രണ്ടു വർഷം മുമ്പുള്ള അർദ്ധരാത്രിയിൽ ലഡാക്ക് മഞ്ഞു മല കീഴടക്കുമ്പോൾ തെല്ലും ആശങ്കയില്ലായിരുന്നു അഞ്ജനയ്ക്ക്. ഒന്നിലും തളരാൻ അനുവദിക്കാത്ത മനസും കൂടെ നിൽക്കുന്ന കുടുംബവും മാത്രമേ കൈമുതലായുള്ളു. അവൾ തളർന്നില്ല ഇടയ്ക്ക് പലവട്ടം കാലിടറിയെങ്കിലും ആവേശത്തോടെ മുന്നോട്ട് തന്നെ പോയി. ഒടുവിൽ ഹിമാലയത്തിന്റെ ഭാഗമായ ലഡാക്ക് മലനിരകൾ കീഴക്കുമ്പോൾ ഒറ്റ ആഗ്രഹമേ അവൾക്ക് ഉണ്ടായിരുന്നുള്ളു. എവറസ്റ്റിൽ പോകണം. 18540 അടി ഉയരമുള്ള ലഡാക്ക് മഞ്ഞുമല കയറിയ മിടുക്കിയാണ് പത്തനംതിട്ട പന്തളം സ്വദേശി അഞ്ജന. അതും പതിനെട്ടാമത്തെ വയസിൽ. എൻ.സി.സി കേഡറ്റായിരുന്ന അഞ്ജനയടക്കം പതിനെട്ട് പേരാണ് മലകയറിയത്.
യാത്രയുടെ തുടക്കം ഇവിടെ
പന്തളം എൻ.എസ്.എസ് കോളേജിൽ എൻ.സി.സി കേഡറ്റായിരുന്നു അഞ്ജന. ചെങ്ങന്നൂരിലെ എൻ.സി.സി കേരള പത്താം ബറ്റാലിയനാണ് പർവതാരോഹണത്തിന് താത്പര്യമുള്ളവരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചത്. അങ്ങനെ അപേക്ഷ നൽകി. ആദ്യം ഞങ്ങൾ നാല് പേരാണ് അപേക്ഷ നൽകിയത്. എന്നാൽ ട്രെയിനിംഗിലും പർവതാരോഹണത്തിലും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ച് എൻ.സി.സി ഓഫീസർമാർ പറഞ്ഞപ്പോൾ ബാക്കി മൂന്ന് പേരും പിന്മാറി. ഒട്ടും പേടിയൊന്നും തോന്നിയില്ലെന്ന് അഞ്ജന പറയുന്നു. എഴുത്തു പരീക്ഷയും അഭിമുഖത്തിനും ശേഷം പ്രാഥമിക യോഗ്യത ലഭിച്ചു. ശേഷം ന്യൂഡൽഹിയിൽ ആരോഗ്യകായിക ക്ഷമത പരീക്ഷയായിരുന്നു. പതിനേഴ് കിലോയുള്ള ബാഗ് എടുക്കാൻ നാൽപ്പത്തഞ്ച് കിലോ ഭാരമെങ്കിലും നമുക്ക് വേണം. എന്നാൽ ഞാൻ നാൽപ്പത്തിരണ്ട് കിലോ മാത്രമേ ഉണ്ടായിരുന്നുള്ളു. തിരികെ പോരാൻ പറഞ്ഞെങ്കിലും എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മടക്കി അയക്കരുതേ എന്ന് ആവശ്യപ്പെട്ടു. അവർ രണ്ട് ദിവസത്തെ സമയം തന്നു. ആ രണ്ട് ദിവസം കൊണ്ട് നാൽപ്പത്തിയാറ് കിലോ ആയി. പത്ത് ദിവസം കൊണ്ട് അവിടെയും പരിശീലനം പൂർത്തീകരിച്ചു. ഇതിന്റെ ഭാഗമായി പാരച്യൂട്ട് ജംപിംഗും വശമാക്കി.
