. ഇംഗ്ളീഷ് സംസാരിക്കാത്ത ചുറ്റുപാടിൽ വളരുന്ന ഒരു കൂട്ടിയുടെ ശീലത്തിൽ അത് ഉൾപ്പെടില്ല. അതുകൊണ്ട് ശീലത്തിലൂടെ ഇംഗ്ളീഷ് പഠിക്കാമെന്നത് തെറ്റാണ്. ഭാഷ പ്രവൃത്തിയെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. പ്രവൃത്തിയുടെ അടിസ്ഥാനത്തിൽ ഇംഗ്ളീഷ് വാക്കുകളെ ഒൻപതായി തിരിക്കാം. വാക്കുകളെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഉപയോഗിക്കുന്നതിന് പകരം അവ കൊണ്ട് അർത്ഥമാക്കുന്ന കാര്യങ്ങൾ കൂടി ചേർത്താണ് ഇൗ വിഭജനം.
പേരുകളെ കുറിക്കുന്ന വാക്കുകൾ - വീട് (house), രാജു (Raju), അടൂർ (adoor)
പ്രവൃത്തികൾ- പോകുന്നു (go, goes), പോയി (went), പോകും (will go), ഉണ്ട് (have, has), ഉണ്ടായിരുന്നു (had), ഉണ്ടാകും (will have), ആകുന്നു (am,is, are), ആയിരുന്നു (was, were), ആകും (will be)
ഒരു വാക്കിനെ പല അർത്ഥത്തിൽ മാറ്റുന്ന വിധം- വീട്ടിലേക്ക് ((to the house),വീട്ടിൽ (in the house), വീടിനു വേണ്ടി (for the house), വീട്ടിൽ നിന്ന് (from the house), വീടിന് നേരെ (to the house)
പ്രവൃത്തിയുടെ കാരണം കാണിക്കുന്ന വാക്ക് - പോകാൻ (to go), പോകാൻ വേണ്ടി ( for going),
നിർദ്ദേശം കൊടുക്കുന്നതിനുള്ള വാക്ക് - പോകുക (go), വരിക (come), ഇരിക്കുക (sit),പഠിക്കുക (study)
സമയം സൂചിപ്പിക്കുന്ന വാക്കുകൾ - ഇപ്പോൾ (now), ഇന്നലെ (yesterday), നാളെ (tomorrow),
ചോദ്യവാക്കുകൾ- എവിടെ (where), എന്തിന് (why), എങ്ങനെ (how)
ക്രിയാപദങ്ങൾ- കൊല്ലപ്പെടുന്നു (is killed), കൊല്ലപ്പെട്ട (was killed), കൊല്ലപ്പെടും (will be killed)
കൂട്ടി യോജിപ്പിക്കുന്നതിനുള്ള വാക്കുകൾ- എന്തുകൊണ്ടെന്നാൽ (because), അതുകൊണ്ട് (so), എന്നാൽ (but)
പേരുകൾ ( noun), ക്രിയകൾ ( verb), ക്രിയാ വിശേഷണം ( adverbs), നാമവിശേഷണം ( adverbs), നാമവിശേഷണം ( adjective), പ്രിപ്പൊസിഷൻസ് (prepositions), ഘടകം (conjunction), ഇന്റർജംഗ്ഷൻ ( interjunction) എന്നിങ്ങനെയാണ് ഇംഗ്ളീഷ് വാക്കുകളെ വിഭജിച്ചിരിക്കുന്നത്. പുതുതായി ഭാഷ പഠിക്കാനെത്തുന്ന മലയാളിക്ക് ഇൗ വിഭജനം ആശയക്കുഴപ്പത്തിന് കാരണമാകുന്നു. ഇതിന് പരിഹാരമായി പവനൻ വാക്കുകളെ ഒൻപതായി തരംതിരിച്ചിരിക്കുന്നു. മലയാളികളുടെ ചിന്തയിൽ വാക്കുകൾ കടന്നുവരുന്ന അതേ രീതിയിലാണ് ഇൗ തരം തിരിവ്. ലോകത്തിലുള്ള എല്ലാ മനുഷ്യരും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മേൽപറഞ്ഞ വാക്കുകളാണ്.
