-snake-village

സാഹസികവും വേറിട്ട പ്രകൃതി ഭംഗിയും ആസ്വദിക്കാനുമായി യാത്ര ചെയ്യുന്നവരുണ്ട്. അതുപോലെ രുചികളുടെ നാടുതേടി പോകുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ,​ പാമ്പിനെയും കീരിയെയും ഉടുമ്പിനെയും ഭക്ഷണമാക്കുന്ന നാടിനെ കുറിച്ച് കേട്ടിട്ടുണ്ടോ?​ കേരളീയരെ സംബന്ധിച്ചിടത്തോളം ഒട്ടും പരിചിതമല്ലാത്ത ഒരു ഭക്ഷണ സംസ്കാരം പിന്തുടരുന്ന നാടാണ് വിയറ്റ്നാം.

പാമ്പുകളെ ഭക്ഷിക്കാനായി മാത്രം ഈ നാട്ടിലെത്തുന്ന സഞ്ചാരികളുടെ എണ്ണവും വളരെ കൂടുതലാണ്. വിയറ്റ്നാമിലെ ഹാനോയി എന്ന സ്ഥലം പാമ്പുവിഭവങ്ങൾക്ക് പേരുകേട്ടതാണ്. ഹാനോയിലെ മിക്കവാറും എല്ലാ ഭക്ഷ്യശാലയിലും പാമ്പുകളെ പാകം ചെയ്തു വിളമ്പുന്നുണ്ട്. കിഴക്കൻ ഹാനോയിൽ നിന്നും ഏഴുകിലോമീറ്റർ മാറിയാണ് ലെ-മാറ്റ് എന്ന പാമ്പ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. തീർത്തും ഗ്രാമാന്തരീക്ഷമാണ് ലെ- മാറ്റിന്. ഗ്രാമത്തിന്റെ മുഖഛായയുണ്ടെങ്കിലും വ്യത്യസ്തമായ നിരവധി ജീവികളെ പാകം ചെയ്തു വിളമ്പുന്ന കുറെ റസ്റ്റോറന്റുകൾ ഇവിടെയുണ്ട്.

-snake-village

പുറത്തുനിന്നെത്തുന്ന സഞ്ചാരികളൊഴിച്ച് വേറെ സ്വദേശികളായ യാതൊരാളെയും ഈ റെസ്റ്റോറന്റ്കളിൽ കാണാൻ കഴിയില്ല. ഗ്രാമമായതു കൊണ്ട് സ്വഗൃഹത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരാണ് ഭൂരിപക്ഷംപേരും. ട്രോങ് ങ്ങിയ എന്ന റെസ്റ്റോറന്റിലെ പാമ്പുവിഭവങ്ങൾക്കു രുചിയേറെയാണ്. പാമ്പിന്റെ എല്ലാ ഭാഗങ്ങളും ഇവിടെ ഭക്ഷിക്കാനായി നൽകുന്നതാണ്. കഴിക്കാനുള്ള പാമ്പിനെ സ്വയം തന്നെ തിരഞ്ഞെടുക്കാം.

വലുപ്പമനുസരിച്ചാണ് വില. ഒരെണ്ണത്തിന് ഏകദേശം 1800 രൂപയോളമൊക്കെ ചെലവ് വരും. പാമ്പുകൊണ്ടുള്ള വിഭവം തയ്യാറാക്കുന്ന രീതി ഏറെ കൗതുകരമാണ്. വളരെ മൂർച്ചയേറിയ ഒരു കത്തി ഉപയോഗിച്ചാണ് ജീവനുള്ള പാമ്പിനെ വകവരുത്തുന്നത്. ഒലിച്ചിറങ്ങുന്ന ആ ജീവിയുടെ രക്തവും പിത്തരസവും വെവ്വേറേ ഗ്ലാസ്സുകളിൽ ശേഖരിക്കുകയും അവ വോഡ്കയുമായി യോജിപ്പിച്ചതിനു ശേഷം ആ പാനീയം ആവശ്യക്കാർക്ക് കുടിക്കാനായി നൽകുകയും ചെയ്യും. അതുപോലെതന്നെ ആ പാമ്പിന്റെ രക്തത്തിൽ കുതിർന്ന ഹൃദയവും മദ്യത്തിൽ യോജിപ്പിച്ചു ഒറ്റയിറക്കിന് അകത്താക്കാനായി നൽകുന്നതാണ്.

-snake-village

കേരളത്തിലെ ചിക്കനും ബീഫും മട്ടനുമെല്ലാം കൊണ്ട് തയ്യാറാക്കുന്ന എല്ലാ രുചിയേറിയ വിഭവങ്ങളും ഇവിടെ പാമ്പുപയോഗിച്ചു തയ്യാർ ചെയ്തുനൽകും. സ്‌നേക് ത്രോസ്, ഡീപ് ഫ്രൈഡ് സ്‌നേക്, സ്‌നേക് ബേക്ക്ഡ്, സ്‌നേക് ഗ്രിൽഡ് തുടങ്ങി അത്യധികം രുചിയേറിയ വിഭവങ്ങൾ നമ്മൾ വാങ്ങി നൽകിയ പാമ്പുകൊണ്ടു പാകം ചെയ്തു നൽകും ഇവിടെയുള്ള ഓരോ റെസ്റ്റോറന്റുകളും.

വിദേശത്തുനിന്നുള്ള സഞ്ചാരികൾക്കു ആതിഥ്യം വഹിക്കുന്നതുകൊണ്ടു തന്നെ വിസ, മാസ്റ്റർകാർഡ് എന്നിവയൊക്കെ ഈ റെസ്റ്റോറന്റുകളിൽ സ്വീകരിക്കുന്നതാണ്. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് തങ്ങൾക്കു കഴിക്കാൻ ഏറ്റവും താല്പര്യമുള്ളതു ഏതു ജീവിയുടെ മാംസം വേണമെങ്കിലും അവിടെ നിന്ന് തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. അതിനായി റെസ്റ്റോറന്റിന് ചുറ്റും കൂടുകളിൽ പന്നി, കീരി, മരപ്പട്ടി, കുതിര, പ്രാവ്, വിവിധയിനം പക്ഷികൾ, മുയലുകൾ, തുടങ്ങി എണ്ണമറ്റ ജീവികളെ ജീവനോടെ സൂക്ഷിച്ചിട്ടുണ്ട്.