മാഞ്ചസ്‌റ്റർ: ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ പാകിസ്ഥാന്റെ കുന്തമുനയായ പേസ് ബൗളർ മുഹമ്മദ് ആമിർ ഒരിക്കൽ കൂടി നിയമം തെറ്റിച്ചാൽ മത്സരത്തിൽ ബൗൾ ചെയ്യുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തുമെന്ന് അമ്പയർമാരുടെ മുന്നറിയിപ്പ്. മത്സരത്തിനിടെ പിച്ചിന്റെ ഡേഞ്ചർ ഏരിയയിൽ പ്രവേശിച്ചതിന് രണ്ട് തവണയാണ് അമ്പയർമാർ ആമിറിന് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയത്. ഇനിയും തെറ്റ് ആവർത്തിച്ചാൽ മത്സരത്തിൽ ബൗള് ചെയ്യുന്നതിൽ നിന്നും ആമിറിനെ വിലക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ പാകിസ്ഥാന് കനത്ത തിരിച്ചടിയാകും.
മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ബാറ്റിംഗിന് അയയ്‌ക്കുകയായിരുന്നു. പാക് ക്യാപ്‌ടന്റെ തീരുമാനം ശരിവയ്‌ക്കുന്ന വിധം മെയ്‌ഡൻ ഓവറുമായിട്ടായിരുന്നു ആമിറിന്റെ ബൗളിംഗ് തുടക്കം.എന്നാൽ തന്റെ രണ്ടാം ഓവറിലെ മൂന്നാമത്തെ പന്തിലാണ് ആമിറിന് ആദ്യ വാണിംഗ് ലഭിക്കുന്നത്. ഇതിന് മുമ്പ് അമ്പയർമാർ ഇക്കാര്യം ആമിറിനോട് സൂചിപ്പിച്ചെങ്കിലും താരം ചെവിക്കൊണ്ടില്ല. ഇതിന് പിന്നാലെ തന്നെ രണ്ടാമത്തെ വാണിംഗും ആമിറിനെ തേടിയെത്തി. അഞ്ചാമത്തെ ഓവറിലായിരുന്നു സംഭവം. ഇതിനെതിരെ പാക് ക്യാപ്‌ടൻ സർഫറാസ് അഹമ്മദ് അമ്പയറെ പ്രതിഷേധം അറിയിക്കുന്നതും കാണാമായിരുന്നു.