copa-america

സോവോപോളോ: കോപ അമേരിക്കയിൽ ഗ്രൂപ്പ് തലത്തിലെ ആദ്യ മത്സരത്തിൽ അർജന്റീനയെ തകർത്ത് കൊളംബിയ. ആദ്യമത്സരത്തിൽ കൊളംബിയ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് അർജന്റീനയെ തോൽപിച്ചു. രണ്ടാം പകുതിയിലായിരുന്നു കൊളംബിയയുടെ ഗോളുകൾ.

ബോൾ പൊസഷൻ, പാസ് കൃത്യത, ഗോൾമുഖത്തേക്കുള്ള ഷോട്ട് എന്നിവയിൽ അർജന്റീന തന്നെയായിരുന്നു മുന്നിൽ എങ്കിലും മികച്ച നീക്കങ്ങൾ ഗോളിലേക്ക് വഴിതുറക്കാൻ കഴിഞ്ഞതോടെ കൊളംബിയ കളിയിലെ കേമൻമാരായി. ആദ്യ പകുതിയിൽ മെസി കാഴ്ചക്കാരനായപ്പോൾ കൊളംബിയൻ പ്രതിരോധത്തിലേയ്ക്ക് പന്തെത്തിക്കാൻ പോലും അർജന്റീനയ്ക്കായില്ല.

രണ്ടാം പകുതിയിൽ അർജന്റീന താളംകണ്ടെത്തിയപ്പോഴേയ്ക്കും കൊളംബിയയുടെ ആദ്യഗോളെത്തി. 71-ാം മിനിറ്റിൽ റോജർ മാർടിനസും 86-ാം മിനിറ്റിൽ ഡുവാൻ സപാറ്റയുമാണ് കൊളംബിയക്ക് വേണ്ടി ഗോൾ നേടിയത്. രണ്ടാം പകുതിയുടെ 71-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ ആദ്യ ഗോൾ പിറന്നത്. ജെയിംസ് റോഡ്രിഗസ് ബോക്സിന്റെ ഇടതുഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് റോജർ മാർട്ടിനസാണ് ലക്ഷ്യത്തിലെത്തിച്ചത്.

തോൽവിയേക്കാളുപരി തോറ്റ രീതിയായിരിക്കും അർജൻന്റീയെ വരുന്ന മൽസരങ്ങളിൽ വേട്ടയാടുക. ബാഴ്​സലോണയുടെ സൂപ്പർ സ്​ട്രൈക്കറായ മെസിക്ക്​ കൊളംബിയക്കെതിരായ മൽസരത്തിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. ആദ്യ കളി തോറ്റതോടെ പെറുവിനെതിരായ മൽസരം അർജൻന്റീനക്ക്​ നിർണായകമാണ്​.