ആത്മവിശ്വാസത്തിന്റെ സൗന്ദര്യമാണെന്നും മലയാളത്തിന്റെ സ്വന്തം നായിക ഷീല. അഭിനയജീവിതത്തിന്റെ വർഷങ്ങൾക്കിപ്പുറത്തും മലയാളി മറന്നിട്ടില്ലാത്ത പേര്. നായകനൊപ്പം തലപ്പൊക്കമുണ്ടായിരുന്നു അവരുടെ കഥാപാത്രങ്ങൾക്ക്. എന്നിട്ടും അർഹിക്കുന്ന പുരസ്കാരങ്ങളൊന്നും അവരെ തേടിയെത്തിയില്ല. മറന്നുപോയ ആ അംഗീകാരങ്ങൾക്കെല്ലാമുള്ള ഉത്തരമായിരുന്നു ഇത്തവണത്തെ ജെ.സി. ഡാനിയേൽ പുരസ്കാരം. അടുത്തവർഷം പുതിയൊരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിനിടെയായിരുന്നു ഈ സന്തോഷവാർത്ത. ഷീല സംസാരിക്കുന്നു.
എത്രമാത്രം സന്തോഷമുണ്ട് ?
വളരെ അഭിമാനം തോന്നി. സിനിമയിലുള്ളതും അല്ലാത്തതുമായ കുറേ പേർ വിളിച്ചു. അഭിനന്ദനം അറിയിച്ച ശേഷം എല്ലാവരും പറഞ്ഞത് എത്രയോ നേരത്തെ നിങ്ങൾക്ക് കിട്ടേണ്ടതായിരുന്നു എന്നാണ്. ഈ പുരസ്കാരത്തിന്റെ അർത്ഥം തന്നെ മാറിപ്പോയെന്നാണ് സിനിമയിലെ തന്നെ വലിയൊരാൾ പറഞ്ഞത്. അതിൽ എത്രമാത്രം സത്യമുണ്ടെന്ന് എനിക്കറിയില്ല. ശാരദ, മോഹൻലാൽ, കമൽ, സേതുമാധവൻ സാർ... അങ്ങനെ എല്ലാവരും വിളിച്ചു. എല്ലാവരുടെയും മനസിൽ ഞാനുണ്ടെന്നറിഞ്ഞതിലാണ് കൂടുതൽ സന്തോഷം.
സ്ത്രീ എന്ന നിലയിലുള്ള അംഗീകാരം കൂടിയല്ലേ ഈ പുരസ്ക്കാരം?
എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീ, പുരുഷൻ എന്ന വ്യത്യാസമൊന്നുമില്ല. ഞാൻ അങ്ങനെ ഇതുവരെ കണ്ടിട്ടുമില്ല, ആരും പറഞ്ഞുകേട്ടിട്ടുമില്ല. കുറേ നാളായി സിനിമയിൽ പ്രവർത്തിച്ചവരെയല്ലേ ഈ പുരസ്കാരത്തിന് തിരഞ്ഞെടുക്കുന്നത്. അർഹതയുണ്ടെന്ന് കണ്ടാവണം, അല്ലാതെ എന്തുകൊണ്ടാണ് എനിക്ക് തന്നതെന്നും അറിയില്ല. നിങ്ങൾ എന്തിനാണ് എപ്പോഴും സ്ത്രീ, പുരുഷൻ എന്നിങ്ങനെ വേർതിരിക്കുന്നത്. നമ്മുടെ വീട്ടിൽ ഭർത്താവും ആങ്ങളമാരും ജോലിക്ക് പോകുന്നില്ലേ... അങ്ങനെ കരുതിയാൽ മതി. അല്ലാതെ സ്ത്രീ, പുരുഷൻ അങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല. കഴിവ് മാത്രം പരിഗണിച്ചാൽ മതി.
അംഗീകാരം ഏറെ വൈകിപ്പോയോ?
ഇപ്പോൾ കിട്ടിയത് തന്നെ സന്തോഷം. വൈകിയോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.
ഒരുപാട് അംഗീകാരങ്ങളൊന്നും തേടി വരാത്തതുകൊണ്ട് സന്തോഷമാണെന്ന് അവാർഡിന് ശേഷം പറഞ്ഞിരുന്നല്ലോ?
