മാഞ്ചെസ്റ്റർ: ലോകകപ്പിൽ ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം മഴമൂലം തടസപ്പെട്ടുവെങ്കിലും പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശർമയുടെ (140) തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തു.
80 പന്തിൽ സെഞ്ച്വറി നേടിയ ഓപ്പണർ രോഹിത് ശർമയുടെ കരുത്തിലാണ് ഇന്ത്യ മുന്നേറിയത്. രോഹിത് 113 പന്തിൽ നിന്ന് മൂന്നു സിക്‌സും 14 ബൗണ്ടറികളുമടക്കമാണ് 140 കൂട്ടിച്ചേർത്തത്. 78 പന്തിൽ 57 റൺസെടുത്ത കെ.എൽ.രാഹുലും 19 പന്തിൽ നിന്ന് 26 റൺസെടുത്ത് ഹാർദിക് പാണ്ഡ്യയും ഇന്ത്യയുടെ സ്കോർ ഉയർത്തി. ക്യാപ്റ്റന്‍ വിരാട് കോലി (77) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ ധോണി ഒരു റണ്ണിന് പുറത്തായി.