ശ്രീനഗർ: ജമ്മു കാശ്മീരിലെ വിഘടനവാദി നേതാക്കൾ വിദേശ ഫണ്ടുകൾ കൈപ്പറ്റി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). ഹറിയത് കോൺഫറസിലെ പല പ്രമുഖ നേതാക്കളേയും എൻ.ഐ.എ ചോദ്യം ചെയ്തു. കാശ്മീർ ജനതയുടെ ഉള്ളിൽ വിഘടനവാദം ആളിക്കത്തിക്കാനായി പാകിസ്ഥാനിൽ നിന്ന് ധനസഹായം സ്വീകരിച്ചതായി ഇവർ സമ്മതിച്ചിട്ടുണ്ട്. കാശ്മീർ വിഘടനവാദി നേതാക്കളായ മാസാരത്ത് അലാം ഭട്ട്, ഷബീർ ഷാ, ആസിയ അന്ദ്രാബി, യാസിൻ മാലിക് എന്നിവരെ എൻ.ഐ.എ തീവ്രവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം അറസ്റ്റ് ചെയ്തിരുന്നു.ചോദ്യം ചെയ്യലിൽ പാകിസ്ഥാനിൽ നിന്ന് ഫണ്ട് സ്വീകരിച്ചെന്നും അത് സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നും ഇവർ സമ്മതിച്ചതായി എൻ.ഐ.എ അറിയിച്ചു. നേരത്തെ കല്ലേറ് നടന്ന സംഭവത്തിൽ ജമാഅത്ത് ഉദ്വ നേതാവ് ഹാഫിസ് മുഹമ്മദ് സയീദ്, ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് സയ്യിദ് സലാഹുദ്ദീൻ, ഏഴ് വിഘടനവാദി നേതാക്കൾ, രണ്ട് ഹവാല ഓപ്പറേറ്റർമാർ, തുടങ്ങി 13 പേർക്കെതിരെ ഏജൻസി കുറ്റപത്രം തയ്യാറാക്കിയിരുന്നു.