1. കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു. ജോസ്. കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തിരഞ്ഞെടുത്തു. തീരുമാനം, സമാന്തര സമിതി യോഗത്തില്‍. എട്ട് ജില്ലാ പ്രസിഡന്റുമാര്‍ ആണ് ജോസ്.കെ മാണി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. മുതിര്‍ന്ന നേതാവ് ഇ.ജെ അഗസ്റ്റിയാണ് ജോസ്.കെ മാണിയുടെ പേര് നിര്‍ദ്ദേശിച്ചത്. 320 സമിതി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു എന്ന് മാണി വിഭാഗം. നിലവില്‍ മൂന്ന് എം.എല്‍.എമാര്‍ പി.ജെ ജോസഫിനൊപ്പമാണ്. രണ്ട് പേര്‍ മാത്രമാണ് ജോസ്.കെ മാണിയ്ക്ക് ഒപ്പമുള്ളത്
2. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും ജോസ്.കെ മാണിയുടെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ പിന്തുണച്ചു. അഞ്ച് എം.എല്‍.എമാരില്‍ യോഗത്തിന് എത്തിയത് രണ്ട് പേര്‍ മാത്രം. നിര്‍ണായക ഘട്ടത്തില്‍ കൂടെ നിന്ന പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് ജോസ്.കെ മാണി. മാണിയുടെ രാഷ്ട്രീയം ഉയര്‍ത്തി പിടിക്കും. മുന്നോട്ടുള്ള പാതയില്‍ കെ.എം മാണി ഒപ്പമുണ്ട്. പാര്‍ട്ടി ഒറ്റക്കെട്ടാണ് എന്നതിന് തെളിവാണ് യോഗത്തിലെ പങ്കാളിത്തമെന്നും കര്‍ഷകരുടെയും അധ്വാന വര്‍ഗത്തിന്റെയും രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുമെന്നും ജോസ്.കെ മാണി.
3. സി.എഫ് തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ട് നിന്നു. ജോയ് എബ്രഹാമും തോമസ് ഉണ്ണിയാടനും യോഗത്തില്‍ പങ്കെടുത്തില്ല. സി.എഫ് തോമസും തോമസ് ഉണ്ണിയാടനും ജോയ് എബ്രഹാമും ഉള്‍പ്പെടെ 28 അംഗ ഹൈപവര്‍ കമ്മിറ്റിയിലെ 15 പേര്‍ ജോസഫിന് ഒപ്പമാണ്. പാര്‍ട്ടിയില്‍ തുടരുമെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കുന്ന കേരള കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കും. സമവായത്തിന്റെ പാത ഇപ്പോഴും അടഞ്ഞിട്ടില്ല
4. ഇന്നത്തെ നടപടികള്‍ സമാവായ ശ്രമത്തിന് വിള്ളല്‍ വീഴ്ത്തി. കേരള കോണ്‍ഗ്രസ് എം എന്ന പേര് താന്‍ ഉള്‍പ്പെടെ ഉള്ളവര്‍ നല്‍കിയതാണെന്നും മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്നും സി.എഫ് തോമസ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം സമാവായത്തിന് ശ്രമിക്കുന്നതിനിടെ ആണ് കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പ്. പാര്‍ട്ടിയിലെ പരമോന്നത സമിതി സംസ്ഥാന കമ്മിറ്റി ആയതിനാല്‍ തന്നെ അതിന്റെ തീരുമാനങ്ങള്‍ക്കാകും മുന്‍ഗണന. ജോസ്.കെ മാണി വിളിച്ച യോഗത്തിന് നിയമസാധുതയുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാകും പാര്‍ട്ടിയുടെയും ചെയര്‍മാന്റെയും ഭാവി
5. സമീപ കാലത്ത് സര്‍ക്കാര്‍ എടുത്ത വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം, കാര്‍ട്ടൂണ്‍ വിവാദം,കുന്നത്തുനാട് നിലം നികത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ലെന്ന് വി.എസ. ഇക്കാര്യങ്ങളില്‍ ഗൗരവമായ പുനപരിശോധന ആവശ്യമാണെന്ന് കാണിച്ച് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
6. പൊലീസ് കമ്മീഷണറേറ്റ് രൂപീകരിച്ച് പൊലീസിന് മജിസ്റ്റിരിയല്‍ അധികാരം നല്‍കാനുള്ള നീക്കത്തിനെതിരെ സി.പി.ഐ രംഗത്ത് വന്നതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാരകമ്മീഷന്‍ അധ്യക്ഷനുമായ വി.എസ് സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. കാര്‍ട്ടൂണ്‍ വിവാദത്തില്‍ ഏതെങ്കിലും മതസംഘടനകള്‍ പറയുന്നത് കേട്ട് വീണ്ട് വിചാരമില്ലാതെ എടുത്ത് ചാടരുതെന്നും അങ്ങനെ സംഭവിച്ചാല്‍ മറ്റ് വര്‍ഗ്ഗീയ സംഘടനകള്‍ക്ക് അത് വളമാകുമെന്നും വി.എസ്. മതചിഹ്നങ്ങളെ അവഹേളിച്ചത് കാര്‍ട്ടൂണിസ്റ്റല്ല,ബിഷപ്പ് ഫ്രാങ്കോ ആണെന്നും കത്തില്‍ വി.എസ്
