തിരുവനന്തപുരം: മുൻ ആറ്റിങ്ങൽ എം.പി സമ്പത്തിന്റെ കാറാനെന്ന പേരിൽ എക്സ് എം.പി എന്ന് എഴുതിയ ഒരു കാറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. KL-01, BR-657 എന്ന നമ്പരിലുള്ള കാറിലാണ് 'Ex.MP' എന്ന് പതിപ്പിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ നിരവധി ട്രോളുകളും വന്നിരുന്നു. ഇതിനെതിരെ സമ്പത്തിന്റെ ഡ്രെെവർ പ്രസാദ് ഏലംകുളം രംഗത്തെത്തി.
സമ്പത്തുമായി താൻ പലസ്ഥലങ്ങളിലും പോയെന്നും അവിടെ വച്ചൊന്നും സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോർഡ് അവിടെ എങ്ങിനെ വന്നെന്നും പ്രസാദ് ചോദിക്കുന്നു. . സമ്പത്തിന് കേരളത്തിൽ സഞ്ചരിക്കാൻ ഒരു ബോർഡിന്റെയും സഹായം ആവശ്യമില്ലെന്നും കുത്തിതിരിപ്പിന്റെ രാഷ്ട്രീയം അത് ഇവിടെ വിലപ്പോവില്ലെന്നും പ്രസാദ് ഫേസ്ബുക്കിൽ കുറിക്കുന്നു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിൽ എക്‌സ് എം.പി എന്ന ബോർഡ് പ്രദർശിപ്പിച്ച് പാർക്ക് ചെയ്‌തിരിക്കുന്ന വെള്ള ഇന്നോവ കാറിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ പ്രകാരം ആറ്രിങ്ങലിലെ മുൻ എം.പി ഡോ.എ.സമ്പത്തിന്റെ വാഹനമാണിതെന്നാണ് വ്യക്തമാകുന്നത്. എന്നാൽ ചിത്രത്തിന്റെ ആധികാരികത വ്യക്തമായിട്ടില്ല.ചിത്രം പ്രചരിച്ചതോടെ വി.ടി ബലറാം, ഷാഫി പറമ്പിൽ പോലുള്ള പ്രതിപക്ഷ എം.എൽ.എമാർ ഇത് ഏറ്റെടുത്തിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഒന്നും മനസ്സിൽ ആകുന്നില്ല...
എന്താ ഈ ലോകം ഇങ്ങനെ...
കഴിഞ്ഞ മൂന്ന് ദിവസമായി സഖാവിന്റെ ഇന്നോവ കാറിൽ ഞാനാണ് വളയം പിടിച്ചിരുന്നത്.
ഞങ്ങൾ പലയിടങ്ങളിലും പോയി, സംഘടനാ കാര്യങ്ങൾക്ക്, ഡി വൈ എഫ് ഐ പഠനോത്സവത്തിന്, അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി എംപ്ലോയിസ് സമ്മേളനത്തിന്, കല്യാണങ്ങൾക്ക്, പോത്തൻകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും ആയ മണലകം ദിലീപ്കുമാറിന്റെ മരണത്തിൽ അനുശോചനം അർപ്പിക്കാൻ വീട്ടിൽ, ആറ്റിങ്ങൽ എം എൽ എ സഖാവ്. ബി. സത്യന്റെ പുലയനാർക്കോട്ടയിൽ ഉള്ള അനുജന്റെ വസതിയിൽ, സമ്പത്ത് സഖാവിന്റെ അഡ്വക്കേറ്റ് ആഫീസിലെ ക്ലർക്ക് വേണു അണ്ണന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ, പിന്നെ സഖാവിന്റെ സ്വകാര്യ സന്ദർശനങ്ങൾ. ഇവിടെ ഒന്നും ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോർഡ്.
കുത്തിതിരിപ്പിന്റെ രാഷ്ട്രീയം അത് ഇവിടെ വിലപ്പോവില്ല...
ഇത് തിരുവനന്തപുരത്തെ ജയന്റ് കില്ലർ എന്നു മാധ്യമങ്ങൾ വാഴ്ത്തിയ സഖാവ്. കെ. അനിരുദ്ധന്റെ മകൻ സഖാവ്. സമ്പത്താണ് എന്ന് ഓർക്കണം.
ഇന്ന് സഖാവ്. സമ്പത്തിന് കേരളത്തിൽ സഞ്ചരിക്കാൻ ഒരു ബോർഡിന്റെയും സഹായം ആവശ്യമില്ല. കാരണം അദ്ദേഹവും ഒരു സഖാവാണ്.