kerala-congress

തിരുവനന്തപുരം: ചെയർമാനെ തിരഞ്ഞെടുക്കാനായി ജോസ് കെ.മാണി പക്ഷം ഇന്ന് കോട്ടയത്ത് സംസ്ഥാനസമിതി വിളിച്ചുചേർത്തിരിക്കെ, ഇന്ന് യോഗം വിളിച്ചുകൂട്ടിയത് അനധികൃതവും ഭരണഘടനാവിരുദ്ധവുമാണെന്ന് ആരോപിച്ച് പി.ജെ. ജോസഫ് രംഗത്തെത്തി. അതേസമയം, കേരള കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സമവായ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ സമവായ ചർച്ചകളെ ജോസ്.കെ.മാണി വിഭാഗം തകർക്കുകയാണെന്നും ജോസഫ് ആരോപിച്ചു. ഇതോടെ പാർട്ടിയിൽ ഇപ്പോൾ തുടരുന്ന പ്രശ്‌നങ്ങളിൽ ഇരുകൂട്ടരും വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറല്ലെന്നാണ് സൂചന. ഇന്ന് തന്നെ കേരള കോൺഗ്രസ് പിളരുമെന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ സൂചന നൽകുന്നു.

ഭരണഘടനാപരമായി ചെയർമാന്റെ അധികാരങ്ങൾ നിക്ഷിപ്തമായിട്ടുള്ള വർക്കിംഗ് ചെയർമാനു മാത്രമേ സംസ്ഥാനസമിതി വിളിച്ചുചേർക്കാൻ അധികാരമുള്ളൂ. പാർട്ടി ഹൈപവർ കമ്മിറ്റിയിലെ പതിനഞ്ച് അംഗങ്ങൾ സമവായനീക്കങ്ങൾ ത്വരിതപ്പെടുത്താൻ ചെയർമാന്റെ അധികാരങ്ങളുള്ള വർക്കിംഗ് ചെയർമാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നവർ പാർട്ടിയിൽ നിന്ന് പുറത്ത് പോകും. യോഗത്തിൽ തെറ്റിദ്ധാരണ മൂലം ചിലർ പങ്കെടുക്കുമെങ്കിലും ഭൂരിഭാഗം പേരും വിട്ടുനിൽക്കും. പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിളിച്ച സമവായ ചർച്ചകളിൽ നിന്നും ബാലിശമായ കാരണങ്ങൾ പറഞ്ഞ് ചിലർ വിട്ടുനിൽക്കുകയാണ്.ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ എന്ത് അച്ചടക്ക നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും ജോസഫ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കാനായി ജോസ്.കെ.മാണിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്.യോഗത്തിൽ ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തേക്കും. ഇതിന് മുന്നോടിയായി കോട്ടയത്തെ മാണി ഗ്രൂപ്പ് സംസ്ഥാന കമ്മിറ്റി ഓഫീസിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഓഫീസ് ജോസഫ് വിഭാഗം പിടിച്ചെടുക്കുമോ എന്ന ഭീതിയിൽ രാത്രി ഗേറ്റ് താഴിട്ടു പൂട്ടി ഓഫീസിൽ ജോസ് വിഭാഗം താമസിക്കുകയാണ്.