മാഞ്ചസ്റ്റർ: സച്ചിനുശേഷം ആ ചരിത്രനേട്ടം സ്വന്തമാക്കാൻ ഇറങ്ങുകയാണ് മുൻ നായകൻ എം.എസ് ധോണി. പാകിസ്ഥാനെതിരെയാണ് ഇന്ത്യൻ പോരാട്ടം. കരിയറിലെ 344-ാം ഏകദിനത്തിനാണ് ധോണി ഇന്നിറങ്ങുക. 463 ഏകദിനങ്ങളിൽ ഇന്ത്യക്കായി കളിച്ച സച്ചിൻ ടെൻഡുൽക്കറാണ് ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ കളിച്ച താരം. 448 ഏകദിനങ്ങൾ കളിച്ച ശ്രീലങ്കയുടെ മഹേള ജയവർധനെ ആണ് സച്ചിന് പിന്നിൽ രണ്ടാം സ്ഥാനത്ത്.
സച്ചിൻ ടെൻഡുൽക്കറിന് ശേഷം ഇന്ത്യക്കായി ഏറ്റവും കൂടുതൽ ഏകദിനങ്ങൾ കളിക്കുന്ന മൂന്നാമത്ത കളിക്കാരനെന്ന നേട്ടമാണ് ഇന്ന് ധോണിക്ക് സ്വന്തമാവുക. ഇന്ത്യൻ താരങ്ങളിൽ 344 കളിച്ച രാഹുൽ ദ്രാവിഡാണ് സച്ചിന് പിന്നിൽ രണ്ടാമത്. ഇന്ന് പാക്കിസ്ഥാനെതിരെ ഇറങ്ങുന്നതോടെ ദ്രാവിഡിനൊപ്പം ധോണിയുമെത്തും.
അഫ്ഗാനെതിരായ അടുത്ത മത്സരത്തോടെ ദ്രാവിഡിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്യും. 334 ഏകദിനങ്ങൾ കളിച്ച മുഹമ്മദ് അസ്ഹറുദ്ദീൻ, 311 ഏകദിനങ്ങളിൽ കളിച്ച മുൻ നായകൻ സൗരവ് ഗാംഗുലി എന്നിവരാണ് സച്ചിനും ദ്രാവിഡിനും ധോണിക്കും പിന്നിൽ ഏറ്റവും കൂടുതൽ ഏകദിനങ്ങൾ കളിച്ച ഇന്ത്യൻ താരങ്ങൾ.
ഇന്ന് മാഞ്ചസ്റ്ററിലെ ഒാൾഡ് ട്രാഫോൾഡ് ഗ്രൗണ്ടിൽ കൊടിയേറും. ഇന്ത്യൻ സമയം വൈകിട്ട് മൂന്നിനാണ് മത്സരം. ഇംഗ്ളണ്ടിൽ ശമനമില്ലാതെ തുടരുന്ന മഴയാണ് ഏറ്റവും വലിയ വെല്ലുവിളി. ഇൗ ലോകകപ്പിൽ ഇതുവരെ തോൽവിയറിയാതെയാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങുന്നത്. പാകിസ്ഥാൻ നാല് മത്സരങ്ങളിൽ ഒന്നിലാണ് ജയിച്ചത്. ലോകകപ്പിലെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും പാകിസ്ഥാനെ തോൽപ്പിച്ച ടീമാണ് ഇന്ത്യ.