mavelikkara

വള്ളികുന്നം: സ്‌കൂട്ടറിൽ സഞ്ചരിച്ച പൊലീസ് ഉദ്യോഗസ്ഥയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി എൻ.എ.അജാസ് ജോലിസ്ഥലത്തും അൽപം ‘തലതിരിഞ്ഞ’ പ്രകൃതക്കാരനെന്ന് പരിചയക്കാർ പറയുന്നു. "2018 ജൂലായ് ഒന്നിനാണ് ടൗൺ ട്രാഫിക് സ്റ്റേഷനിൽ എത്തിയത്. കളമശേരി എ.ആർ ക്യാംപിൽ നിന്നും ലോക്കലിലേക്കു മാറുകയായിരുന്നു. ഒരാഴ്ച മുൻപു വീടുപണിയാണെന്നു പറഞ്ഞ് 15 ദിവസത്തെ അവധിയെടുത്തു.

ഇവിടെ എത്തിയിട്ട് ഒരു വർഷമായെങ്കിലും സ്റ്റേഷനിലെ സഹപ്രവർത്തകരുമായി അടുപ്പം കുറവാണ്. തമാശകളിലോ ചർച്ചകളിലോ പങ്കുചേരാറില്ല. സേനയിൽ അത്യാവശ്യമായ അച്ചടക്കവും അജാസിനില്ലെ"ന്നാണ് മേലുദ്യോഗസ്ഥർ പറയുന്നത്. കൊല്ലപ്പെട്ട സൗമ്യയെ തൃശൂരിലെ പരിശീലന‌കാലത്തു ഗ്രൗണ്ടിൽ ഡ്രിൽ ചെയ്യിച്ചിരുന്നത് അജാസാണെന്നു പറയുന്നു. വിവാഹം വൈകുന്നതിനെക്കുറിച്ചു ചോദിച്ചവരോടു സഹോദരിയുടെ പുനർ വിവാഹം നടത്താനുണ്ടെന്ന കാരണമാണ് അജാസ് പറഞ്ഞിരുന്നത്.

കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുൻവൈരാഗ്യമാണെന്ന സൂചനയുണ്ട്. ഇന്നലെ വൈകിട്ട് നാലോടെ വളളികുന്നം നാലുവിള ജംഗ്ഷനിലുള്ള സൗമ്യയുടെ വീടിന് സമീപമായിരുന്നു സംഭവം. എം.കോം ബിരുദധാരിയായ സൗമ്യ സ്റ്റുഡന്റ് പൊലീസ് ഇൻസ്‌ട്രക്ടറായിരുന്നു. ഇന്നലെ രാവിലെ വള്ളികുന്നം വട്ടയ്ക്കാട് കാമ്പിശേരി കരുണാകരൻ സ്‌മാരക സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ക്യാമ്പിൽ പങ്കെടുത്തിരുന്നു. പിന്നീട് തഴവയിലെ സ്‌കൂളിൽ പി.എസ്.സിയുടെ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതാൻ പോയി.

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വീണ്ടും സ്‌കൂട്ടറെടുത്ത് പുറത്തേക്ക് പോയപ്പോൾ കാറിലെത്തിയ അജാസ് ഇടിച്ചിടുകയായിരുന്നു. റോഡിൽ വീണ സൗമ്യ പിടഞ്ഞെഴുന്നേറ്റ് പ്രാണരക്ഷാർത്ഥം അയൽ വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പിന്നാലെ എത്തിയ അജാസ് വടിവാൾ കൊണ്ട് വെട്ടി വീഴ്‌ത്തി. തുടർന്ന് കൈയിൽ കുപ്പിയിൽ കരുതിയ പെട്രോൾ സൗമ്യയുടെ ദേഹത്ത് ഒഴിച്ച് സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു.