ചുട്ടുപൊള്ളുന്ന വേനലിലൂടെ ബാബുമോൻ പേരില്ലാത്ത തന്റെ ആട്ടോറിക്ഷ ഓടിച്ചു പോയി. വഴിയിൽ വച്ച് പരിചയപ്പെട്ട കുട്ടികളെയൊക്കെ ആട്ടോയിൽ കയറ്റി. ആട്ടോ വീണ്ടും മുന്നോട്ട് പച്ചപ്പ് തേടിയുള്ള യാത്ര. വേനലിൽ ഓർക്കുകയും മഴയത്ത് മലയാളികൾ മറക്കുകയും ചെയ്യുന്ന പച്ചപ്പ്. ഭൂമിയുടെ ഹരിതാവരണം തേടിയുള്ള ആട്ടോസവാരി. യാത്രയ്ക്കൊടുവിൽ അന്വേഷണം ഒരു കൊച്ചു സിനിമയായി - വെയിൽമാനം.
ഒട്ടും പാരിസ്ഥിതികമല്ലാത്ത നിർമ്മാണ രീതികളും ജീവിതരീതികളും മലയാളികളിലുണ്ടാക്കിയ പ്രകൃതിവിരുദ്ധ സമീപനങ്ങളെ കുട്ടികളിലൂടെ തിരുത്തിക്കാട്ടാനുള്ള ഒരു സാധാരണക്കാരന്റെ ശ്രമമാണ് 'വെയിൽമാനം".ഒരു ചിത്രകാരന്റെ വീട്ടിലേക്ക് എത്തിച്ചേരുന്ന കുട്ടികൾ അവിടെ നിറങ്ങളിൽ തീർത്ത പ്രകൃതിദൃശ്യങ്ങൾ കാണുന്നു. തന്റെ പെയിന്റിംഗുകൾ കൗതുകത്തോടെ നോക്കി കാണുന്ന കുട്ടികളോട് ആ ചിത്രങ്ങൾ മരിച്ചവയാണെന്നു പറയുന്നു. അമ്പരന്നു പോകുന്ന കുട്ടികളോട് 'നിങ്ങൾക്കും മരിക്കണോ"എന്ന ചിത്രകാരന്റെ ചോദ്യത്തിനു മുന്നിൽ കുട്ടികൾ പകച്ചു നിൽക്കുമ്പോൾ ഭീതി നിറഞ്ഞ യാഥാർത്ഥ്യത്തിലേക്ക് സംവിധായകൻ കാമറ തിരിക്കുന്നു.
ഗ്രാമത്തിന്റെ പച്ചപ്പിൽ നിന്നും കോൺക്രീറ്റ് ടൈലുകൾ പാകിയ പ്രതലത്തിലൂടെ ഓടിപ്പോകുന്ന ബാലൻ. ഫ്ളാറ്റുകൾക്കിടയിലൂടെ വരണ്ട് വിണ്ടുകീറിയ മണ്ണിലൂടെ പ്ളാസ്റ്റിക് മാലിന്യങ്ങൾക്കിടയിലൂടെ അഴുക്കു നിറഞ്ഞ പുഴക്കരയിലൂടെ ഒരു പുല്ലുപോലും കിളിർക്കാത്ത ഊഷരഭൂമിയിലൂടെ ഓടിയോടി അവൻ എത്തുന്നത് പൊരിവെയിലിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു പച്ചമരത്തണലിലേക്കാണ്. സിനിമ ഇങ്ങനെ തുടരുന്നു. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ചിത്രം യൂട്യൂബിലൂടെ ബാബുമോൻ റിലീസ് ചെയ്തു.
ഇനി ഈ സംവിധായകനിലേക്ക് വരാം. കുടുംബം പുലരണമെങ്കിൽ സവാരിക്കാരേയും കൊണ്ട് തലങ്ങും വിലങ്ങും ഓടിയേ പറ്റൂ. ഇതിനിടയ്ക്ക് എപ്പോഴോ ആ മനസിൽ സിനിമ പിറക്കുന്നു. അങ്ങനെ പിറന്ന അഞ്ചാമത്തെ സിനിമയാണിത്. സവാരിക്കിടയിൽ കാത്തുനിൽക്കേണ്ടി വരുമ്പോൾ, സ്റ്റാൻഡിൽ ആട്ടോയുമായി വെറുതെയിരിക്കുമ്പോൾ, ജോലി കഴിഞ്ഞുള്ള രാത്രിയിലുമൊക്കെ ബാബുമോൻ സിനിമയുടെ കഥ എഴുതി. അതിന് തിരക്കഥ എഴുതി. എല്ലാം കഴിഞ്ഞാൽ തന്റെ യാത്രകളിൽ ചുറ്റും തിരയുന്നത് കഥാപാത്രങ്ങളാകാൻ പറ്റിയവരെയാണ്.
