pk-firos

തിരുവനന്തപുരം: മുൻ ആറ്റിങ്ങൽ എം.പി എ സമ്പത്തിന്റെ കാറിൽ എക്‌സ് എം.പി എന്നെഴുതിയ ബോർഡുമായി ബന്ധപ്പെട്ട വിവാദത്തിൽ വെല്ലുവിളിയുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. കോൺഗ്രസ് നേതാക്കളും ലീഗ് പ്രവർത്തകരും ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. തുടർന്ന് സമ്പത്തിനെതിരെ നിരവധി ട്രോളുകളും വന്നിരുന്നു. എന്നാൽ ചിത്രം വ്യാജമാണെന്ന് അറിഞ്ഞതോടെ കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം പോസ്റ്റ് മുക്കുകയും,​ ഷാഫി പറമ്പിൽ ഖേദപ്രകടനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ഉയർത്തിയാണ് ഫിറോസ് രംഗത്തെത്തിയത്. ചിത്രം ഫോട്ടോഷോപ്പാണെങ്കിൽ എന്തുകൊണ്ടാണ് സമ്പത്ത് പരസ്യമായി നിഷേധിക്കാത്തതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. മാദ്ധ്യമങ്ങളോട് അദ്ദേഹം നേരിട്ട് സംസാരിക്കാൻ ഇതുവരെ തയാറായിട്ടില്ലെന്നും ഫിറോസ് പറയുന്നു. ചിത്രം വ്യാജമാണെന്ന് തെളിയിച്ചാൽ പോസ്റ്റ് പിൻവലിച്ച് നിരുപാധികം മാപ്പു പറയാൻ തയ്യാറാണെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

Ex MP' എന്ന ബോർഡ് വെച്ചൊരു കാറിന്റെ ചിത്രമാണ് ഇന്ന് സോഷ്യൽമീഡിയ ഏറ്റവുമധികം ചർച്ച ചെയ്തത്. അന്വേഷണത്തിനൊടുവിൽ എ. സമ്പത്തിന്റേതാണ് കാറെന്നും കണ്ടു പിടിക്കുകയുണ്ടായി. എന്നാൽ ചിത്രം വ്യാജമാണെന്നാണ് സൈബർ സഖാക്കൾ വാദിക്കുന്നത്. സമ്പത്തിന്റെ ഡ്രൈവർ ഫെയിസ് ബുക്ക് പോസ്റ്റിലൂടെ പറയുന്നത് കഴിഞ്ഞ മൂന്നു ദിവസമായി വളയം പിടിച്ചപ്പോൾ ഇങ്ങിനെ ഒരു ബോർഡ് കണ്ടിട്ടില്ലെന്നാണ്. മൂന്ന് ദിവസമായി യാത്ര ചെയ്ത സ്ഥലങ്ങളുടെ പേരും അദ്ദേഹം പറയുന്നുണ്ട്. അതേ സമയം സമ്പത്തിന്റെ വീട്ടിലെത്തിയ ചാനലുകളിലെ റിപ്പോർട്ടർമാരോട് അദ്ദേഹം സംസാരിക്കാൻ തയ്യാറായതുമില്ല. ആകെ സംസാരിച്ചത് ഏഷ്യാനെറ്റ് ഓൺലൈൻ ന്യൂസിനോട് ഫോണിലും!!

ഇനി കാര്യത്തിലേക്ക് കടക്കാം. ഈ കാർ നിർത്തിയിട്ടിരിക്കുന്നത് തിരുവനന്തപുരം എയർപോർട്ടിന്റെ മുമ്പിലാണ്. ഡ്രൈവർ ഫെയിസ്ബുക്ക് പോസ്റ്റിൽ ഇങ്ങിനെ ഒരു എയർപോർട്ടിന്റെ കാര്യം പറയുന്നേ ഇല്ല. ഇനി സമ്പത്ത് പറയുന്നത് നോക്കൂ. ഞാൻ ഇങ്ങിനെ ഒരു കാറിൽ യാത്ര ചെയ്തിട്ടില്ല. ചിത്രം ചിലപ്പോൾ വ്യാജമായിരിക്കാം. നോട്ട് ദ പോയന്റ് 'ചിലപ്പോൾ''. അങ്ങേർക്ക് പോലും ഇത് വ്യാജമാണോ എന്നുറപ്പില്ല.

ഇത്രയും ചർച്ചയായ സ്ഥിതിക്ക് ശ്രീ.സമ്പത്ത് ചില ചോദ്യങ്ങൾക്ക് വിശദീകരണം നൽകേണ്ടതുണ്ട്.

1) ചിത്രത്തിൽ കാണുന്ന കാർ അദ്ദേഹത്തിന്റേതാണോ?
2) ഈ ചിത്രത്തിൽ കാണുന്ന എയർപോർട്ടിന്റെ മുമ്പിൽ അദ്ദേഹത്തിന്റെ കാർ നിർത്തിയ സമയത്ത് Ex MP എന്ന ബോർഡ് ഘടിപ്പിച്ചില്ല എന്ന് ഉറപ്പിച്ച് പറയാൻ പറ്റുമോ?
3) അങ്ങിനെയെങ്കിൽ എയർപോർട്ട് മാനേജറുമായി സംസാരിച്ച് CCTV ദൃശ്യം പുറത്ത് വിടാൻ അദ്ദേഹം ആവശ്യപ്പെടുമോ?

നേരത്തെ പോസ്റ്റിയ ചിത്രം വ്യാജമാണെന്ന് തെളിയിച്ചാൽ പോസ്റ്റ് പിൻവലിക്കാനും നിരുപാധികം മാപ്പു പറയാനും തയ്യാർ.