തണുപ്പും ഹിന്ദിയും വില്ലൻമാരായ ദിവസങ്ങൾ
ആദ്യത്തെ പ്രശ്നം തണുപ്പായിരുന്നു. എനിക്കും തമിഴ്നാട്ടിൽ നിന്ന് വന്ന രണ്ട് കുട്ടികൾക്കും തണുപ്പ് സഹിക്കാൻ കഴിയുമായിരുന്നില്ല. ഛർദ്ദിയും തലകറക്കവും കാരണം ആദ്യം ടെന്റിൽ നിന്ന് പുറത്തിറങ്ങാനെ പറ്റില്ലായിരുന്നു. അവിടെയും മടക്കി അയക്കുമോ എന്ന ഭയം വീണ്ടും വന്നു. പക്ഷേ അടുത്തദിവസം തന്നെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു. എന്നാലും ടെന്റിൽ വിശ്രമിക്കാൻ ആയിരുന്നു നിർദേശം. പക്ഷേ ബാക്കിയുള്ളവർ മൂന്ന് ദിവസം കൊണ്ട് പഠിച്ചെടുത്തത് ഞങ്ങൾ ഒറ്റ ദിവസം കൊണ്ട് പഠിച്ചു. അങ്ങനെയാണ് ലഡാക്കിലേക്ക് പുറപ്പെടുന്നത്. ഹിന്ദി ആയിരുന്നു മറ്റൊരു വില്ലൻ. ഡൽഹിയിൽ ഇന്റർവ്യൂവിന് ഇംഗ്ലീഷ് പറഞ്ഞാണ് പിടിച്ചു നിന്നത്. എന്നാൽ ഹിന്ദി പഠിക്കണമെന്ന് ഓഫീസർ നിർബന്ധം പറഞ്ഞു. രണ്ട് മാസവും പത്ത് ദിവസവും മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികളുമായി ചെലവഴിക്കേണ്ടതിനാൽ ഹിന്ദി പഠിക്കാൻ പത്ത് ദിവസം തന്നു. ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് മനസിലായിതുടങ്ങി. തന്ന സമയത്തിനുള്ളിൽ തന്നെ ഹിന്ദി പഠിച്ചെടുത്തു.
പരിശീലനത്തിന് ശേഷം ലഡാക്കിലേക്ക്
അമ്പത് പേരുള്ള സംഘത്തിലെ ഒരേ ഒരു മലയാളി അഞ്ജന ആയിരുന്നു. ഓരോ പരിശീലനം കഴിയുമ്പോഴും അംഗങ്ങൾ കുറഞ്ഞുവന്നു. പരിശീലനത്തിന്റെ ഭാഗമായുള്ള ആദ്യയാത്ര മണാലിയിലേക്കായിരുന്നു. അപ്പോഴേക്കും ഇരുപത് പേരായ സംഘം വീണ്ടും പതിനെട്ടിലേക്ക് ചുരുങ്ങിയിരുന്നു. ക്യാപ്ടൻ അരുന്ധതി, സൺബേർ സിംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പർവതാരോഹണം. മഞ്ഞുമല കയറാൻ വടവും മഞ്ഞും വെട്ടിമാറ്റാനുള്ള ആയുധവും വസ്ത്രവും ക്രബോൺ ഷൂസും എല്ലാം കൈയ്യിലുണ്ടെങ്കിലും സാധാരണ രീതിയിൽ നടക്കുക പ്രയാസമായിരുന്നു. മഞ്ഞു പ്രതലത്തിന്റെ ഉറപ്പ് പരിശോധിക്കാൻ ഐസ് എക്സ് ഉപയോഗിച്ചിരുന്നെങ്കിലും ഒരു കുട്ടി കാല് തെന്നി താഴേക്ക് പതിച്ചു. നെഞ്ച് വരെ താഴ്ന്നു പോയി. ഇത് കണ്ട് എന്ത് ചെയ്യണമെന്ന് ആദ്യം പകച്ചെങ്കിലും മഞ്ഞ് മാന്തിമാറ്രി വളരെ കഷ്ടപ്പെട്ടാണ് ആ കുട്ടിയെ പുറത്തെടുത്തത്. ഐസ് എക്സ് കുത്തുന്ന ഭാഗത്ത് നീല വെളിച്ചമാണെങ്കിൽ മഞ്ഞ്പ്രതലത്തിന് ഉറപ്പ് കുറവാണെന്നും കറുപ്പാണെങ്കിൽ പാറയ്ക്ക് മുകളിലെ മഞ്ഞാണെന്നും മനസിലാക്കാം.
