കൊച്ചി: ഇന്ത്യയിലെ 'ഫാമിലി ബിസിനസ്" സംരംഭങ്ങളെ കാത്തിരിക്കുന്നത് വളർച്ചയുടെ സുന്ദരകാലം. രാജ്യാന്തര പ്രൊഫഷണൽ സർവീസ് നെറ്റ്ർവർക്കിംഗ് സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് (പി.ഡബ്ള്യു.സി) പുറത്തുവിട്ട സർവേ റിപ്പോർട്ടുപ്രകാരം രാജ്യത്തെ 89 ശതമാനം കുടുംബ ബിസിനസുകളും അടുത്ത രണ്ടുവർഷക്കാലയളവിൽ വൻ വളർച്ച കൈവരിക്കും. ഇതിലെ, 44 ശതമാനം കമ്പനികളുടെ വളർച്ച പ്രതീക്ഷകളെ കവച്ചുവയ്ക്കുമെന്നും റിപ്പോർട്ടിലുണ്ട്. 45 ശതമാനം കമ്പനികൾ വളർച്ചാസ്ഥിരത നിലനിറുത്തും.
കേന്ദ്രസർക്കാർ നടപ്പാക്കുന്ന നിയമ പരിഷ്‌കാരങ്ങൾ കുടുംബ ബിസിനസുകൾക്ക് അനുകൂലമായി മാറുകയാണ്. സാങ്കേതികവിദ്യകളുടെ മുന്നേറ്റവും കരുത്താകുന്നു. പകുതിയോളം കുടുംബ സംരംഭങ്ങൾ രാജ്യാന്തര തലത്തിൽ സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു. 40 ശതമാനം കമ്പനികൾ വൈവിദ്ധ്യവത്‌കരണത്തിന്റെ പാതയിലുമാണ്. പുതിയ വിപണികളും വരുമാനക്കുതിപ്പും ലക്ഷ്യമിട്ട് പകുതിയോളം കുടുംബ ബിസിനസുകൾ ആഭ്യന്തര-രാജ്യാന്തര തലങ്ങളിലായി ലയനത്തിനും ഏറ്റെടുക്കലുകൾക്കും മുൻഗണന നൽകുന്നുമുണ്ട്. നിരവധി കമ്പനികൾ പൊതുഫണ്ട് സമാഹരിക്കാനുള്ള ശ്രമത്തിലുമാണ്.
സ്വകാര്യ ഇക്വിറ്റി നിക്ഷേപം, വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിംഗ്, പ്രാരംഭ ഓഹരി വില്‌പന (ഐ.പി.ഒ) എന്നീ മാർഗങ്ങളിലൂടെയായിരിക്കും ധന സമാഹരണം. രാജ്യത്തെ 73 ശതമാനം കുടുംബ ബിസിനസ് സംരംഭങ്ങളുടെയും നിയന്ത്രണം ഇപ്പോൾ പുതുതലമുറയ്‌ക്കാണ്. ബാക്കിയുള്ള കമ്പനികൾ പുതുതലമുറയിലേക്ക് ഭരണം കൈമാറാനുള്ള നീക്കത്തിലുമാണ്. 92 ശതമാനം കുടുംബ സംരംഭങ്ങളും കുടുംബത്തിലെ എല്ലാവരെയും ഓഹരിയുടമകളാക്കി മാറ്റാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ കമ്പനികളിലെ ഡയറക്‌ടർ ബോർഡിൽ വനിതകളുടെ പങ്കാളിത്തം ശരാശരി 15 ശതമാനമാണ്. വിദേശത്ത്, ഇതു ശരാശരി 21 ശതമാനമാണ്. 89 ശതമാനം ഇന്ത്യൻ കുടുംബ സംരംഭങ്ങൾ സാമൂഹികക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. ആഗോള കമ്പനികൾക്കിടയിൽ ഇതു ശരാശരി 68 ശതമാനമാണെന്നും റിപ്പോർട്ടിലുണ്ട്.