മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ആളൊരുക്കത്തിന്റെ തിരക്കഥാ കൃത്തും സംവിധായകനുമായ വി.സി അഭിലാഷ് രണ്ടാമത്തെ സിനിമയ്ക്കൊരുങ്ങുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം ആരാധകരെ അറിയിച്ചത്. ആദ്യ ചിത്രം നിർമ്മിച്ച ജോളിവുഡ് മൂവീസിന്റെ ബാനറിൽ തന്നെയാണ് രണ്ടാമത്തെ ചിത്രവും ഒരുങ്ങുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പ്രിയപ്പെട്ടവരെ,
അങ്ങനെ ആളൊരുക്കത്തിന് ശേഷം
എന്റെ രണ്ടാമത്തെ സിനിമ ഒരുങ്ങിത്തുടങ്ങുകയാണ്. 🎬
ആദ്യസിനിമയ്ക്കായി എനിക്ക് വാതിൽ തുറന്ന് തന്ന പ്രിയപ്പെട്ട ജോളി സർ Jolly Lonappan തന്നെ ഞാൻ രചനയും സംവിധാനവും നിർവഹിക്കുന്ന രണ്ടാമത്തെ സിനിമയും ജോളീവുഡ് മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്നു എന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു. ഒരു സിനിമ തീയറ്റർ വിട്ട് പോയിക്കഴിഞ്ഞിട്ടും നിർമ്മാതാവും സംവിധായകനും തമ്മിലുള്ള സൗഹൃദം പൂർവ്വാധികം ഭംഗിയായി അഭംഗുരം തുടരുന്നു എന്നത് വളരെ വലിയൊരു കാര്യമായി ഞാൻ കാണുന്നു.
ആദ്യ സിനിമ-ആളൊരുക്കം-എന്റെ ജീവിതത്തെ തന്നെ വഴിതിരിച്ചുവിട്ട സിനിമയാണ്. കഴിഞ്ഞ വർഷം ഒട്ടേറെ ദേശീയ-അന്തർ ദേശീയ അംഗീകാരങ്ങൾ/ ഫെസ്റ്റിവല്ലുകൾ, പ്രിയപ്പെട്ട നടൻ ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ്, ഒടുവിൽ രാജ്യത്തെ ഏറ്റവും മികച്ച സാമൂഹിക പ്രസക്തിയേറിയ ചിത്രത്തിനുള്ള പുരസ്കാരത്തിലൂടെ ദേശീയ ചലച്ചിത്ര അവാർഡ് വേദിയിൽ വരെ ആളൊരുക്കം ഞങ്ങളെ എത്തിച്ചു. (പിന്നെ ആഗ്രഹിക്കാത്ത കുറേ വിവാദങ്ങളിലേക്കും!
പുതിയ ചിത്രത്തിൽ എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിധത്തിലുള്ള ഒരു പ്രമേയമാണ് ഞങ്ങൾ പറയുന്നത്. മലയാളത്തിനകത്തും പുറത്തും നിന്നുള്ള ഒട്ടേറെ കലാകാരൻമാർ ഈ ചിത്രത്തിലുണ്ടാവും. ടൈറ്റിൽ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കാം എന്ന് കരുതുന്നു. ആളൊരുക്കത്തിന് നൽകിയ പിന്തുണ ഈ ചിത്രത്തിനുമൊപ്പം ഉണ്ടാവണമെന്ന് അഭ്യർത്ഥിയ്ക്കുന്നു. ഒപ്പം, ആളൊരുക്കത്തിലൂടെ എന്റെ സിനിമാസ്വപ്നങ്ങളെ കൈപിടിച്ച് നടത്താൻ സഹായിച്ച പ്രിയപ്പെട്ട വർഗീസിച്ചായൻ Varghese Fernandez, ബെന്നിച്ചായൻ Benny Antony, നാൻസി.. Nancy Ben ഈ സമയം മറക്കാനാവാത്ത പേരുകൾ.