എന്നാൽ ഐസ്എക്സും കാലും ഒരുമിച്ച് വച്ചപ്പോഴാണ് ആ കുട്ടി വീണത്. ഉറപ്പുണ്ടെങ്കിൽ മാത്രമേ കാല് വയ്ക്കാവൂ എന്നും അല്ലാത്തപ്പോൾ വടം ഉപയോഗിക്കണമെന്നും നിർദേശം ഉണ്ടായിരുന്നു. മുകളിലേക്ക് പോകും തോറും ചുറ്റിലും നീല വെളിച്ചം തന്നെ. അപകടമാണെന്ന് മനസിലായെങ്കിലും പിന്തിരിയാൻ ആരും തയാറായില്ല. വടം ഉപയോഗിച്ച് വീണ്ടും മുന്നോട്ട് പോകുകയായിരുന്നു. ഇനി ഇരുപതടി മാത്രമേയുള്ളു ലക്ഷ്യത്തിലെത്താൻ എന്നറിഞ്ഞപ്പോ ഞങ്ങൾ നാൽവർ സംഘമായി ചുരുങ്ങിയിരുന്നു. ബാക്കിയുള്ളവർ പിന്നാലെ വരുന്നതേ ഉണ്ടായിരുന്നുള്ളു. ഞങ്ങൾ നാലു പേർ ചേർന്ന് ദേശീയ പതാക ഉയർത്തിയപ്പോൾ വല്ലാത്തൊരു അഭിമാനമായിരുന്നു. പറഞ്ഞറിയിക്കാൻ പറ്രാത്ത സന്തോഷം. അപ്പോഴേക്കും എവറസ്റ്റിലും പോകണമെന്ന ആഗ്രഹം കലശലായി തുടങ്ങിയിരുന്നു. കയറിയതിനേക്കാൾ ബുദ്ധിമുട്ട് തിരിച്ചിറങ്ങാനായിരുന്നു. പലയിടത്തും നിരങ്ങി ഇറങ്ങേണ്ടി വന്നു. ശക്തമായ മഞ്ഞ് വീഴ്ചയും ഉണ്ടായിരുന്നു. എന്നിട്ടും തിരികെ എത്തുമ്പോൾ എന്തൊക്കെയോ നേടിയ സന്തോഷമായിരുന്നു.
ഭയമില്ല ഇനിയും പോകണം
പത്തനംതിട്ട പടുകോട്ടുക്കൽ വേലൻ പറമ്പിൽ വീട്ടിൽ ചന്ദ്രന്റെയും തങ്കമണിയുടെയും മകളാണ് അഞ്ജന. അച്ഛൻ ചന്ദ്രൻ വെറ്രില കർഷകനാണ്. കഥകളിയിലും മിടുക്കിയാണ് അഞ്ജന. തായ്കോണ്ടയും പരിശീലിക്കുന്നുണ്ട്. സൈനിക സേവനം ആണ് ലക്ഷ്യം. അതിനായുള്ള കാത്തിരിപ്പിലാണ്. എവറസ്റ്റ് എന്ന മോഹം എപ്പോഴും ഉണ്ട്. പക്ഷേ സാമ്പത്തികമായി സഹായിക്കാൻ ആരുമില്ലാത്തതാണ് പ്രശ്നം. എനിക്ക് സാധിക്കും എന്ന് പൂർണവിശ്വാസമുണ്ട്. അതിനായി കുറച്ചൂടെ കഠിനമായ പരിശീലനം വേണം. സാമ്പത്തികം എന്ന ഒറ്റ കാരണത്താൽ പല സ്വപ്നങ്ങളും ഉപേക്ഷിക്കേണ്ട അവസ്ഥയാണ് പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക്. ഇതൊക്കെ അഹങ്കാരമാണെന്ന് കരുതുന്നവരും ഉണ്ട്. ആരെങ്കിലും പരിശീലനത്തിന്റെ സാമ്പത്തിക സഹായം ഏറ്റെടുത്താൽ ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കും എന്ന ഉറപ്പുണ്ടെന്ന് അഞ്ജന പറയുന്നു. എവറസ്റ്റിലേക്ക് യാത്ര പോയവരിൽ മിക്കവരും പകുതിയ്ക്ക് വച്ച് നിർത്തി തിരിച്ചു വരാറുണ്ടെന്നും ഓക്സിജൻ ലഭിക്കാതെ മരിക്കുന്നവരും ഉണ്ടെന്ന് അറിയാം. പക്ഷേ എനിക്ക് ഭയമില്ല. അവസരം ലഭിച്ചാൽ തീർച്ചയായും എവറസ്റ്റിൽ പോകാൻ ശ്രമിക്കും എന്ന് അഞ്ജന ഉറപ്പിച്ചു പറയുന്നു.