കോട്ടയം: ഇന്ന് ചേർന്ന ബദൽ സംസ്ഥാന സമിതി യോഗത്തിൽ പാർട്ടി ചെയർമാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതോടെ കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ പിളർപ്പ് പൂർണമായി. പിളർപ്പ് ഒഴിവാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ശ്രമിച്ചെങ്കിലും ഇന്നത്തെ യോഗത്തിൽ പങ്കെടുത്ത മുഴുവൻ പേരും പിളർപ്പ് വേണമെന്ന ആവശ്യം ഉന്നയിച്ചു. എന്നാൽ യോഗത്തിൽ നിന്നും സി.എഫ്.തോമസ് അടക്കമുള്ള മുതിർന്ന നേതാക്കൾ വിട്ടുനിന്നു. എട്ട് ജില്ലാ പ്രസിഡന്റുമാരും 325 സംസ്ഥാന സമിതി അംഗങ്ങളും യോഗത്തിനെത്തിയെന്ന് ജോസ്.കെ..മാണി വിഭാഗം അവകാശപ്പെട്ടു. കെ.എം. മാണിയുടെ മരണത്തോടെ കേരളകോൺഗ്രസ് എമ്മിൽ ജോസഫ് - ജോസ് വിഭാഗങ്ങൾ തമ്മിൽ ഉടലെടുത്ത അധികാരത്തർക്കത്തിന്റെ പരിസമാപ്തിയായുള്ള പിളർപ്പാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
താത്ക്കാലിക ചെയർമാനായി ജോസഫിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചതിനാൽ അദ്ദേഹത്തിന്റെ നിർദ്ദേശമില്ലാതെ സമാന്തര കമ്മിറ്റി വിളിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കാനും കൂറുമാറ്റ നിരോധന നിയമം വഴി എം.പി, എം.എൽ.എമാരെ അയോഗ്യരാക്കാമെന്നുമാണ് ജോസഫ് വിഭാഗം വിശ്വസിക്കുന്നത്. ജോസഫിനെ താൽക്കാലിക ചെയർമാനായി തിരഞ്ഞെടുത്തിട്ടില്ലെന്ന് ജോസ് വിഭാഗവും തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നൽകിയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം നിർണായകമായിരിക്കും. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നവർ പാർട്ടിയിൽ നിന്നും സ്വയം പുറത്ത് പോകുമെന്ന് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫും വ്യക്തമാക്കിയിരുന്നു. ജോസ്.കെ.മാണിയെ പാർട്ടിയുടെ ചെയർമാനായി പ്രഖ്യാപിച്ചതോടെ ജോസഫ് ഇനി എന്ത് നിലപാടെടുക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പാർട്ടിയിലെ അഞ്ച് എം.എൽ.എമാരിൽ മൂന്ന് പേരുടെ പിന്തുണ തനിക്കുള്ളതിനാൽ കടുത്ത നടപടികളിലേക്ക് ജോസഫ് കടക്കുമെന്നാണ് വിവരം.