priyanka-gandhi

ന്യൂഡൽഹി: പാർട്ടിയിലെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും 2022ൽ ഉത്തർപ്രദേശിൽ ഭരണം പിടിക്കുന്നതിനുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ വൻ പരിപാടികൾക്കൊരുങ്ങി കോൺഗ്രസ്. സംസ്ഥാനത്ത് തന്റെ സന്ദർശനങ്ങൾ വർദ്ധിപ്പിക്കാനും രണ്ടാഴ്‌ചയിൽ ഒരിക്കൽ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്‌ച നടത്താനുമാണ് പ്രിയങ്കയുടെ തീരുമാനം. അടുത്തിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടെങ്കിലും 2022ൽ ഉത്തർപ്രദേശിൽ ഭരണം പിടിക്കാനായാൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത് നേട്ടമാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.ഒരു പാർട്ടിയുമായും സഖ്യമില്ലാതെ 2022ൽ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പാർ‌ട്ടിയുടെ താഴേത്തട്ടിലുള്ള പ്രവർത്തകരുമായി ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി രണ്ടാഴ്‌ചയിൽ ഒരിക്കൽ പ്രിയങ്കാ ഗാന്ധി പ്രവർത്തകരെ കാണും. പാർട്ടി നേതാക്കളും പ്രവർത്തകരും തമ്മിൽ നല്ല രീതിയിലുള്ള ബന്ധമുണ്ടെങ്കിൽ മാത്രമേ തിരഞ്ഞെടുപ്പിനെ ഫലപ്രദമായി നേരിടാനാകൂ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം.ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായതെന്നും ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചു. സംസ്ഥാനത്ത് പ്രിയങ്കാ ഗാന്ധി നടത്തുന്ന സന്ദർശനങ്ങളുടെ എണ്ണം കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം യു.പി.എ അദ്ധ്യക്ഷയും തന്റെ അമ്മയുമായ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്‌ബറേലിയിൽ എത്തിയ പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പ്രവർത്തനത്തിലെ പോരായ്‌മയാണെന്ന് വിമർശിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാത്ത പ്രവർത്തകരെ താൻ കണ്ടെത്തുമെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ പാർട്ടിക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത നിരവധി പ്രവർത്തകരുടെ അദ്ധ്വാനത്തെ കണ്ടില്ലെന്ന് നടിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിതയായ പ്രിയങ്കാ ഗാന്ധി സംസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രചാരണമാണ് നടത്തിയത്. എന്നാൽ 80 സീറ്റുകളുള്ള ഉത്തർപ്രദേശിൽ നിന്ന് ഒരെണ്ണത്തിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. പാർട്ടി പ്രസിഡന്റ് രാഹുൽ ഗാന്ധി മത്സരിച്ച അമേത്തിയിൽ പോലും പരാജയം ആയിരുന്നു ഫലം. അതേസമയം, നിലവിലെ നിയമസഭാംഗങ്ങൾ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 11 മണ്ഡലങ്ങളിൽ ശക്തമായ പ്രകടനം കാഴ്‌ച വയ്‌ക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്.