ചിലപ്പോൾ അതേക്കുറിച്ച് ആലോചിച്ചിട്ടുണ്ട്. ഇന്നലെ വന്നവർക്കും ഇന്ന് വന്നവർക്കുമുമെല്ലാം പത്മ അവാർഡ് ലഭിച്ചിട്ടില്ലേ. ഒരു കൊച്ചുപെൺകുട്ടിക്ക് ആദ്യസിനിമയിൽ തന്നെ പത്മ അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിൽ സന്തോഷമില്ലെന്നല്ല, പക്ഷേ, ഇത്രയും വർഷം അഭിനയരംഗത്ത് നിന്നിട്ടുപോലും എന്തുകൊണ്ടാണ് ഈ അംഗീകാരമൊന്നും ലഭിക്കാതെ പോയതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നോടെന്താണ് ഇവർക്കെല്ലാം വിരോധം, അവാർഡ് കമ്മിറ്റിക്കാർക്ക് ഇത്രയും ദേഷ്യമുണ്ടോ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. കാരണം അവാർഡ് വരുമ്പോൾ ആരും എന്നെ ഓർത്തിട്ടില്ല. പിന്നെപ്പിന്നെ എന്നാലിനി വേണ്ടെന്ന് കരുതുകയും ചെയ്തു. അതിൽ ദുഃഖമോ, ആരോടും ദേഷ്യമോ ഒന്നുമുണ്ടായിരുന്നില്ല. ഞാൻ അഭിനയിച്ച കഥാപാത്രങ്ങളുടെ കുഴപ്പമാണോ, ഇനി എന്റെ അഭിനയത്തിന്റേതാണോ, ഭാഗ്യമില്ലാത്തതുകൊണ്ടാണോ എന്നൊക്കെ ഓർത്തിട്ടുണ്ടെന്ന് മാത്രം.
അഭിനയിക്കാൻ എന്തെങ്കിലും നിബന്ധനകളുണ്ടോ ഇപ്പോൾ?
വർഷത്തിൽ ഒരു സിനിമ മാത്രമേ ചെയ്യാറുള്ളൂ. മലയാളത്തിൽ നെടുമുടി വേണുവിനൊപ്പം 'എ ഫോർ ആപ്പിൾ" എന്ന സിനിമയിൽ അഭിനയിച്ചു. ഉടൻ റിലീസാകും. വരുന്ന എല്ലാ ചിത്രങ്ങളും ചെയ്യാറില്ല, ഇഷ്ടപ്പെട്ട ചിത്രമാണെങ്കിൽ അഭിനയിക്കും. ടി.വി ഷോകൾക്കും പരിപാടികൾക്കുമായാണ് ഇപ്പോൾ കേരളത്തിൽ വരുന്നത്.
ഒരു ദിവസത്തെ ജീവിതം എങ്ങനെയാണ്?
രാവിലെ എഴുന്നേൽക്കും. ഒരു മണിക്കൂർ നടക്കുന്ന പതിവുണ്ട്. അതുകഴിഞ്ഞ് വീട്ടിൽ വന്ന് യോഗ, പിന്നെ കോഫി, ഭക്ഷണം. അപ്പോഴേക്കും പത്തുമണിയാകും. സുഹൃത്തുക്കളുടെ ഫോൺകാളുകൾ അപ്പോഴേക്കും വരും. അവരോടെല്ലാം സംസാരിക്കും. വേറെ എന്തെങ്കിലും തിരക്കുണ്ടെങ്കിൽ ഫോൺ നോക്കാൻ പോലും നേരമുണ്ടാകില്ല. പിന്നെ ടി.