pulwama

ശ്രീനഗർ: ജമ്മു കാശ്മീരിൽ പുൽവാമ മോഡൽ ഭീകരാക്രമണത്തിന് പദ്ധതിയുണ്ടെന്ന് മുന്നറിയിപ്പ്.

യു.എസ്, പാക് രഹസ്യാന്വേഷണ വിഭാഗങ്ങളാണ് മുന്നറിയിപ്പ് നൽകിയത്. ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പാകിസ്ഥാൻ വിവരം കൈമാറിയെന്നാണ് റിപ്പോർട്ടുകൾ. പുൽവാമയിൽ ഉണ്ടായ രീതിയിൽ ഭീകരർ സ്ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് ജമ്മുകാശ്മീരിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.

കാശ്മീരിലെ ത്രാൽ മേഖലയിൽ കഴിഞ്ഞ മാസം അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘം അൻസാർ ഘസ്വാതുൽ ഹിന്ദ് തലവൻ സാകിർ മൂസയെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പകരം വീട്ടാനാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, ഷാങ്ഹായ് ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ചർച്ചക്കില്ലെന്ന് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് മുന്നറിയിപ്പുണ്ടായിരിക്കുന്നത്.