women-police-officer

കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ പ്രതി അജാസ് ഇതിന് മുമ്പും കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി സൗമ്യയുടെ അമ്മ ഇന്ദിര രംഗത്തെത്തി. മുൻപ് ഒരു ദിവസം വീട്ടിലെത്തിയ അജാസ് സൗമ്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. ഇക്കാര്യം വള്ളിക്കുന്ന് സ്‌റ്റേഷനിൽ അറിയിച്ചിരുന്നു. വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യം മൂലമാണ് അജാസ് സൗമ്യയെ കൊലപ്പെടുത്തിയതെന്നും ഇന്ദിര കൂട്ടിച്ചേർത്തു. ഇരുവരും തമ്മിൽ പണമിടപാട് ഉണ്ടായിരുന്നെന്നും ഇന്ദിര കൂട്ടിച്ചേർത്തു.

ഇരുവരും തമ്മിൽ പണമിടപാട് ഉണ്ടായിരുന്നു. സൗമ്യ അജാസിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ വായ്‌പയായി വാങ്ങിരുന്നു. ഇത് തിരികെ നൽകാൻ ഒരുങ്ങിയെങ്കിലും അജാസ് സ്വീകരിച്ചില്ല. സൗമ്യ പണം അജാസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെങ്കിലും അയാൾ പണം തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു. സൗമ്യയും താനും എറണാകുളത്തെത്തി അജാസിനെ നേരിൽ കണ്ട് പണം നൽകാൻ ശ്രമിച്ചു. എന്നാൽ അയാൾ പണം വാങ്ങാൻ തയ്യാറാകാതെ വിവാഹം ചെയ്യണമെന്ന ആവശ്യം മുന്നോട്ട് വച്ചുവെന്നും ഇന്ദിര പറയുന്നു. ഇനി മകളെ വിളിക്കരുതെന്ന് താൻ അജാസിനെ താക്കീത് ചെയ്‌തിരുന്നതായും ഇവർ വ്യക്തമാക്കി. സമാനമായ മൊഴിയാണ് സൗമ്യയുടെ മകൻ ഋഷികേഷും നൽകിയിരിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അജാസ് ആയിരിക്കുമെന്ന് അമ്മ തന്നോട് പറഞ്ഞതായി മകൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഇന്നലെ പി.എസ്.സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വീണ്ടും ഡ്യൂട്ടിക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങുമ്പോഴായിരുന്നു അജാസിന്റെ ആക്രമണം. ആൾത്തിരക്കില്ലാത്ത സ്ഥലത്താണ് സംഭവമെന്നതിനാൽ ആർക്കും സൗമ്യയെ രക്ഷപ്പെടുത്താനായില്ല. സ്കൂട്ടറിൽ വന്ന സൗമ്യയെ അജാസ് കാറിടിച്ചു വീഴ്‌ത്തി. റോഡിൽ വീണ സൗമ്യ സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെൻ ശ്രമിച്ചപ്പോൾ കൈയിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് വെട്ടി. സൗമ്യ ഓടിക്കയറിയ വീട്ടിലും ആളുകളില്ലായിരുന്നു . നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും അജാസ് കൈയിൽ കുപ്പിയിൽ കരുതിയ പെട്രോളൊഴിച്ച് സിഗരറ്റ് ലാമ്പുപയോഗിച്ച് തീകൊളുത്തിയിരുന്നു. നാട്ടുകാർ എത്തുമ്പോഴേക്കും തീ ആളിക്കത്തി. പൊള്ളലേറ്റ അജാസ് വീടിന്റെ തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു. നാട്ടുകാരെക്കണ്ട് അജാസ് ശ്രമം ഓടി രക്ഷപ്പെടാൻ നടത്തിയെങ്കിലും അവർ പിടികൂടി പൊലീസിൽ ഏല്പിച്ചു. പൊലീസാണ് അജാസിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. 50 ശതമാനത്തോളം പൊള്ളലേറ്റ അജാസിന്റെ നില ഗുരുതരമാണ്.