'യൂ തിങ്ക്" അതായിരുന്നു ബാബുമോന്റെ ആദ്യ സിനിമ. ഭാര്യയേയും മക്കളേയുമൊക്കെ മറന്ന് ജീവിക്കുന്ന ഒരാളുടെ ഒരു ദിവസം. പരിചയക്കാരേയും സുഹൃത്തുക്കളേയുമൊക്കെ പിടിച്ച് കാമറയ്ക്ക് മുന്നിൽ നിറുത്തി അഭിനയിപ്പിച്ചു. പ്രീഡിഗ്രിക്കാരനായ ബാബുമോൻ അങ്ങനെ സംവിധായകൻ ബാബുമോൻ ആനക്കോട്ടൂരായി. കൊട്ടാരക്കരയിലെ ബാബുമോന്റെ ജന്മനാടാണ് ആനക്കോട്ടൂർ. സിനിമ യുട്യൂബിലിട്ടുവെങ്കിലും കാര്യമായ പ്രതികരണമെത്തിയില്ല.
2014 ഫെബ്രുവരി രണ്ടിന് കേരളകൗമുദിയുടെ ഒന്നാം പേജിൽ ആട്ടോ ഡ്രൈവറുടെ സിനിമാ പ്രവേശത്തെ പറ്റി വാർത്ത വന്നു. ''ആ വാർത്തയാണ് എനിക്ക് മേൽവിലാസമുണ്ടാക്കി തന്നത്. ആ ഒരൊറ്ര ദിവസം 24,000 പേരാണ് സിനിമ യു-ട്യൂബിൽ കണ്ടത്. കേരളകൗമുദി വാർത്ത കണ്ട് എനിക്ക് ജന്മനാട്ടിൽ സ്വീകരണം തന്നു. അവിടെ നാടകം കളിച്ചതുമാത്രമാണ് അഭിനയകലയുമായുള്ള എന്റെ ഏക ബന്ധം. വെയിൽമാനം ഉൾപ്പെടെ അടുത്ത സിനിമകളിൽ അഭിനയിക്കാനായി കുട്ടികളേയും മുതിർന്നവരേയും സമീപിക്കുമ്പോൾ അവർക്ക് ഒരു വിശ്വാസം ഉണ്ടാക്കാൻ ഞാൻ കേരളകൗമുദി വാർത്ത വന്ന പേപ്പർ കാണിക്കും- ബാബുമോൻ പറഞ്ഞു.
മൊബൈലിന്റെ ഗുണവും ദോഷവും പറയുന്നതായിരുന്നു 'കാൾ "എന്ന രണ്ടാമത്തെ ചിത്രം. മുതിർന്നവരുടെ മാനസിക വിഭ്രാന്തിയാണ് മൂന്നാമത്തെ ചിത്രമായ 'സുകുവും ശിവയും". നാലാമത്തെ ചിത്രമായ 'വ്യവസ്ഥ" അയ്യപ്പപ്പണിക്കരുടെ കടുക്ക എന്ന കവിതയെ ആസ്പദമാക്കി ഒരുക്കിയതാണ്. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷന്റെ അവാർഡ് ഈ ഹ്രസ്വചിത്രത്തിനു ലഭിച്ചു. തലസ്ഥാന നഗരത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് വെയിൽമാനത്തിൽ അഭിനയിച്ചിരിക്കുന്നത്. മിക്കവരും സവാരിക്കിടയിൽ പരിചയപ്പെട്ടവർ. അഭിമന്യു, അനുഗ്രഹീത്, അനീന, ദുർഗ, അർപ്പൺ, ആകാശ് എന്നീ കുട്ടികൾക്കൊപ്പം ചന്ദ്രൻ മോണോലിസ, സുനിൽ പരമേശ്വരൻ എന്നിവരും അഭിനയിച്ചു. ലാൽബാബു കാമറയും എഡിറ്റിംഗ് ദീപു ശശിയും സംഗീതം ജയേഷ് സ്റ്റീഫനും നിർവഹിച്ചു. കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ അംഗീകാരവും ബാബുമോന് ലഭിച്ചു. VEYILMA-
ANAM malayalam shortfilim eng/subtitle എന്ന ലിങ്കിൽ യു-ട്യൂബിൽ ഈ സിനിമ കാണാം.
ചെറു സിനിമകൾ വിട്ട് വലിയൊരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബാബുമോൻ ഇപ്പോൾ. കഥയും തിരക്കഥയുമൊക്കെ തയ്യാറാക്കി. ഒരു സിനിമാ പ്രവർത്തകനെ തിരക്കഥ കാണിച്ചപ്പോൾ നല്ല അഭിപ്രായം പറഞ്ഞതോടൊപ്പം പ്രമുഖ യുവനടനെ വച്ച് സിനിമയെടുക്കാമെന്നും പറഞ്ഞു. പക്ഷേ, സിനിമ മറ്റൊരാൾ സംവിധാനം ചെയ്യും. തിരക്കഥയ്ക്ക് നല്ല പ്രതിഫലം തരികയും ചെയ്യും. ഈ ഓഫർ ബാബുമോൻ സ്വീകരിച്ചില്ല. എന്റെ സിനിമ എനിക്കു തന്നെ സംവിധാനം ചെയ്യണം. എന്നെ തേടി ഒരു നിർമ്മാതാവ് വരും- പ്രതീക്ഷയോടെ ബാബുമോൻ ആട്ടോ ഓടിച്ചുകൊണ്ടേയിരിക്കുന്നു. നാലാഞ്ചിറ പാറോട്ടുകോണം മൈത്രിനഗറിലാണ് ബാബുമോന്റെ വീട്. ഭാര്യ കവിത, മകൻ ആകാശ്.