h

കടയ്ക്കൽ: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ യുവാവ് തലയ്ക്കടിയേറ്റു മരിച്ചു. കടയ്ക്കൽ മുക്കട, തേക്കിൽ പണയിൽ വീട്ടിൽ രവീന്ദ്രന്റെയും സാവിത്രിയുടെയും മകൻ ശ്രീകുമാർ (അപ്പു- 24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്രീകുമാറിന്റെ സുഹൃത്തായ തേക്കിൽ പാറവിള വീട്ടിൽ ഗോപകുമാർ പൊലീസിൽ കീഴടങ്ങി. ശനിയാഴ്ച രാത്രി 8ന് ഗോപകുമാറിന്റെ ബന്ധുവിന്റെ വീട്ടിലായിരുന്നു സംഭവം.

ഈ വീട്ടിലുള്ളവർ മിക്കദിവസങ്ങളിലും മറ്റൊരു ബന്ധുവീട്ടിൽ പോകാറുണ്ട്. ഈ സമയങ്ങളിൽ ഗോപകുമാർ ഇവിടെയാണ് അന്തിയുറങ്ങുന്നത്. സംഭവദിവസം ഉച്ചയ്ക്ക് 2ന് വീട്ടുകാർ പോയതിന് ശേഷം ഗോപകുമാറും അതിന് പിന്നാലെ ഒപ്പം ജോലിചെയ്യുന്ന സുഹൃത്ത് ശ്രീകുമാറും ഈ വീട്ടിലെത്തി. ഇവർ ഇവിടെ ഒത്തുചേർന്ന് മദ്യപിക്കുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. അതുകൊണ്ടുതന്നെ സംഭവദിവസമുണ്ടായ ബഹളം പരിസരവാസികൾ കാര്യമാക്കിയിരുന്നില്ല.

ഇന്നലെ രാവിലെ 6മണിയോടെ ജംഗ്ഷനിലെത്തിയ ഗോപകുമാർ താൻ ശ്രീകുമാറിനെ കൊന്നതായി നാട്ടുകാരോട് പറഞ്ഞ ശേഷം കടയ്ക്കൽ പൊലീസിന് കീഴടങ്ങുകയായിരുന്നു. തടിക്കഷണം ഉപയോഗിച്ചാണ് ശ്രീകുമാറിനെ ആക്രമിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോയി. ശ്രീകുമാറിന്റെ മുഖത്തും തലയിലുമാണ് അടിയേറ്റിരിക്കുന്നത്. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. ഗോപകുമാറിനെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. രതീഷാണ് ശ്രീകുമാറിന്റെ സഹോദരൻ. കൊല്ലം റൂറൽ എസ്.പി കെ.ജി. സൈമൺ ഡിവൈ.എസ്.പി സതീഷ്‌കുമാർ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തിയിരുന്നു.