വി കുറേ നേരം കാണും, വാർത്തകളാണ് കൂടുതലും ശ്രദ്ധിക്കുന്നത്, പത്രം വായിക്കും. അതു കഴിഞ്ഞ് റിലീസായ ചിത്രങ്ങളുണ്ടെങ്കിൽ തിയേറ്ററിൽ പോകും. എത്രയോ വർഷങ്ങളായുള്ള ശീലമാണ്. ഒരു ദിവസം ഒരു സിനിമയെങ്കിലും കാണും, അത് ഏതുഭാഷയാണെങ്കിലും കുഴപ്പമില്ല. സുഹൃത്തുക്കളോടൊപ്പമാണ് സിനിമ കാണൽ. പൊട്ടിയ പടമായാലും വിജയിച്ചതാണെങ്കിലും കാണും. സിനിമയ്ക്ക് പോയില്ലെങ്കിൽ വീട്ടിലിരുന്ന് പെയിന്റിംഗ് ചെയ്യും. ആറുവയസുമുതൽ ചിത്രം വരയ്ക്കുന്നുണ്ട്. വീട്ടിലാർക്കും അഭിനയവും വരയുമുണ്ടായിരുന്നില്ല. അഭിനയത്തിൽ സജീവമായിരുന്നപ്പോൾ വരയ്ക്കാൻ സമയമുണ്ടായിരുന്നില്ല. എങ്കിലും ഷോട്ടിന്റെ ഇടയിലൊക്കെ വരയ്ക്കും. പക്ഷേ അപ്പോഴും മനസിൽ വരയുണ്ടായിരുന്നു. മുപ്പതുവർഷമായി വരച്ച ചിത്രങ്ങൾ പ്രദർശനം നടത്തിയിട്ടുണ്ട്. വരയ്ക്കണമെന്ന് തോന്നുമ്പോൾ പിന്നീടത്തേക്ക് മാറ്റിവയ്ക്കാറില്ല. പഴയ സിനിമകൾ വല്ലപ്പോഴും കാണാറുണ്ട്. അഭിനയിച്ച ചിത്രങ്ങളിലെ അറുന്നൂറ് ഗാനങ്ങൾ എന്റെ ശേഖരത്തിലുണ്ട്. ആരാധകർ അയച്ചു തന്നതാണിത്. അതും സമയം കിട്ടുമ്പോൾ കേൾക്കാറുണ്ട്.
നല്ലൊരു വായനക്കാരിയുമാണ്?
അതേ. ഒരുപാട് വായിക്കും. കെ. ആർ. മീരയുടെ കഥകളും നോവലുകളും ഇഷ്ടമാണ്. കാത്തിരുന്നു വായിക്കുന്ന എഴുത്താണ് അവരുടേത്. എനിക്കൊരുപാട് ഇഷ്ടമാണ്.
റിയലിസ്റ്റിക്ക് സിനിമകളുടെ കാലമാണല്ലോ ഇത്?
സിനിമ റിയലിസ്റ്റിക് ആണെങ്കിലും അല്ലെങ്കിലും ഓർക്കേണ്ടത് അതൊരു വ്യവസായമാണെന്നാണ്. ഒരു നിർമ്മാതാവ് പണം മുടക്കുന്നുണ്ടെങ്കിൽ സിനിമ കുറച്ചു കൂടെ ഓടണം. എത്ര വലിയ ആർട്ട് മൂവിയാണെങ്കിലും അത് വിൽക്കുമ്പോൾ മാത്രമേ അയാൾക്ക് കാശുകിട്ടുള്ളൂ. ഒരു മനുഷ്യന്റെ അദ്ധ്വാനഫലം കൂടിയാണത്. ഒരു കാമുകൻ കാമുകിയെ കണ്ടയുടൻ പാട്ടാണ്. അതും ലണ്ടനിൽ. അവർ താമസിക്കുന്നത് എവിടെയാണ്, കുട്ടനാട്ടിൽ. പക്ഷേ പാട്ട് ഇവിടെ കാണിക്കില്ല. എന്റെ കൊച്ചുമക്കൾ അമ്മുവും അക്കുവും സിനിമ കാണുമ്പോൾ പറയും, ഇപ്പോൾ പാട്ടുവരുമെന്ന്. അത് കറക്ടായിരിക്കുകയും ചെയ്യും. സിനിമ എന്നുപറയുന്നത് ലോട്ടറി ടിക്കറ്റാണ്, അടിച്ചാൽ മാത്രമേ കാശുകിട്ടൂ. ചിലപ്പോൾ നല്ല സിനിമയായിരിക്കും പക്ഷേ, അത് ഓടണമെന്നില്ല, വെറും സാധാരണ സിനിമ നന്നായി ഓടിയിട്ടുമുണ്ട്.
സിനിമയിലെത്തുക കുറേ കൂടി എളുപ്പമാണോ ഇപ്പോൾ?
