വള്ളികുന്നം:അജാസിൽ നിന്ന് വധ ഭീഷണി നേരത്തെ ഉണ്ടായിരുന്നെന്ന് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ മൂത്തമകൻ ഋഷികേശ്. എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അജാസായിരിക്കുമെന്നും ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നെന്ന് മകൻ പറഞ്ഞു.
സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സൗമ്യയെ മുൻ സഹപ്രവർത്തകനായ അജാസ് കാറിടിച്ച് വീഴ്ത്തി വടിവാളിന് വെട്ടിയശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
ഇന്നലെ സംഭവസ്ഥലത്തെത്തിയ മാദ്ധ്യമ പ്രവർത്തകരോടും കൊടിക്കുന്നിൽ സുരേഷ് എം.പിയോടും ' ആ അങ്കിൾ വലിയ ശല്യമായിരുന്നു സാറെ,അമ്മയ്ക്ക് സഹികെട്ടിരുന്നു'വെന്ന് ഋഷികേശ് പറഞ്ഞിരുന്നു. സംഭവം നടക്കുമ്പോൾ സൗമ്യയുടെ ഓച്ചിറയിലെ വീട്ടിലായിരുന്നു മക്കൾ. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഭർത്താവിന്റെ സഹോദരന്റെ വീട്ടിലെത്തിച്ചത്.
സൗമ്യയുടെ ഭർത്താവ് സജീവ് വിദേശത്താണ്. ഇവർക്ക് മൂന്ന് മക്കളുണ്ട്. മൂത്തമകൻ ഋഷികേശ് ഏഴാം ക്ലാസിലും രണ്ടാമത്തെ മകൻ ആദിശേഷ് ആറാം ക്ലാസിലും, ഇളയ മകൾ ഋതിക അംഗനവാടി വിദ്യാത്ഥിനിയുമാണ്. അഞ്ച് വർഷം മുൻപാണ് സൗമ്യയ്‌ക്ക് പൊലീസിൽ ജോലി കിട്ടിയത്. അന്നുമുതൽ വീടിനടുത്തുള്ള വള്ളികുന്നം സ്റ്റേഷനിലാണ് ജോലി.