ക്രെെനുകളുടെ കൂട്ടത്തിൽ ഏറ്റവും തലയെടുപ്പുള്ള മറ്റൊരു പക്ഷിയാണ് സാരസ് ക്രൈൻ. മറ്റു ക്രൈനുകളെ പോലെ ഇവർ ദേശാടകരല്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ സ്വന്തം ക്രൈൻ. ഇന്ത്യയെ കൂടാതെ സൗത്ത് ഈസ്റ്റ് ഏഷ്യയിലും ഓസ്ട്രേലിയയിലും ഇവരുണ്ട്. ചുവന്ന തലയും കഴുത്തും. ഓറഞ്ചിൽ ചുവപ്പു കലർന്ന കണ്ണുകൾ. കഴുത്തിന് താഴോട്ട് കുറച്ചു ഭാഗം വെള്ള നിറത്തിലാണ്. അതിനു ശേഷം നല്ല വെളുപ്പ് കലർന്ന ചാര നിറത്തിൽ ദേഹം. പിങ്ക് രാശി കലർന്ന കാലുകൾ. പച്ച കലർന്ന ചാര നിറത്തിലുള്ള കൊക്ക്. ചാര നിറത്തിലുള്ള വലിയ ചിറകുകളുടെ അറ്റത്ത് കറുപ്പ് നിറം. വെള്ള നിറത്തിൽ ഒരു കുലപോലെ വാൽ തൂവലുകൾ. നല്ല ഭംഗിയുള്ള ഒരു പക്ഷി. നോക്കി നിൽക്കാൻ തോന്നി പോകും. ഏതാണ്ട് ആറടിയോളം പൊക്കമുള്ള ഇവർക്ക് ശരീര ഭാരം 6- 8 കിലോഗ്രാം വരെയുണ്ടാവും. ഏറ്റവും പൊക്കം കൂടിയ പറക്കുന്ന പക്ഷികളിൽ ഒന്നാണ് ഈ വിഭാഗം. ആണും പെണ്ണും ഒരുപോലെയാണെങ്കിലും ആണിനാണ് പൊക്കവും ഭാരവും കൂടുതൽ. ഇന്ത്യയിൽ രാജസ്ഥാൻ , ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലെ തണ്ണീർത്തടങ്ങളിൽ ഇവയെ കാണാം.
ചതുപ്പുകളിൽ കാണുന്ന കിഴങ്ങുകൾ, ഇഴജന്തുക്കൾ, തോടുള്ള ചെറു ജീവികൾ, ഷഡ്പദങ്ങൾ ഇവയൊക്കെയാണ് ആഹാരം. മറ്റു ക്രൈനുകളെ പോലെ ഇവയും ആയുഷ്ക്കാലം ഒരു ഇണയോടൊപ്പമാണ് ചെലവഴിക്കുന്നത്. മഴക്കാലമാണ് ഇവയുടെ ഇണചേരൽ കാലം. ഇവയുടെ ഇണചേരൽ നൃത്തം വളരെ പ്രസിദ്ധമാണ്. രണ്ടു ബെല്ലി ഡാൻസർമാരെ പോലെ ചുവടു വെച്ചും, കൊക്ക് കൊണ്ട് ട്രമ്പറ്റ് മുഴങ്ങുന്നത് പോലെയുള്ള ശബ്ദമുണ്ടാക്കിയുമൊക്കെയാണ് ഇവർ പ്രണയം പ്രകടിപ്പിക്കുന്നത്. വെള്ളത്തിന് മുകളിൽ ചെറിയ ദ്വീപുകൾ പോലെ പുല്ലും ചതുപ്പിലെ മറ്റു തണ്ടുകളും ഒക്കെ ചേർത്ത് കൂടുണ്ടാക്കാറുണ്ട്. ചിലപ്പോൾ വയലുകളിലും കൂടുവയ്ക്കാറുണ്ട്. ഒരു മീറ്ററോളം പൊക്കത്തിൽ നിർമിക്കുന്ന കൂടിന് രണ്ടു മീറ്ററോളം വ്യാസം വരും. പ്രത്യക്ഷത്തിൽ കൂടാണ് എന്ന് തോന്നാത്ത വിധമായിരിക്കും ഇതിന്റെ നിർമാണം.
അടയിരിക്കുന്ന പക്ഷികൾക്ക് ദൂരെ വരെ നോട്ടമെത്തുന്ന രീതിയിലും. ഒരു കൂട്ടിൽ മിക്കവാറും രണ്ടു മുട്ടകൾ ഉണ്ടാവാറുണ്ട്. ക്രീം നിറത്തിലുള്ള മുട്ടയിൽ ബ്രൗൺ പുള്ളിക്കുത്തുകൾ ഉണ്ടാവാറുണ്ട്. 25- 35 ദിവസം വരെ ആൺപക്ഷിയും പെൺപക്ഷിയും മാറി മാറി അടയിരുന്ന് കുഞ്ഞുങ്ങളെ വിരിക്കുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ അപ്പോൾ മുതൽ മാതാപിതാക്കളെ അനുകരിച്ചു തുടങ്ങുന്നു. ഇതൊക്കെയാണെങ്കിലും സാരസ് ക്രൈനുകൾ നിലനിൽപ്പിന്റെ ഭീഷണിയിലാണ്. തണ്ണീർത്തടങ്ങളുടെ ശോഷണവും വയലിലെ കീടനാശിനി പ്രയോഗവുമൊക്കെ ഇവയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നു. ഇപ്പോൾ ഇവയുടെ സ്ഥാനം ഭീഷണി നേരിടുന്ന 'വൾനറബിൾ"പട്ടികയിലാണ്.