കൊൽക്കത്ത:ഡോക്ടർമാരുടെ ദേശീയ പണിമുടക്ക് ഇന്ന് നടക്കാനിരിക്കെ, പശ്ചിമബംഗാളിൽ സമരം നടത്തുന്ന ഡോക്ടർമാർ മുഖ്യമന്ത്രി മമത ബാനർജിയുമായി സോപാധിക ചർച്ചയ്‌ക്ക് സന്നദ്ധത അറിയിച്ചു. ചർച്ച അടച്ചിട്ട മുറിയിലല്ല, മാദ്ധ്യമങ്ങൾക്കു മുന്നിൽ വേണമെന്നാണ് ഡോക്ടർമാരുടെ ഉപാധി.
ഇന്നലെ രാവിലെ നടന്ന ജൂനിയർ ഡോക്ടർമാരുടെ സംഘടനയുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഇതോടെ ഡോക്ടർമാരെ തെരുവിലിറക്കിയ പ്രതിസന്ധി അയയാൻ വഴിയൊരുങ്ങി.
പ്രതിസന്ധി അവസാനിപ്പിക്കാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട്. ചർച്ചയിലൂടെ ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച്, സാധാരണ ജനങ്ങളുടെ ബുദ്ധമുട്ടുകൾ പരിഹരിക്കാൻ എത്രയും വേഗം ഡ്യൂട്ടിയിൽ പ്രവേശിക്കണമെന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി തിരഞ്ഞെടുക്കുന്ന വേദിയിൽ ചർച്ചയാവാം. പക്ഷേ ചർച്ച മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ ആയിരിക്കണം. ഡോക്ടർമാരുടെ വിവിധ സംഘടനാപ്രതിനിധികളെയും മാദ്ധ്യമ പ്രവർത്തകരെയും ഉ8ക്കൊള്ളാൻ പറ്റുന്ന വേദിയായിരിക്കണം. അടച്ചിട്ട മുറിയിലെ ചർച്ച പറ്റില്ല. പ്രശ്ങ്ങൾ പരിഹരിക്കുന്നതു വരെ സമരം തുടരേണ്ടി വരും. - യോഗത്തിന് ശേഷം സംഘടനയുടെ വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് ചർച്ച നടത്താൻ സാദ്ധ്യമല്ലെന്ന നിലപാട് അവർ ആവർത്തിക്കുകയാണ് ചെയ്‌തത്.
ഡോക്ടർമാരുടെ നിലപാടിനെ തൃണമൂൽ കോൺഗ്രസും സംസ്ഥാന ബി. ജെ. പിയും സ്വാഗതം ചെയ്‌തിട്ടുണ്ട്. എന്നാൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ചർച്ച നടത്തുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് തൃണമൂൽ നേതാവ് ശോഭൻ ദേബ് ചതോപാദ്ധ്യായ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഡോക്ടർമാരുടെ എല്ലാ ആവശ്യങ്ങളും ഗവൺമെന്റ് അംഗീകരിച്ചതായി ശനിയാഴ്ച മമത അറിയിച്ചിരുന്നു. എന്നാൽ സെക്രട്ടേറിയേറ്റിൽ വച്ച് ചർച്ച നടത്താനുള്ള മമതയുടെ ക്ഷണം ഡോക്ടർമാർ നിരസിക്കുകയായിരുന്നു.
അതിനിടെ ഇന്നത്തെ പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന് ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടർമാരുടെ സംഘടന അറിയിച്ചു.
ബംഗാളിലെ എൻ.ആർ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 85കാരനായ രോഗി മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്നാരോപിച്ച്, ബന്ധുക്കൾ രണ്ട് ജൂനിയർ ഡോക്ടർമാരെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് ജൂനിയർ ഡോക്ടർമാർ സമരം ആരംഭിച്ചത്. പിന്നീട് രാജ്യമെമ്പാടും സമരം വ്യാപിക്കുകയായിരുന്നു.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, 500ഓളം ഡോക്ടർമാരാണ് ബംഗാളിലെ സർക്കാർ ആശുപത്രികളിൽനിന്ന് രാജിവച്ചത്. സമരത്തിന്റെ ആറാം ദിവസമായ ഇന്നലെയും ബംഗാളിലെ ആശുപത്രികൾ സ്‌തംഭിച്ചു.
സമരം രാജ്യമെമ്പാടും വ്യാപിച്ചതോടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തിന് കത്തയയ്‌ക്കുകയും സമരത്തെ പറ്റി റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു..