ഇന്ത്യൻ വാഹന ഉപഭോക്താക്കൾക്കിടയിൽ വിശ്വാസ്യതയുടെ പര്യായമാണ് മാരുതി സുസുക്കി. സ്വദേശികളും വിദേശികളുമായ ഒട്ടേറെ എതിരാളികൾ നിരത്തിലെത്തിയെങ്കിലും മാരുതിയുടെ അപ്രമാദിത്തം മങ്ങിയിട്ടില്ല. സാന്നിദ്ധ്യമറിയിച്ച എല്ലാ വാഹന ശ്രേണികളിലും മാരുതിയുടെ മുന്നേറ്റം കാണാം. ഇത്തരത്തിൽ, സെഡാൻ ശ്രേണിയിൽ വിജയക്കൊയ്‌ത്ത് നടത്തുന്ന മാരുതിയുടെ താരമാണ് സിയസ്.
പ്രൊഫഷണലിസവും ക്ളാസിക്ക് ടച്ചും നിറഞ്ഞ രൂപകല്‌പനയും മികച്ച പെർഫോമൻസും മികവുറ്റ സൗകര്യങ്ങളുമാണ് സിയസിനെ ഏവർക്കും പ്രിയങ്കരമാക്കുന്നത്. ഫിയറ്റിൽ നിന്ന് കടംകൊണ്ട 1.3 ലിറ്റർ, മൾട്ടിജെറ്റ്, ഡി.ഡി.ഐ.എസ് 200 എൻജിനാണ് ഡീസൽ വേരിയന്റിൽ സിയസിന് ഉണ്ടായിരുന്നത്. ഡീസൽ എൻജിനുവേണ്ടി ഫിയറ്റിനെ ആശ്രയിക്കുന്നത് കുറയ്‌ക്കാൻ മാരുതി ഒരുക്കിയ, പുതിയ ഡി.ഡി.ഐ.എസ് 225, 1.5 ലിറ്റർ ഡീസൽ എൻജിന്റെ കരുത്തുമായി സിയസ് വിപണിയിലേക്ക് ഇറങ്ങിക്കഴിഞ്ഞു. സിയസിന്റെ ബേസ് വേരിയന്റിൽ (സിഗ്‌മ) മാത്രം ഫിയറ്റ് എൻജിൻ തുടരും. ഡെൽറ്റ, സീറ്റ, ആൽഫ വേരിയന്റുകൾക്ക് ഇനി പുതിയ എൻജിൻ കരുത്തേകും.
ബി.എസ്-4 ശ്രേണിയിലാണ് പുറത്തിറക്കുന്നതെങ്കിലും 'ബി.എസ്-6 റെഡി" എൻജിനാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത് എന്നതും മാരുതിക്ക് നേട്ടമാണ്. ചെറിയ മാറ്റങ്ങളോടെ ഈ എൻജിനും വൈകാതെ ബി.എസ്-6ലേക്ക് മാറും. അപ്പോഴേക്കും നിലവിലെ ഡി.ഡി.ഐ.എസ് 200 ഡീസൽ എൻജിൻ വിപണിയോട് വിട ചൊല്ലും. പുതിയ 4-സിലിണ്ടർ, ഡി.ഡി.ഐ.എസ് 225 എൻജിൻ 1,500-2,500 ആർ.പി.എമ്മിൽ 225 ന്യൂട്ടൺ മീറ്റർ (എൻ.എം) ടോർക്ക് ഉത്‌പാദിപ്പിക്കും. 4,000 ആർ.പി.എമ്മിൽ 94 ബി.എച്ച്.പിയാണ് എൻജിൻ കരുത്ത്.
എന്തുകൊണ്ടാണ് മാരുതിയുടെ സിയസും വിപണിയിൽ വൻ വിജയമായത്? തീർച്ചയായും മികച്ച മൈലേജും അതിനൊരു പ്രധാന കാരണമാണ്. 1.3 ലിറ്റർ ഡി.ഡി.ഐ.എസ് 200 എൻജിൻ നൽകുന്ന മൈലേജ് ലിറ്ററിന് 28.09 കിലോമീറ്ററാണ്. പുതിയ എൻജിൻ ലിറ്ററിന് 26.8 കിലോമീറ്റർ മൈലേജും നൽകും. 'സ്‌മൂത്തി" ആണ് പുതിയ എൻജിൻ എന്നത് ഡ്രൈവർക്കും യാത്രികർക്കും സുഖയാത്ര നൽകും. സിറ്റി നിരത്തുകളിൽപ്പോലും ഏറെ ആശ്വാസമേകുന്നവിധം ലളിതമാണ് ഗിയർ സംവിധാനം. തുടക്കക്കാർക്ക് പോലും അനായാസം റൈഡ് ചെയ്യാവുന്ന കാറെന്നും ഇതുമൂലം സിയസിനെ വിശേഷിപ്പിക്കാം. 6-സ്‌പീഡ് മാനുവൽ ഗിയർ ബോക്‌സാണ് പുതിയ എൻജിനൊപ്പമുള്ളത്.
എൻജിനിൽ പുതുമ നേടിയെങ്കിലും രൂപകല്‌പനയിലോ ഫീച്ചറുകളിലോ സിയസിൽ കാര്യമായ മാറ്റം കാണാനില്ല. കഴിഞ്ഞമാസം സി സെഗ്‌മെന്റ് സെഡാൻ ശ്രേണിയിൽ ഹ്യുണ്ടായ് വെർണ, ഹോണ്ട സിറ്റി എന്നിവയെ പിന്നിലാക്കി വില്‌പനയിൽ ഒന്നാംസ്ഥാനം സിയസ് നേടിയിരുന്നു. 9.97 ലക്ഷം രൂപ മുതലാണ് പുതിയ 1.5 ഡീസൽ എൻജിൻ വിഭാഗത്തിൽ സിയസിന് കൊച്ചി എക്‌സ്‌ഷോറൂം വില തുടങ്ങുന്നത്.