ex-mp

തിരുവനന്തപുരം: ജനപ്രതിനിധികളും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമൊക്കെ തങ്ങളുടെ ഔദ്യോഗിക വാഹനങ്ങളിൽ സ്ഥാനപ്പേര് പ്രദർശിപ്പിക്കുന്നത് പതിവാണ്. എന്നാൽ അധികാരം നഷ്‌ടപ്പെട്ടതിന് ശേഷവും തങ്ങളുടെ മുൻ അധികാര സ്ഥാനങ്ങൾ പ്രദർശിപ്പിക്കുന്നവരെ കണ്ടിട്ടുണ്ടോ? അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിൽ എക്‌സ് എം.പി എന്ന ബോർഡ് പ്രദർശിപ്പിച്ച് പാർക്ക് ചെയ്‌തിരിക്കുന്ന വെള്ള ഇന്നോവ കാറിന്റെ ചിത്രമാണിത്. മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ പ്രകാരം ആറ്രിങ്ങലിലെ മുൻ എം.പി ഡോ.എ.സമ്പത്തിന്റെ വാഹനമാണിത്. എന്നാൽ ചിത്രത്തിന്റെ ആധികാരികത വ്യക്തമായിട്ടില്ല.

കമ്യൂണിസ്‌റ്റ് പാർട്ടിയിലെ നേതാക്കൾ, പ്രത്യേകിച്ചും പുതിയ തലമുറയിൽ പെട്ടവർ, എത്രത്തോളം പാർലമെന്ററി വ്യാമോഹങ്ങൾക്ക് അടിമപ്പെട്ടവരാണെന്ന് തെളിയിക്കുന്നതാണ് ഇങ്ങനത്തെ നടപടികളെന്ന് വി.ടി ബൽറാം എം.ൽ.എ പരിഹസിച്ചു. തിരഞ്ഞെടുപ്പിൽ തോറ്റമ്പിയ പല മുൻ എം.പിമാരുടെയും അതിന് ശേഷമുള്ള രോദനങ്ങളും പ്രവർത്തികളും ഇത് തെളിയിക്കുന്നതാണെന്നും അദ്ദേഹം കളിയാക്കി. അതേസമയം, മുൻ എം.പി എന്ന ബോർഡ് വാഹനത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്നാണ് നിയമ വിദഗ്‌ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. സാധാരണ ആരും ഇങ്ങനെ ചെയ്യാറില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വൻ പരിഹാസമാണ് ഉയരുന്നത്. നിങ്ങൾ എക്‌സ് എം.പിയായ പ്രമുഖനെ കണ്ടിട്ടുണ്ടോ, ഇല്ലെങ്കിൽ ആറ്റിങ്ങലിലേക്കു വാ. കൺകുളിർക്കെ കാണാമെന്നാണ് ഒരാൾ കുറിക്കുന്നത്. അയാൾ തോറ്റ എം.പിയാണെങ്കിലും മുൻ സീനിയർ എം.പിയാണ്. അതിനാൽ തീർച്ചയായും ബോർഡ് വേണമെന്നുമാണ് മറ്റൊരാൾ പരിഹസിച്ചത്.

എന്നാൽ ഇത്തരമൊരു ബോർഡുമായി താൻ യാത്ര ചെയ്‌തിട്ടില്ലെന്നാണ് സമ്പത്തിന്റെ പ്രതികരണം.ഇത് സംബന്ധിച്ച പ്രചാരണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല. ചിത്രം ചിലപ്പോൾ വ്യാജമായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.