സിനിമയെക്കുറിച്ച് ഒന്നുമറിയാത്തവർ സിനിമ എടുക്കാൻ വരരുത്. പണമുണ്ടെന്ന് കരുതി മാത്രം സിനിമ നിർമ്മിക്കാമെന്ന് കരുതുന്നത് മണ്ടത്തരമാണ്. വെറുതേയുണ്ടാകുന്നതല്ല പണം. സിനിമയ്ക്ക് പണം മുടക്കുന്നതിന് മുമ്പ് മറ്റൊരു സിനിമയുടെ സെറ്റിൽ ഉടനീളം കൂടെ നിന്ന് കാര്യങ്ങൾ പഠിക്കണം. അതേ പോലെ വിജയിച്ച സിനിമകൾക്കൊപ്പം പൊട്ടിപ്പോയ ചിത്രങ്ങളും കണ്ട് എന്തുകൊണ്ട് ആളുകൾക്ക് ഇഷ്ടപ്പെട്ടെന്നും ഇല്ലെന്നും അറിയണം. ഹോംവർക്കായി ഇത് ചെയ്യണം. ചെലവും വരവും മനസിലാക്കണം. അഭിനേതാക്കൾ എട്ടുമണിക്ക് വരാമെന്ന് പറഞ്ഞ് പന്ത്രണ്ടുമണിക്ക് വന്നാലും നഷ്ടം വരും. ഇതൊക്കെ ഒരു പുതിയ നിർമ്മാതാവ് അറിയണം. എന്റെയടുത്ത് രണ്ടു പുതിയ നിർമ്മാതാക്കൾ വന്നു, ആരോ കഥയെഴുതി അവരെ പാട്ടിലാക്കി കൊണ്ടുവന്നതാണ്.
സിനിമയെപ്പറ്റി വല്ലതും അറിയാമോ എന്ന് തിരക്കിയപ്പോൾ ഒന്നുമറിയില്ല. സിനിമയെക്കുറിച്ച് ആദ്യം മനസിലാക്കൂ എന്നും ചുമ്മാ കുറേ കാശും കൊണ്ട് ഇറങ്ങരുതെന്നും ധർമ്മം കൊടുത്താൽ പുണ്യമെങ്കിലും കിട്ടുമെന്നും പറഞ്ഞ് അവരെ ഞാൻ പറഞ്ഞയച്ചു. ഇതൊന്നും പറയാതെ എനിക്ക് അഭിനയിക്കാം, പക്ഷേ, എനിക്കാ കാശ് വേണ്ട. തിരക്കഥയാണ് സിനിമയിൽ ഏറ്റവും പ്രധാനം. നാലുവരി കഥ പോലും മനോഹരമായ സിനിമയാക്കാൻ തിരക്കഥയ്ക്ക് സാധിക്കും. ചില സിനിമകൾ നല്ലതാണെങ്കിലും ബോറടിപ്പിക്കും. ജനങ്ങളെ രസിപ്പിക്കുന്നതാകണം, അവരെ ചീത്തക്കാര്യം പഠിപ്പിക്കുകയുമരുത്. ഇപ്പോൾ സിനിമയ്ക്കിടയിൽ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതിക്കാണിക്കുന്നില്ലേ. എത്ര പേർ അത് കാണുന്നുണ്ട്. ഒരു മൂലയിൽ ഭൂതക്കണ്ണാടി വച്ച് നോക്കിയാലേ അത് കാണൂ. ഇങ്ങനെ കാണിക്കുന്നത് എന്തിനാണ്? സിഗരറ്റും മദ്യവും ഉണ്ടാക്കി വിൽക്കുകയും പിന്നീട് ആരോഗ്യത്തിന് മോശമാണെന്ന് പറയുകയും ചെയ്യുന്നത് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. എത്ര സ്ത്രീകളെ കണ്ണീരുകുടിപ്പിക്കുന്നുണ്ട് മദ്യം. ഇങ്ങനെ അടി വാങ്ങേണ്ട ആവശ്യമുണ്ടോ എന്ന് സ്ത്രീകളും ചിന്തിക്കണം.
സിനിമയിലെ വനിതാകൂട്ടായ്മയെക്കുറിച്ച് അറിയാമോ?
തീർച്ചയായും. നല്ല അഭിപ്രായമാണ്. അങ്ങനെയുള്ള കൂട്ടായ്മകളും പ്രവർത്തനങ്ങളും ഉണ്ടാകേണ്ടതു തന്നെയാണ്.