swamy

ഭോപ്പാൽ : കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭോപ്പാലിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായ ദിഗ്‌വിജയ് സിംഗ് വിജയിക്കുമെന്ന് പ്രവചിച്ച സ്വാമി വൈരാഗ്യാനന്ദ് ആത്മഹത്യ ചെയ്യാൻ അനുമതി തേടി അധികൃതരെ സമീപിച്ചു. ദിഗ്‌വി‌‌‌ജയ് സിംഗ് തോൽക്കുകയാണെങ്കിൽ ആത്മഹൂതി ചെയ്യുമെന്നും സ്വാമി പറഞ്ഞിരുന്നു.

എന്നാൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ പ്രഗ്യ സിംഗ് ജയിച്ചതോടെ സോഷ്യൽ മീഡിയയിലൂടെ വിവാദ സ്വാമിക്കെതിരെ ട്രോളുകൾ വരാൻ തുടങ്ങി. എന്താ ആത്മഹത്യ ചെയ്യാത്തതെന്ന് ചോദിച്ച് ധാരാളം ആളുകൾ രംഗത്ത് വന്നു. ഇതിൽ മനംനൊന്താണ് സമാധിയാകാൻ അനുമതി തേടി സ്വാമി കളക്ടറെ സമീപിച്ചത്.

അതേസമയം സ്വാമിയുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ഐ.ജിക്ക് കത്തയച്ചുവെന്ന് കളക്ടർ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് തോട്ട് മുമ്പ് സ്വാമി വൈരാഗ്യാനന്ദിന്റെ കാർമ്മികത്വത്തിൽ ഒരു യജ്ഞം നടത്തിയിരുന്നു. ഇതിൽവച്ചാണ് ദിഗ്‌വിജയ് സിംഗ് തോറ്റാൽ ആത്മഹത്യ ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.