പതിവു പോലെ രാവിലെ സ്റ്റുഡിയോയിലെ മൂന്നാം നിലയിലേക്ക് കടക്കുന്ന സ്റ്റെപ്പിനടത്ത് എത്തുമ്പോൾ അടുത്ത ഓഫീസിലെ ജോലിക്കാരി അവരുടെ ജോലികഴിഞ്ഞ് ഒരു മഗും പിടിച്ചു ഈർക്കിൽ ചൂലുമായി പുറത്തേക്കുപോകുന്നു. സ്റ്റെപ്പിന് മുകളിലെ ഓഫിസിന്റെ മുൻവശം അടിച്ചുവാരിയശേഷം വെള്ളമൊഴിച്ചു ചൂലുവച്ച് വെള്ളം തൂത്ത് കളഞ്ഞിട്ടാണ് അവർ പോകുന്നതെന്ന് മനസ്സിലായി. അവർ ആഞ്ഞു വീശിയതിനാൽ ചൂലിന്റെ അഗ്രത്തെ വെള്ളത്തുള്ളികൾ സ്റ്റെപ്പ് ഇറങ്ങുമ്പോൾ എതിർ വശത്തുകാണുന്ന ഭിത്തിയിൽ തെറിച്ചു വീണിരിക്കുന്നതു കണ്ടു. കൗതുകം തോന്നി ഞാൻ വെള്ളം വീണ ഭിത്തിയിൽ നോക്കി. അവിശ്വസനീയമായ ഒരു കാഴ്ചയായി അതെനിക്ക് തോന്നി. സാരി ചുറ്റിയ ഒരു സ്ത്രീ അങ്ങോട്ടു നടന്നു പോകുന്നു. അവരുടെ പിന്നിൽ നിന്ന് കാണുന്ന രസകരമായ ഒരു ദൃശ്യം. കെട്ടിവച്ചിരിക്കുന്ന തലമുടിയുടെ പിൻഭാഗം, ബ്ലൗസിന് മുകളിൽ സാരിയും പുതച്ച് മടക്കിയ കുടയുമായി അങ്ങോട്ടു നോക്കി നിൽക്കുന്ന അമ്മയുടെ ഇടതുവശത്ത് ഷോൾഡർ ബാഗ് തോളിലിട്ട കുട്ടി സാരിത്തുമ്പിൽ തൂങ്ങുന്ന പോലെ ഒരു ചിത്രമായിട്ടാണ് ആ രൂപം എനിക്ക് അപ്പോൾ തോന്നിയത്.
ഭിത്തിയ്ക്കു കുമ്മായത്തിൽ നീലംകലർത്തി പൂശിയിരിക്കുന്നതിനാൽ വെള്ളം വീണിരിക്കുന്ന ഭാഗങ്ങൾ ഇളം നീല നിറമായിട്ടാണ് തോന്നുന്നത്. ഭിത്തിയുടെ മുകളിൽ തെറിച്ചുവീണ വെള്ളത്തുള്ളികൾ താഴോട്ടു ഒഴുകി രൂപപ്പെട്ടതാണ് ഇത് . ഇതിൽ കൃത്രിമമായി ഒന്നുമില്ല. തനി റിയാലിസ്റ്റിക് ! ഉടനെതന്നെ കാമറയെടുത്ത് കൊണ്ടുവന്നു അതിന്റെ ഒരു ഫോട്ടോ എടുത്തു. അപ്പോഴേക്കും അടുത്ത ഓഫീസിൽ ജോലിചയ്യുന്ന ആൾ അതുവഴി വന്നു. എന്തിന്റെ ഫോട്ടോയാണ് എടുക്കുന്നതെന്നു എന്നോടു ചോദിച്ചു. അയാൾ നോക്കിയിട്ട് ഒന്നും പ്രത്യേകിച്ച് കാണാനില്ലത്രേ! അപ്പോഴേക്കും മുകളിൽ നിന്നും വെള്ളം ഉണങ്ങാൻ തുടങ്ങിയിരുന്നു. ഡൗൺലോഡ് ചെയ്തു കണ്ടപ്പോൾ ഞാൻ ഉദ്ദേശിച്ച ചിത്രം പോലെതന്നെ അത് കിട്ടിയിരിക്കുന്നു! ആദ്യം അടുത്ത ഓഫീസിലെ ആളെത്തന്നെ വിളിച്ചുകൊണ്ടുവന്നു സംഭവം കാണിച്ചു. അയ്യാൾ ആകെ അത്ഭുതപ്പെട്ടു. ഇഷ്ടൻ വീണ്ടും അവിടെപ്പോയി നോക്കി. അപ്പോഴേക്കും വെള്ളം ഉണങ്ങി ആ രേഖാചിത്രം മാഞ്ഞു കഴിഞ്ഞിരുന്നു. ഒരു സാധാരണ പ്രേക്ഷകന്റെ വിലയിരുത്തലിൽ നിന്നും ഇതിന് പൊതുജനങ്ങളിൽ നിന്നുണ്ടാകാവുന്ന പ്രതികരണം ഞാൻ മനസിലാക്കി. പിന്നെ പ്രിന്റടിച്ച് പലരേയും കാണിച്ചു ആർക്കും അത് വിശ്വാസം വരുന്നില്ല. അത് തന്നെയാണ് എനിക്ക് കിട്ടിയ പിൻബലവും. ഇത് പിന്നെ എന്റെ ബ്ലോഗിലും വെബ്സൈറ്റിലുമൊക്ക് പോസ്റ്റ് ചെയ്തു. വളരെ നല്ല രീതിയിൽ വലിയ പ്രതികരണങ്ങളുണ്ടായി.