പാലക്കാട്: നടൻ മോഹൻലാലിന് ആർപ്പുവിളിച്ച ആരാധകരോട് കുപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് നെൻമാറയിലെ സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. മുഖ്യമന്ത്രിയായിരുന്നു ഉദ്‌ഘാടകൻ, മോഹൻലാൽ വിശിഷ്‌ടാതിഥിയും. മോഹൻലാൽ എത്തുന്നതറിഞ്ഞ് വൻ ജനാവലി തന്നെ ചടങ്ങിന് എത്തിയിരുന്നു. തുടർന്ന് സൂപ്പർതാരം എത്തിയതോടുകൂടി ആരാധകരുടെ ആവേശം അണപൊട്ടുകയായിരുന്നു. അവർ കൈയടിച്ചും ആർപ്പുവിളിച്ചും സന്തോഷം പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റിട്ടും മോഹൻലാലിന് വേണ്ടിയുള്ള ആർപ്പുവിളി അവസാനിപ്പിക്കാൻ ആരാധകർ തയ്യാറായില്ല. തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശം. ഒച്ചയുണ്ടാക്കുന്നവർക്ക് അത് മാത്രമെ അറിയു, മറ്റുള്ളതിനെ കുറിച്ചൊന്നും അവർബോധവാൻമാരല്ല എന്നായിരുന്നു മോഹൻലാലിനെ കൂടി വേദിയിലിരുത്തി പിണറായിയുടെ പ്രതികരണം. മോഹൻലാലിന് ജയ് വിളിക്കുന്നത് പ്രായത്തിന്റെ പ്രശ്‌നമാണെന്നും പറഞ്ഞ മുഖ്യമന്ത്രി, ഇത് എന്നും ഉണ്ടാകുമെന്നും കൂട്ടിചേർത്തു.
ഇതോടുകൂടി സദസ് നിശബ്‌ദമായി. ഉദ്ഘാടന പ്രസംഗം അധികം നീട്ടാതെ മുഖ്യമന്ത്രിവേദി വിട്ടു. തുടർന്ന് സംസാരിച്ച മോഹൻലാലാകട്ടെ സംഭവം പരാമർശിച്ചതേ ഇല്ല.
സ്പീക്കർ ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.കെ ശൈലജ, കെ.കൃഷ്ണൻകുട്ടി ,വി എസ് സുനിൽകുമാർ, ഒ.രാജഗോപാൽ എം എൽ എ, വ്യവസായി ബി.ആർ ഷെട്ടി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.