army

ന്യൂഡൽഹി: അതിർത്തി സംസ്ഥാനങ്ങളിലെ ഭീകരക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ-മ്യാൻമർ സൈന്യം സംയുക്തമായി സൈനികനീക്കം നടത്തിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇന്തോ - മ്യാൻമർ അതിർത്തിയിലുള്ള മണിപ്പൂർ, നാഗാലാൻഡ്, അസാം എന്നീ സംസ്ഥാനങ്ങളിൽ മൂന്നാഴ്ചനീണ്ടുനിന്ന ''ഓപ്പറേഷൻ സൺറൈസസ് " എന്ന് പേരിട്ട സൈനികനീക്കത്തിന്റെ രണ്ടാംഘട്ടം ഇക്കഴിഞ്ഞ മേയ് 16നാണ് തുടങ്ങിയത്. 70ഓളം ഭീകരരെ അറസ്റ്റ് ചെയ്തു. മൂന്നുമാസം മുമ്പായിരുന്നു ഒന്നാംഘട്ടം. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മൂന്നാം ഘട്ടം ആരംഭിക്കുമെന്നും സൈന്യം അറിയിച്ചു.

ഭീകര സംഘടനകളായ കംതപുർ ലിബറേഷൻ ഓർഗനൈസേഷൻ(കെ.എൽ.ഒ), എൻ.എസ്‌.സി.എൻ, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഐ), നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഒഫ് ബോഡോലാൻഡ്(എൻ.ഡി.എഫ്.ബി) എന്നിവരുടെ ക്യാമ്പുകളും കേന്ദ്രങ്ങളുമാണു തകർത്തത്. അസം റൈഫിൾസും സൈനിക നടപടിയിൽ പങ്കെടുത്തു. 50ഓളം ഭീകര ക്യാംപുകൾ ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലൂടെ 1640 കി.മികളോളം അതിർത്തിപ്രദേശമാണ് ഇന്ത്യയും നയതന്ത്ര അയൽക്കാരായ മ്യാൻമറും പങ്കിടുന്നത്. അതിർത്തിസുരക്ഷയിൽ ഇരുരാജ്യത്തിന്റെ സൈനികരും പലപ്പോഴും ഒന്നിച്ചുപ്രവർത്തിക്കാറുണ്ട്. ഓപ്പറേഷൻ സൺറൈസസിന്റെ ഒന്നാംഘട്ടത്തിൽ അറാക്കൻ ആർമി പ്രക്ഷോഭകാരികളെയായിരുന്നു സൈന്യം തുരത്തിയത്.