ന്യൂഡൽഹി: രാജ്യത്ത് റീട്ടെയിൽ വാഹന വില്‌പന മേയിൽ 7.5 ശതമാനം ഇടിഞ്ഞുവെന്ന് ഡീലർമാരുടെ കൂട്ടായ്‌മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ (ഫാഡ) റിപ്പോർട്ട്. മേയിൽ മൊത്ത വില്‌പന 8.62 ശതമാനം ഇടിഞ്ഞുവെന്ന് വാഹന നിർമ്മാതാക്കളുടെ സംഘടനയായ സൊസൈറ്രി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സും (സിയാം) വ്യക്തമാക്കിയിരുന്നു. അടുത്ത ഒന്നര മാസത്തേക്ക് കൂടി തളർച്ച തുടരുമെന്ന വിലയിരുത്തലാണ് ഡീലർമാർക്കും നിർമ്മാതാക്കൾക്കുമുള്ളത്.
ടൂവീലർ വിപണിയിലാണ് ഏറ്റവും വലിയ തളർച്ച. ഇൻഷ്വറൻസ് നിരക്കിലെ വർദ്ധന, പണലഭ്യതക്കുറവ്, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ തളർച്ച, ബി.എസ്-6 എൻജിൻ നിർബന്ധമാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ എന്നിവ വില്‌പനയെ ബാധിക്കുന്നുണ്ട്. നിർമ്മാതാക്കളുടെ കണക്കനുസരിച്ച് മേയിൽ 2.39 ലക്ഷം പാസഞ്ചർ വാഹനങ്ങളാണ് വിറ്റുപോയത്; ഇടിവ് 20.55 ശതമാനം. ഫാഡയുടെ റിപ്പോർട്ടിൽ ഇടിവ് ഒരു ശതമാനമാണ്. വിറ്റുപോയ വാഹനങ്ങൾ 2.51 ലക്ഷം. ടൂവീലർ വില്‌പന 8.6 ശതമാനം കുറഞ്ഞ് 14.07 ലക്ഷം യൂണിറ്റുകളായി. 2018 മേയിൽ 15.40 ലക്ഷം ടീവീലറുകൾ വിറ്റുപോയിരുന്നു.
നഷ്‌ടക്കണക്ക്
(ഫാഡയുടെ റിപ്പോർട്ടുപ്രകാരം)
പാസഞ്ചർ വിപണി : 1.0%
ടൂവീലർ : 8.6%
വാണിജ്യ വാഹനം: 7.80%
ത്രീവീലർ : 4.0%
മൊത്തം നഷ്‌ടം : 7.50%
17.71 ലക്ഷം
റീട്ടെയിൽ വിപണിയിൽ കഴിഞ്ഞമാസം 17.71 ലക്ഷം വാഹനങ്ങൾ വിറ്റഴിഞ്ഞു. 7.50 ശതമാനമാണ് ഇടിവ്. 2018 മേയിൽ 19.14 ലക്ഷം വാഹനങ്ങൾ വിറ്റഴിഞ്ഞിരുന്നു.