വാക്കുകൾ അടുക്കിവയ്ക്കുന്നതിലാണ് ഇനി ശ്രദ്ധിക്കേണ്ടത്. മലയാളത്തിൽ വാക്കുകൾക്ക് കൃത്യമായ സ്ഥാനമില്ല. പക്ഷേ ഇംഗ്ളീഷിൽ വാക്കുകൾ കൃത്യമായ സ്ഥാനത്താണ് ഉപയോഗിക്കേണ്ടത്. ''പച്ചക്കറി വാങ്ങാൻ ഞാൻ ഇന്നലെ ഭാര്യയോടൊത്ത് സ്കൂട്ടറിൽ ചന്തയ്ക്ക് പോയി"" എന്ന മലയാള വാചകത്തിൽ എട്ട് വാക്കുകളുണ്ട്. ഇത് ഇംഗ്ളീഷിലേക്ക് മാറ്റുമ്പോൾ ആദ്യം പ്രവൃത്തി ചെയ്യുന്ന ആളിന്റെ പേര് (കർത്താവ്) വരും. അത് ഞാൻ എന്നാണ്. രണ്ടാമത് പ്രവൃത്തിയെ കുറിക്കുന്ന വാക്കാണ്. അത് പോയി എന്നാണ്. ബാക്കി വാക്കുകൾ യുക്തിക്കനുസരിച്ച് ഉപയോഗിക്കാം. ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള വാക്ക് വച്ചപ്പോൾ വാചകം ഞാൻ പോയി എന്നായി. തുടർന്ന് പോയ സ്ഥലമാണ് പറയാൻ ഉദ്ദേശിക്കുന്നതെങ്കിൽ ചന്തയിലേക്ക് എന്ന വാക്ക് ഉപയോഗിക്കുക. അടുത്തത് പോയതിന്റെ കാരണമാണെങ്കിൽ പച്ചക്കറി വാങ്ങാൻ എന്ന് ഉപയോഗിക്കുക. പക്ഷേ പ്രവൃത്തിയുടെ കാരണം പറയുന്ന ചില സന്ദർഭങ്ങളിൽ ഇംഗ്ളീഷുകാർ വാങ്ങാൻ പച്ചക്കറി എന്ന രീതിയിൽ തല തിരിച്ചേ പറയൂ. അപ്പോൾ വാചകം മൊത്തത്തിൽ ഞാൻ പോയി ചന്തയിലേക്ക് വാങ്ങാൻ പച്ചക്കറി എന്നായി മാറും.
ആരോടൊപ്പമാണ് പോയത് എന്ന് പറയാൻ ആഗ്രഹിക്കുന്നെങ്കിൽ ഭാര്യയോടൊത്ത് എന്ന വാക്ക് ഉപയോഗിക്കുക. എങ്ങനെ പോയി എന്ന് പറയണമെങ്കിൽ സ്കൂട്ടറിൽ എന്നും എപ്പോൾ പോയി എന്നാണെങ്കിൽ ഇന്നലെ എന്നും ഉപയോഗിക്കുക. നിയമബിരുദധാരിയായ പവനൻ ഏറെ നാളത്തെ ഗവേഷണത്തിലൂടെ കണ്ടെത്തിയ പദ്ധതിയാണിത്. അനായാസം ഇംഗ്ളീഷ് പഠിക്കുന്നതിന് നിരവധി പരിശീലന പദ്ധതികളിൽ പങ്കെടുത്തെങ്കിലും ഫലമുണ്ടാകാതെ വന്നപ്പോൾ സ്വയം തിരഞ്ഞെടുത്ത മാർഗം. 2015ലാണ് ഇത് പാഠ്യ പദ്ധതിയായി ആവിഷ്കരിച്ചത്. ഒറ്റദിവസം കൊണ്ട് ഇംഗ്ളീഷ് സംസാരിക്കാൻ ഒരു ഫോർമുല എന്ന പരസ്യത്തോടെ ആരംഭിച്ച സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ് ശ്രദ്ധിക്കപ്പെട്ടു. ഇത് യൂ ട്യൂബിലെത്തിയതോടെ കൂടുതൽ പേർ അന്വേഷണവുമായി എത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് മൊബൈൽ ഫോൺ വഴി പവനൻ ഇപ്പോൾ ക്ളാസെടുക്കുന്നുണ്ട്.
(ഫോൺ : 9496979662)
പാഠ്യ പദ്ധതിയാക്കാം
ഇംഗ്ളീഷ് പഠനത്തിൽ മലയാളികളുടെ കാഴ്ചപ്പാട് മാറ്റിയെടുക്കാൻ ഇൗ പദ്ധതിയിലൂടെ കഴിയും. പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ ഏറെ പ്രയോജനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ ഉപദേശക സമിതി മുമ്പാകെ തൃശൂരിൽ ഇൗ പദ്ധതി അവതരിപ്പിച്ചിരുന്നു. വിദഗ്ദ്ധർ പലരും പദ്ധതി അംഗീകരിച്ചതായി പവനൻ പറഞ്ഞു. മൊബൈൽ ആപ് തയ്യാറാക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ഇംഗ്ളീഷ് മീഡിയം സ്കൂളുകൾ പദ്ധതി പ്രയോജനപ്പെടുത്താൻ മുന്നോട്ടുവന്നിട്ടുണ്ട്. മദ്രാസ് ക്രിസ്ത്യൻ കോളേജ്, ഹൈദരാബാദ് ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആൻഡ് സയൻസ് എന്നിവിടങ്ങളിൽ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ട്. കേരളത്തിലെ പൊതു വിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ചാൽ വലിയ മാറ്റമുണ്ടാകുമെന്ന് പവനൻ പറയുന്നു.