മാഞ്ചസ്‌റ്റർ: ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതുവരെ പാകിസ്ഥാനുമായി തോൽവി അറിഞ്ഞിട്ടില്ലാത്ത ഇന്ത്യൻ ചുണക്കുട്ടികൾ ഇന്ന് മാഞ്ചസ്‌റ്ററിലെ മൈതാനത്തിൽ ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ആരാധകർ ആഹ്രഗിക്കുന്നില്ല. വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന തങ്ങളുടെ പ്രിയ ടീമിന് പിന്തുണ നൽകാൻ ഇതിനോടകം തന്നെ മൈതാനം കീഴടക്കിയിരിക്കുകയാണ് ഇന്ത്യൻ ആരാധകർ. ആകെയുള്ള 26,000 ടിക്കറ്റുകളിൽ ഭൂരിഭാഗവും ഉയർന്ന വില കൊടുത്ത് സ്വന്തമാക്കിയത് ഇന്ത്യൻ ആരാധകരാണ്. ഏതാണ്ട് 18 ശതമാനം ടിക്കറ്റുകൾ മാത്രമാണ് പാക് ആരാധകർക്ക് ലഭിച്ചത്.
അതിനിടെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റിന് വേണ്ടി അവസാന നിമിഷവും പരക്കം പാച്ചിൽ തുടരുകയാണ്. 5 ലക്ഷത്തോളം പേരാണ് ടിക്കറ്റിന് വേണ്ടി അപേക്ഷിച്ചത്. ഇതോടെ 48 മണിക്കൂറിനകം ടിക്കറ്റുകളെല്ലാം വിറ്റുതീർന്നു. ഏകദേശം 21,000 രൂപ വിലയുള്ള ടിക്കറ്റിന് കരിഞ്ചന്തയിൽ കഴിഞ്ഞ ദിവസം 4.2 ലക്ഷം രൂപ വരെയായിരുന്നു വില. ഇന്നലെയും കരിഞ്ചന്തയിൽ ടിക്കറ്റുകൾ ലഭ്യമായിരുന്നു. നേരത്തെ ടിക്കറ്റെടുത്തവർ കരിഞ്ചന്തയിൽ വിൽക്കാനും ചിലർ ശ്രമപ്പെടുത്തുന്നുണ്ട്.
അജയ്യരായി ഇന്ത്യ
ലോകകപ്പിൽ ഇതുവരെ മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യ ഒരു കളിയും തോറ്റിട്ടില്ല. ഒരു മത്സരത്തിൽ മഴ മാത്രമാണ് ഇന്ത്യയെ നിരാശപ്പെടുത്തിയത്. ഇതുവരെ ഇന്ത്യയ്ക്ക് കീഴടങ്ങിയത് കരുത്തരായ ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയുമാണ്. ന്യൂസിലൻഡിനെതിരായ മത്സരമാണ് മഴ കൊണ്ടുപോയത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. ആസ്ട്രേലിയയെ കീഴടക്കിയത് 36 റൺസിനും. ന്യൂസിലൻഡിനെതിരായ മത്സരം ഒരു പന്തുപോലുമെറിയാതെയാണ് ഉപേക്ഷിക്കപ്പെട്ടത്.
മറുവശത്ത് രണ്ട് മത്സരങ്ങളിൽ തോൽക്കുകയും ഒരു മത്സരം മഴയ്ക്ക് നൽകുകയും ചെയ്ത പാകിസ്ഥാന് ഇംഗ്ളണ്ടിനെതിരെ നേടിയ അട്ടിമറി വിജയം മാത്രമാണ് ആശ്വാസം. ആദ്യമത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ വെറും 105 റൺസിനാണ് പാകിസ്ഥാൻ ആൾ ഒൗട്ടായത്. ഇൗ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്കോറും ഇതുതന്നെ. തുടർന്ന് ഇംഗ്ളണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 348/8 എന്ന സ്കോർ ഉയർത്തിയിട്ടും ജയിക്കാനായത് 14 റൺസിന്. ശ്രീലങ്കയ്ക്കെതിരായ മൂന്നാം മത്സരമാണ് മഴകൊണ്ടുപോയത്. തുടർന്ന് ആസ്ട്രേലിയയോട് 41 റൺസിന് തോറ്റു.
മുൻതൂക്കം ഇന്ത്യയ്ക്ക്
. ഇന്ന് പാകിസ്ഥാനുമായി പോരാടാനിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് തന്നെയാണ് ക്രിക്കറ്റ് നിരൂപകരും ആരാധകരും വ്യക്തമായ മുൻതൂക്കം കല്പിക്കുന്നത്.
. വ്യക്തമായ ഗെയിം പ്ളാനോടെ കളിക്കാൻ കഴിയുന്നു എന്നതാണ് വിരാട് കൊഹ്‌ലിയുടെയും സംഘത്തിന്റെയും പ്ളസ് പോയിന്റ്.
. ആദ്യമത്സരത്തിൽ ഇന്ത്യൻ മുൻനിര താരങ്ങളൊക്കെ ബൗളിംഗിലും ബാറ്റിംഗിലും കാഴ്ചവച്ച ഫോം പാകിസ്ഥാന് പേടിസ്വപ്നമാണ്.
. ബാറ്റിംഗ് തന്നെയാണ് ഇന്ത്യയുടെ ശക്തികേന്ദ്രം. രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും ധോണിയും കെ.എൽ. രാഹുലും കേദാർ യാദവും ഹാർദിക് പാണ്ഡ്യയുമൊക്കെ ബാറ്റിംഗിൽ കരുത്ത് പകരുന്നു.
. ജസ്‌പ്രീത് ബുംറയാണ് ബൗളിംഗിലെ തുറുപ്പുചീട്ട്. ഭുവനേശ്വറും ഹാർദിക്കും പേസർമാരായി ഒപ്പമുണ്ടാകും. കുൽദീപ്-ചഹൽ സ്പിൻ ജോഡിയെ ഇന്നും കളിപ്പിച്ചേക്കും.
. ശിഖർ ധവാന്റെ അഭാവം മാത്രമാണ് ഇന്ത്യയ്ക്ക് വെല്ലുവിളി. ധവാന് പകരം കെ.എൽ. രാഹുലാകും ഇന്ന് രോഹിതിനൊപ്പം ഒാപ്പണിംഗിനിറങ്ങുക. ധവാന്റെ പകരക്കാരനാകാൻ ദിനേഷ് കാർത്തികിനെയാണോ വിജയ് ശങ്കറിനെയാണോ ടീം മാനേജ്മെന്റ് സെലക്ട് ചെയ്യുകയെന്ന് മത്സരത്തിന് മുമ്പ് അറിയാം.