7. വായു ചുഴലിക്കാറ്റിന്റെ ഭീതി വിട്ടൊഴിയാതെ ഗുജറാത്ത് തീരം. വായു അതിതീവ്ര ചുഴലി കൊടുങ്കാറ്റായി തന്നെ തുടരുന്നു. നാളെ വൈകുന്നേരത്തോടെ വടക്കന്‍ ഗുജറാത്ത് തീരത്തേക്ക് അടുക്കും എന്നാണ് നിലവിലെ കാലാവസ്ഥാ പ്രവചനം. ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും തീരത്ത് കനത്ത മഴ തുടരുന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
8. സംസ്ഥാനവും വായു ഭീതിയില്‍. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരളാ തീരത്ത് മൂന്ന് മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കുമെന്നും മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച വരെ കേരളത്തിലും ലക്ഷദ്വീപിലും വ്യാപക മഴയ്ക്കു സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറില്‍ കേരള തീരത്തും ലക്ഷദ്വീപിലും പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 35 മുതല്‍ 45 കീലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട് . മല്‍സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി
9. പശ്ചിമ ബംഗാളില്‍ ആരോഗ്യമേഖലയെ സ്തംഭിപ്പിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം ഏഴാം ദിവസത്തേക്ക് കടന്ന സാഹചര്യത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കൊല്‍ക്കത്തയില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോകടര്‍മാര്‍. അടച്ചിട്ട മുറിയില്‍ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ട്. ചര്‍ച്ചയുടെ സ്ഥലം സംബന്ധിച്ച അഭിപ്രായം ഇന്ന് ചേരുന്ന യോഗത്തിന് ശേഷം അറിയിക്കും. പ്രശ്നം പരിഹരിക്കപ്പെടണം എന്ന് ആവശ്യമെന്ന് ഡോക്ടര്‍മാരും അറിയിച്ചു.
10. മമത ബാനര്‍ജി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഡോക്ടര്‍മാര്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് മമത ഉന്നത തല യോഗം വിളിച്ച് സമരം ചെയ്യുന്ന ഡോക്ടമാര്‍ക്ക് സമരം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഡോക്ടര്‍മാരുടെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചെന്നും അത് ഡോക്ടര്‍മാര്‍ കേള്‍ക്കാന്‍ തയ്യാറായില്ല എന്നുമാണ് മമത ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സമരം രാജ്യമാകെ വലിയ പ്രതിക്ഷേധമാക്കി കൊണ്ടുവരാന്‍ ഡോക്ടര്‍മാരുടെ സംഘടനയും തീരുമാനം എടുത്തതിന് പിന്നാലെയാണ് സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം മമതയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
11. ലോകകപ്പ് ക്രിക്കറ്റിലെ ആവേശ പോരാട്ടമായ ഇന്ത്യ പാക് മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ശിഖര്‍ ധവാന് പകരം ഓപ്പണിംഗിന് ഇറങ്ങിയ കെ.എല്‍ രാഹുലിന്റെ വിക്കറ്റ് വീഴ്ത്തി വഹാബ് റിയാസ്. 57 റണ്‍സ് എടുത്ത് അര്‍ദ്ധ സെഞ്ച്വറിയുമായാണ് രാഹുല്‍ പുറത്തായത്. ലോകകപ്പില്‍ പാകിസ്ഥാന് എതിരെ മികച്ച ഓപ്പണിംഗ് നല്‍കിയ കെ.എല്‍ രാഹുലും രോഹിത് ശര്‍മ്മയും അര്‍ദ്ധ സെഞ്ച്വറി നേടി. ലോകകപ്പില്‍ പാകിസ്ഥാന് എതിരെ ഇന്ത്യയുടെ ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ന് നേടിയ 136 റണ്‍സ്. ഇന്ത്യയുടെ ബാറ്റിംഗ് പുരോഗമിക്കുന്നു. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ക്രീസില്‍