parle-g

റായ്‌പുർ: രാജ്യത്തെ ജനകീയ ബിസ്‌കറ്റ് ബ്രാന്റായ പാർലെ-ജിയുടെ ഛത്തീസ്ഗഢിലെ ബിസ്‌കറ്റ് നിർമാണ യൂണിറ്റിൽ ബാലവേല. കഴിഞ്ഞ ദിവസം ഈ ഫാക്ടറിയിൽ നിന്നും 26 കുട്ടികളെയാണ് ജില്ലാ ദൗത്യ സേന രക്ഷപ്പെടുത്തിയത്. റായ്‌പുരിലെ യൂണിറ്റിലുണ്ടായിരുന്ന കുട്ടികളെയാണ് ജില്ലാ ദൗത്യ സേന രക്ഷപ്പെടുത്തിയത്.

റായ്പുരിലെ അമസിവ്‌നി മേഖലയിൽ ധാരാളം കുട്ടികൾ ബാലവേല ചെയ്യുന്നതായുള്ള വിവരം ബച്ച്പൻ ബച്ചാവോ ആന്ദോളൻ (ബി.ബി.എ) സംഘടനക്ക് ലഭിച്ചതോടെയാണ് സേന ഈ നീക്കം നടത്തിയത്. ജില്ലാ കളക്ടറുടെ നിർദേശം ലഭിച്ചശേഷമായിരുന്നു ഇത്. ജില്ലാ ബാലാവകാശ ഉദ്യോഗസ്ഥനായ നവ്‌നീത് സ്വർണാകറാണ് പ്രമുഖ ദേശീയവാർത്താ ഏജൻസിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.


മധ്യപ്രദേശ്, ജാർഖണ്ഡ്, ഒഡിഷ, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള 12 മുതൽ 16 വയസ് വരെ പ്രായമുള്ള കുട്ടികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇവർ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണു ജോലി ചെയ്തിരുന്നത്. ലഭിച്ചിരുന്ന ശമ്പളം, മാസം അയ്യായിരം മുതൽ ഏഴായിരം വരെയും. സംഭവത്തിൽ ബാലാവകാശ നിയമത്തിലെ 79-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.