fuel

കൊച്ചി: സാമ്പത്തിക തളർച്ചയിൽ നിന്ന് ഇന്ത്യ ഇനിയും മുക്തമായിട്ടില്ലെന്ന സൂചന ശക്തമാക്കി ഇന്ധന ഉപഭോഗം നിർജീവമായി തുടരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2018-19) അവസാനപാദമായ ജനുവരി-മാർച്ചിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച അഞ്ചുവർഷത്തെ താഴ്‌ചയായ 5.8 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനവും ഇന്ത്യയ്ക്ക് നഷ്‌ടപ്പെട്ടിരുന്നു.

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ളാനിംഗ് ആൻഡ് അനലിസിസ് സെല്ലിന്റെ (പി.പി.എ.സി) റിപ്പോർട്ട് പ്രകാരം മേയിൽ 18.61 മില്യൺ ടണ്ണാണ് ഇന്ധന ഉപഭോഗം. മുൻവർഷത്തെ സമാന മാസത്തെ അപേക്ഷിച്ച് വളർച്ചയില്ല. മാത്രമല്ല, മേയിൽ വാഹന വില്‌പന വലിയ തളർച്ച നേരിട്ടു. റെയിൽവേ ചരക്കുനീക്കവും ആഭ്യന്തര വിമാന യാത്രികരുടെ എണ്ണവും കുറഞ്ഞു. നടപ്പു വർഷവും ജി.ഡി.പി വളർച്ച നിരാശപ്പെടുത്തുമെന്ന സൂചനകളാണ് എല്ലാ മേഖലകളിൽ നിന്നുമുള്ള കണക്കുകൾ നൽകുന്നത്.

റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമെൻ ഡിമാൻഡ് 8.4 ശതമാനം ഇടിഞ്ഞതാണ് മേയിലെ പ്രധാന തിരിച്ചടി. ഡീസൽ ഉപഭോഗം 2.84 ശതമാനം മാത്രം ഉയർന്ന്, 7.78 മില്യൺ ടണ്ണിലെത്തി. പെട്രോൾ വിലയുമായുള്ള അന്തരം കുറയുന്നതാണ് ഡീസൽ ഉപഭോഗത്തെ ബാധിക്കുന്നത്. 2.73 മില്യൺ ടൺ പെട്രോൾ മേയിൽ വിറ്റഴിഞ്ഞു; വളർച്ച 7.73 ശതമാനം. പാചക വാതക ഉപഭോഗം 2.06 മില്യൺ ടണ്ണാണ്. വളർച്ച നിർജീവം. നാഫ്‌ത വില്‌പന 7.73 ശതമാനം വളർന്ന് 1.09 മില്യൺ ടണ്ണായി.

18.61 മില്യൺ ടൺ

മേയിൽ ഇന്ത്യയിലെ ഇന്ധന ഉപഭോഗം 18.61 മില്യൺ ടൺ. 2018 മേയ് മാസത്തെ അപേക്ഷിച്ച് വളർച്ചയില്ല. ഏപ്രിലിൽ 17.67 മില്യൺ ടൺ ഇന്ധനം വിറ്റഴിഞ്ഞു. ഇടിവ് 0.6 ശതമാനം.

വിലക്കുതിപ്പില്ല

പൊതുവേ തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞാൽ ഇന്ധനവില കുതിക്കാറുണ്ട്. എന്നാൽ, ഇക്കുറി പതിവിന് വിരുദ്ധമായി വില താഴുകയാണ്. ഈമാസം ഒന്നിന് പെട്രോൾ വില ലിറ്ററിന് (തിരുവനന്തപുരം) 74.76 രൂപയായിരുന്നു. ഇന്നലെ വില 73.18 രൂപ. ഡീസൽ വില 71.57 രൂപയായിരുന്നത് 68.69 രൂപയിലേക്കും കുറഞ്ഞു.