si

ശരിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ഹെൽമറ്റ് ധരിക്കാതെയും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നത് ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടെങ്കിലും ഈ നിയമം അനുസരിക്കുന്നതിൽ പലരും മടിക്കാറുണ്ടെന്നതാണ് സത്യം. പൊലീസിന്റെ വാഹന പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ മാത്രം ഹെൽമറ്റ് ധരിക്കുന്നവരും കുറവല്ല. എന്നാൽ നിയമം സംരക്ഷിക്കേണ്ട പൊലീസുകാർ തന്നെ ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും വാഹനം ഓടിച്ചാൽ എന്തായിരിക്കും സ്ഥിതി. ഇത്തരക്കാർക്കെതിരെ ആര് നടപടിയെടുക്കുമെന്നതും ചോദ്യമാണ്. എന്നാൽ നിയമം തെറ്റിച്ച് ഹെൽമറ്റ് ധരിക്കാതെ ബൈക്കോടിച്ച സബ് ഇൻസ്‌പെക്‌‌ടറെ മുതിർന്ന പൊലീസുദ്യോഗസ്ഥൻ തടഞ്ഞ് നിറുത്തി ശിക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചെന്നൈയിലെ കാമരാജ് ശാലയിൽ പട്ടാപ്പകൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. തിരക്കേറിയ നഗരത്തിലൂടെ യൂണിഫോം ധരിച്ച് ഹെൽമറ്റ് ഇല്ലാതെ ബൈക്കോടിച്ച് വന്ന സബ് ഇൻസ്‌പെക്‌ടറെ അസിസ്‌റ്റന്റ് കമ്മിഷണർ തടഞ്ഞ് നിറുത്തുന്നതും നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് ഓർമിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്. നിയമം തെറ്റിച്ച് വാഹനം ഓടിച്ചതിന് സബ് ഇൻസ്‌പെക്‌ടറെ ശകാരിക്കുന്ന കമ്മിഷണർ വാഹനം വശത്തേക്ക് ഒതുക്കിനിറുത്താൻ പറയുന്നതും വീഡിയോയിൽ കാണാം.എന്നാൽ സബ് ഇൻസ്‌പെക്‌ടർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമല്ല. സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഗതാഗത നിയമം പാലിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും അടുത്തിടെ കമ്മിഷണർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി പരിശോധന നടത്തുമ്പോഴായിരുന്നു എസ്.ഐ കുടുങ്ങിയത്. എന്നാൽ ഇയാൾക്കെതിരെ എന്ത് നടപടിയെടുത്തു എന്ന് വ്യക്തമല്ല.