flood-relief

 സംസ്ഥാനം കേന്ദ്രം വഴി ശ്രമിച്ചതുമില്ല

തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾക്ക് വിദേശത്തു നിന്ന് ധനസഹായം തേടാൻ കേന്ദ്രം അനുമതി നൽകിയില്ലെന്ന് പറഞ്ഞ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി കേന്ദ്രത്തിന്റെ വിശദീകരണം. ഏതെങ്കിലും വിദേശ രാജ്യത്തു നിന്ന് പ്രളയവുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുള്ള കത്തോ പ്രൊപ്പോസലോ ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ അറിയിപ്പ്. ഔദ്യോഗിക തലത്തിൽ ഇത്തരം ശുപാർശകളുണ്ടെങ്കിൽ മാത്രമാണ് കേന്ദ്രത്തിന് അനുമതി നൽകാനാവുക. ഇതോടെ കേരളം പ്രതിരോധത്തിലാവുകയാണ്. നിയമസഭയിൽ പ്രതിപക്ഷത്തു നിന്ന് ഷാഫി പറമ്പിൽ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്. പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി ധനസഹായം നൽകുന്നതിന് യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ സന്നദ്ധത അറിയിച്ചിരുന്നു. ഇത് സ്വീകരിക്കാൻ കേന്ദ്രത്തോട് അനുമതി തേടിയിരുന്നെന്ന് മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി.

നേരിട്ട് സ്വീകരിക്കാനാവില്ല

വിദേശ രാജ്യങ്ങൾ കേരളത്തോട് സഹായ സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാർ മുഖേന ശ്രമിച്ചിരുന്നെങ്കിൽ ഗുണം ചെയ്തേനെയെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. അതില്ലാതെ പോയതാണ് പാളിച്ചയായത്. സംസ്ഥാനത്തിന് നേരിട്ട് വിദേശ സഹായം സ്വീകരിക്കാൻ കഴിയില്ല. ഇക്കാര്യം ഇപ്പോൾ മുഖ്യമന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയിരിക്കുകയാണ്. പ്രതിപക്ഷം ഇത് വരും ദിവസങ്ങളിൽ ആയുധമാക്കിയേക്കും.