അടുത്ത കാലത്ത് മലയാളി ഏറ്റവും കൂടുതൽ സംസാരിച്ചത് ഫുൾജാർ സോഡയെന്ന പുത്തൻ അതിഥിയെക്കുറിച്ചാണ്. ഉത്തരേന്ത്യയിൽ നിന്നെത്തിയ അതിഥിയെ പരിചയപ്പെടാനായി മലയാളി ജ്യൂസ് ഷോപ്പുകളിൽ ക്യൂ നിന്നപ്പോൾ റോഡിൽ ട്രാഫിക് ബ്ലോക്ക് വരെ ഉണ്ടായത് നാം കണ്ടതാണ്. എന്നാൽ മഴകനത്തതോടെ ഫുൾജാർ സോഡയുടെ വിപണിയും തണുത്തു. ഇപ്പോൾ ട്രെൻഡിംഗായി മാറുന്നത് കറക്ക് ചായയെന്ന പുതിയ അവതാരമാണ്. ഫുൾജാറിനും മുമ്പേ കക്ഷി ഇവിടെയൊക്കെ തന്നെയുണ്ടെങ്കിലും ഇപ്പോഴാണ് മലയാളിയുടെ മെനുവിലേക്ക് കയറിയെന്നതാണ് സത്യം. വെള്ളം ചേർക്കാതെ തിളപ്പിച്ചെടുത്ത പാൽ ഉപയോഗിച്ചാണ് കറക്കി ചായ തയ്യാറാക്കുന്നത്.
കറക്കി ചായ തയ്യാറാക്കുന്ന വിധം
#വെള്ളം – രണ്ടര ഗ്ലാസ് ( ചെറിയ ഗ്ലാസ്)
#പാൽ – രണ്ടര ഗ്ലാസ് ( ചെറിയ ഗ്ലാസ്)
#തേയിലപ്പൊടി – 6 ടീസ്പൂൺ
#പഞ്ചസാര – 6 ടീസ്പൂൺ
# ഏലക്കാ – 2
#ഗ്രാമ്പു – 3
#ഒരു പാനിൽ പാലും മറ്റൊന്നിൽ വെള്ളവും തിളപ്പിക്കുക
#വെള്ളം തിളച്ച് കഴിഞ്ഞാൽ ആവശ്യത്തിന് തേയിലപ്പൊടി, പഞ്ചസാര, ഏലയ്‌ക്ക, ഗ്രാമ്പു ചേർത്ത് അരിച്ചെടുക്കും
#തിളച്ച പാൽ നന്നായി ആറ്റിയെടുത്ത് തണുപ്പിക്കണം.
#ഗ്ലാസിലേക്ക് മുക്കാൽ ഭാഗം ചായക്കൂട്ട് ഒഴിച്ച് അതിന് മുകളിലേക്ക് സ്പൂൺ ഉപയോഗിച്ച് പതപ്പിച്ച് വച്ചിരിക്കുന്ന പാൽപത അൽപ്പാൽപ്പം ചേർക്കാം. പിന്നീട് ഈ ഗ്ലാസ് കയ്യിലെടുത്ത് കറക്കിയെടുക്കുന്നതാണ് രീതി. എന്നാൽ ഇങ്ങനെ കറക്കാൻ കഴിയാത്തവർക്ക് ഒരു അലൂമിനിയം ഫോയിൽ ഉപയോഗിച്ച് ഗ്ലാസ് നന്നായി മൂടിയശേഷം കറക്കിയെടുക്കാം.