heat

പാട്ന: ഉഷ്ണതരംഗം ശക്തമായ ബീഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 45 മരണം. നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്കു പടിഞ്ഞാറൻ ബീഹാറിലെ ഔറംഗാബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലാണ് കൂടുതൽ മരണം.

45.8 ഡിഗ്രി സെൽഷ്യസാണ് ഇവിടങ്ങളിൽ രേഖപ്പെടുത്തിയ ശരാശരി താപനില. അഞ്ചു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന ചൂടാണിത്. 31 ഡിഗ്രി സെൽഷ്യസ് ആണ് കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന ചൂട്. ശനിയാഴ്ച രാത്രിവരെ ഉഷ്ണതരംഗത്തെ തുടർന്ന് 27 പേർ മരിച്ചതായി ഔറംഗാബാദ് സിവിൽ സർജൻ ഡോ. സുരേന്ദ്ര പ്രസാദും, ഗയയിൽ 14 പേർ മരിച്ചതായി ജില്ലാ മജിസ്‌ട്രേട്ട് അഭിഷേക് സിംഗും പറഞ്ഞു. നവാഡയിൽ നാലു പേർ മരിച്ചു. കടുത്ത ചൂടു കാരണം പാട്നയിലെ എല്ലാ സ്കൂളുകളും ബുധനാഴ്ച വരെ അടച്ചിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.