സുധയുടെയും ഉമയുടെയും വിവാഹം അടുത്തടുത്ത ദിവസങ്ങളിലായിരുന്നു. ആറാം ക്ലാസ് മുതൽ ഡിഗ്രിവരെ ഒരുമിച്ച് പഠിച്ചു. വീട്ടുകാർ തമ്മിലും അടുത്തബന്ധം. സുധയുടെ മാതാപിതാക്കൾ സാധാരണക്കാർ. മൂന്നു പെൺമക്കൾ. ആരോടും നന്നായി പെരുമാറണം. ഏതു സാഹചര്യത്തിലും ഇണങ്ങണം. താൻ മരുമകളായി വന്ന കാലത്തുണ്ടായ ചില്ലറ ബുദ്ധിമുട്ടുകൾ സഹിച്ചതും പിന്നെ ഭർതൃവീട്ടുകാരുടെയൊക്കെ പ്രശംസ നേടിയതുമൊക്കെ സുധയുടെ അമ്മ മകൾക്ക് പറഞ്ഞുകൊടുക്കും. കൂടെ ഒരു ഉപദേശം. പെൺകുട്ടികൾ കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയജീവികളെപ്പോലെയായിരിക്കണം. സമ്പത്തിലും ഇല്ലായ്മയിലും ജീവിക്കാൻ പഠിക്കണം. ആ ഒരു മാനസികാവസ്ഥയുണ്ടായാൽ ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. തന്റെ കുടുംബത്തിന്റെ സാമ്പത്തിക വശവും കഷ്ടപ്പാടുകളും നന്നായി അറിയാമായിരുന്നതിനാൽ ഒരു ഇടത്തരം കുടുംബത്തിൽ നിന്നു വന്ന പയ്യനെ സുധയ്ക്ക് ഇഷ്ടമായി.
കാണാൻ വലിയ ചന്തമില്ല, ചെറിയൊരു ജോലി. പയ്യന് നാലു സഹോദരിമാർ. എങ്ങനെ അവരോടൊക്കെ അഡ്ജസ്റ്റ് ചെയ്തുപോകും? ഉറ്റ സുഹൃത്തായ ഉമയുടെ സംശയങ്ങൾ കേട്ട് സുധ വെറുതെ ചിരിച്ചതേയുള്ളൂ. ജീവിക്കണമെങ്കിൽ ഒരുപാട് വിട്ടുവീഴ്ചകൾ വേണ്ടിവരും. ലോകത്ത് ബഹുഭൂരിപക്ഷം പേരും അങ്ങനെയല്ലേ ജീവിക്കുന്നത്. സുധയുടെ വാക്കുകൾ ഉമയെ അതിശയിപ്പിച്ചു.
ഉമയ്ക്ക് മനസിനിണങ്ങിയ പങ്കാളിയെ തന്നെ കിട്ടി. കാണാൻ സുന്ദരൻ. ഉയർന്ന ജോലി. ഒരു സഹോദരിയേയുള്ളൂ. അതു വിവാഹം കഴിഞ്ഞ് വിദേശത്തും. വിട്ടുവീഴ്ചകളൊന്നും വേണ്ടിവരില്ല. ഹണിമൂൺ വിദേശത്താണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഉമയുടെ വാക്കുകളിൽ അഭിമാനമായിരുന്നു. കൂട്ടുകാരിക്ക് നല്ല ബന്ധം കിട്ടിയതിൽ സുധയ്ക്കും സന്തോഷം. വിവാഹം കഴിഞ്ഞ് മൂന്നുമാസങ്ങൾക്ക് ശേഷമാണ് ഒരു സിനിമാതിയേറ്ററിൽ വച്ച് രണ്ട് നവദമ്പതികളും കണ്ടുമുട്ടിയത്. ഇന്റർവെൽ സമയത്ത് സുധയും ഉമയും അല്പനേരമാണ് കിട്ടിയതെങ്കിലും മനസ് തുറന്നു. ഉമയ്ക്ക് എല്ലാ സൗഭാഗ്യവുമുണ്ടെങ്കിലും മുഖത്ത് അസംതൃപ്തിയുടെ നിഴലാട്ടം. ഭർത്താവിന് കല്യാണത്തിനുമുമ്പ് പറഞ്ഞ പല ബിരുദങ്ങളുമില്ല. രണ്ടുലക്ഷം ശമ്പളമുണ്ടെന്നാണ് പറഞ്ഞിരുന്നത്. അതിന്റെ മൂന്നിലൊന്നേയുള്ളൂ. അമ്മായിയെ കല്യാണം കഴിച്ചശേഷമാണത്രേ ചെറിയൊരു ബിസിനസുകാരനായിരുന്ന ഭർത്താവിന്റെ അച്ഛന്റെ ശുക്രദശ തെളിഞ്ഞത്. അതുപോലെ ഉമയുടെ ജാതകത്തിലെ ഐശ്വര്യം എത്രത്തോളം വരുമെന്ന് കാണട്ടെ എന്ന കാത്തിരിപ്പിലാണ് ഭർത്താവും അമ്മായിയും.
സിനിമ കഴിഞ്ഞ് ഉമ ആഡംബരകാറിൽ ഭർത്താവിനൊപ്പം നീങ്ങുന്നത് നോക്കി സുധയും ഭർത്താവും ടൂ വീലറിൽ കയറി. എത്ര ഭാഗ്യമുള്ള ദമ്പതികൾ എന്ന ഭർത്താവിന്റെ കമന്റ് കേട്ട് ചെറിയ ഭാഗ്യങ്ങൾ മതി നമുക്ക് എന്ന് സുധ തിരുത്തി.
മൂന്നുവർഷത്തിനുശേഷം കുടുംബകോടതിയിൽ ഒരു സുഹൃത്തിനൊപ്പം പോയി മടങ്ങിവന്ന ഭർത്താവിന്റെ മുഖം വാടിയിരുന്നു. സുധ നിർബന്ധിച്ചപ്പോഴാണ് അയാൾ ഇടറിയ ശബ്ദത്തിൽ ഉമയുടെ കാര്യം പറഞ്ഞത്. ഉമയും ഭർത്താവും വിവാഹമോചനം നേടി. രണ്ട് ആഡംബരകാറുകളിൽ അവർ മടങ്ങുന്നത് നേരിൽ കണ്ടു. കണ്ണീരൊപ്പുന്ന സുധയെ അയാൾ ആശ്വസിപ്പിച്ചു. അമ്മ പറയാറുള്ള പഴഞ്ചൊല്ല് എത്ര ശരിയാണ്. ഒരേ മണ്ണിലാണ് കൊമ്പനാനയും കുഴിയാനയും ജീവിക്കുന്നത്. എങ്ങനെ ജീവിക്കുന്നു എന്നതിലേയുള്ളൂ വ്യത്യാസം. ഏതു സാഹചര്യത്തിലും ജീവിക്കണമെന്ന വാശിയാണ് ഏറ്റവും വലിയ ബിരുദം.
(ഫോൺ : 9946108220)